അഭിനവഭാരതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭരതമുനിയുടെ നാട്യശാസ്ത്രത്തിന് അഭിനവഗുപ്താചാര്യർ രചിച്ച വ്യാഖ്യാനമാണ് അഭിനവഭാരതി. ഇതിനു നാട്യവേദവിവൃതി എന്നും പേരുണ്ട്. ശാർങ്ഗദേവന്റെ സാഹിത്യരത്നാകരത്തിൽ

എന്നിങ്ങനെ അഞ്ചു പ്രസിദ്ധ നാട്യശാസ്ത്ര വ്യാഖ്യാതാക്കൻമാരിലൊളായി അഭിനവഗുപ്തനെ സ്മരിക്കുന്നത് ഈ വ്യാഖ്യാനത്തെ ആധാരമാക്കിയാണ്. അഭിജ്ഞാനശാകുന്തള വ്യാഖ്യാതാവായ രാഘവഭട്ടൻ, സൂത്രധാരോപഠേന്നാന്ദീം.... എന്ന നാന്ദീനിർവചനപദ്യം ഉദ്ധരിച്ചിട്ട്, ഇദം പദ്യമഭിനവഗുപ്താചാര്യർ ഭരതടീകായാമഭിനവഭാരത്യാം വ്യാഖ്യാതം എന്ന് പ്രസ്തുത വ്യാഖ്യാനത്തെപ്പറ്റി പരാമർശിച്ചിരിക്കുന്നതും കാണാം. ഭാരതീയ നാട്യശാസ്ത്രത്തിന്റെ വിദഗ്ദ്ധവും പണ്ഡിതോചിതവുമായ വ്യാഖ്യാനമെന്ന നിലയിൽ സുപ്രസിദ്ധമാണ് ഈ കൃതി. സമ്പൂർണരൂപത്തിൽ ഈ വ്യാഖ്യാനം കിട്ടിയിട്ടില്ല. കിട്ടിയേടത്തോളം ഭാഗത്തിൽനിന്ന് മറ്റു വ്യാഖ്യാതാക്കന്മാരെയും ആചാര്യന്മാരെയും സംബന്ധിച്ച് അമൂല്യങ്ങളായ വിവരങ്ങൾ പലതും ഗ്രഹിക്കാൻ സാധിക്കും. ഉദ്ഭടൻ, ശകലീഗർഭൻ, ലോല്ലടൻ, ശങ്കുകൻ, ഭട്ടനായകൻ, ഭട്ടയന്ത്രൻ, രാഹുലൻ എന്നിവർ ഇതിൽ പരാമൃഷ്ടരായിട്ടുള്ള ചില ആചാര്യന്മാരും വ്യാഖ്യാതാക്കളുമാണ്. ഇവർ സ്വീകരിച്ചിട്ടുള്ള പാഠഭേദങ്ങളും ഇവരുടെ മതാന്തരങ്ങളും അഭിനവഭാരതീ കർത്താവിന്റെ സസൂക്ഷ്മമായ പരിശോധനയ്ക്കു വിഷയീഭവിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പാണ്ഡിത്യവും നിരൂപണബുദ്ധിയും യുക്ത്യാഗമാധിഷ്ഠിതമായ നിഗമനപ്രവണതയും ഇതിൽ ഉടനീളം തെളിഞ്ഞുകാണാം. ഉദാഹരണത്തിന്, ഉപദേശം, അതിദേശം തുടങ്ങിയ സംഭാഷണഭേദങ്ങളെപ്പറ്റി പറയുന്ന ഭാഗം വ്യാഖ്യാനിക്കുന്നേടത്തുനിന്ന് ഒരു വാക്യം ഉദ്ധരിക്കുന്നു: അത്രോപദേശാതിദേശയോരുപമാനസ്യച സാഹിത്യവിഷയേ വിശേഷപ്രതിപാദനം യത്ടീകാകാരൈഃ കൃതം തത്സുകുമാരമനോമോഹനം വൃഥാ ഭ്രമണികാമാത്രം പ്രകൃതാനുപയോഗാദി ഹോപേക്ഷ്യമേവ (ഇവിടെ ഉപദേശം, അതിദേശം എന്നിവയ്ക്കും ഉപമാനത്തിനും താർക്കികമീമാംസക വിഷയകമായ വിശേഷാർഥം സാഹിത്യവിഷയത്തിൽ ചില വ്യാഖ്യാതാക്കന്മാർ കല്പിച്ചിട്ടുള്ളത് അപക്വബുദ്ധികളെ മോഹിപ്പിക്കുവാനും മിഥ്യാഭ്രമം ഉളവാക്കുവാനും മാത്രം കൊള്ളാം. പ്രകൃതത്തിൽ അതു നിഷ്പ്രയോജനമാകയാൽ ഇവിടെ ഉപേക്ഷിക്കപ്പെടേണ്ടതു തന്നെ).

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിനവഭാരതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിനവഭാരതി&oldid=2280253" എന്ന താളിൽനിന്ന് ശേഖരിച്ചത്