അഭിധ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അലങ്കാരശാസ്ത്രത്തിൽ വാക്കിന്റെ സങ്കേതരൂപമായ അർഥത്തെ പ്രകാശിപ്പിക്കുന്ന മൂന്ന് ശബ്ദവൃത്തികളിൽ ഒന്നാണ് അഭിധ. ലക്ഷണയും വ്യഞ്ജനയുമാണ് മറ്റ് രണ്ടെണ്ണം അഭിധ എന്ന ശബ്ദത്തിന് നാമം, വാച്യാർഥം എന്നീ പൊരുളുകളുമുണ്ട്.

ഏതു ശബ്ദത്തിനും അർഥമുണ്ടായിരിക്കും. അർഥയുക്താക്ഷരം ശബ്ദം, അതേ പ്രകൃതിയെന്നതും, പദമെന്നാൽ പ്രയോഗിപ്പാൻ സജ്ജമായുള്ള ശബ്ദമാം എന്നാണ് വ്യാകരണവിധി.

ശബ്ദങ്ങൾ അർഥത്തോടുള്ള ബന്ധത്തിന്-അർഥം ജനിപ്പിക്കുന്നതിനുള്ള ശക്തിക്ക്-ശബ്ദവ്യാപാരം എന്നാണ് സാഹിത്യശാസ്ത്ര സംജ്ഞ. ശബ്ദങ്ങൾക്ക് മൂന്നുമാതിരി അർഥം വരാം. അവയിൽ പ്രാഥമികവും നിയതവുമായ അർഥത്തിന് വാച്യാർഥം എന്നു പറയുന്നു. ഇന്ന ശബ്ദത്തിന് ഇന്ന അർഥം എന്ന് പൊതുജനസമ്മതം കിട്ടിയ സാങ്കേതികാർഥമാണിത്. ഉദാഹരണം ആന, കലം, കുതി(ക്കുക). ഇന്നമാതിരിയുള്ള മൃഗം, പാത്രം, പ്രവൃത്തി എന്നിവ യഥാക്രമം അവയുടെ വാച്യാർഥമാകുന്നു; ആ ശബ്ദത്തിൽ വാചകങ്ങൾ; ആ അർഥങ്ങളെ പ്രതിപാദിക്കുന്ന ശബ്ദവ്യാപാരം അഭിധ.

അഭിധ മൂന്നു വിധം[തിരുത്തുക]

അഭിധ മൂന്നു പ്രകാരമാണ്: രൂഢി, യോഗം, യോഗരൂഢി എന്നിങ്ങനെ (ഭാഷാഭൂഷണം).

രൂഢി[തിരുത്തുക]

അവയവ വിഭാഗം കൂടാതെ, ഇന്ന അക്ഷരത്തിന് അഥവാ അക്ഷരക്കൂട്ടത്തിന് ഇന്ന അർഥം എന്നു സങ്കല്പിക്കുകയാണ് രൂഢി. ഉദാഹരണം ആന മുതലായി മേല്ക്കുറിച്ചവതന്നെ.

യോഗം[തിരുത്തുക]

ശബ്ദത്തിൽ അവയവം കല്പിച്ച് അവയുടെ യോഗത്താൽ അർഥം പ്രതിപാദിക്കുക. ഉദാഹരണം ആനക്കാരൻ‍, കലവറ.

യോഗരൂഢി[തിരുത്തുക]

അവയവശക്തിയും (യോഗം) അഖണ്ഡശക്തിയും (രൂഢി) കൂടി ആവശ്യമാകുന്നത് യോഗരൂഢി. ഉദാഹരണം കുതിര; കുതിക്കുന്നത് എന്നു യോഗാർഥം. ഈ യോഗാർഥത്താൽ കുതിക്കുന്ന ഏതൊന്നിനേയും ആ ശബ്ദം കുറിക്കാമെന്നിരിക്കെ അതിൽ ഒന്നിൽമാത്രം അർഥത്തെ നിയമിച്ചു നിർത്തുന്നത് രൂഢി. ഇങ്ങനെ യോഗരൂഢിയാൽ, ഇന്നമാതിരിയുള്ള മൃഗം എന്ന് അർഥസിദ്ധി.

അഭിധാനിയാമകങ്ങൾ[തിരുത്തുക]

ഒരു ശബ്ദത്തിന് ഒന്നിലേറെ വാച്യാർഥം വരാം. ഉദാഹരണം മലർ (പൂവ് എന്നും നെല്പൊരി എന്നും രണ്ടർഥം). ഇതിൽ ഏതർഥമാണ് വിവക്ഷിതം എന്നു നിർണിയിക്കുന്നതിന് അഭിധാനിയാമകങ്ങളായ പല ഘട്ടങ്ങളുണ്ട്; അവ പതിമൂന്നെണ്ണമെന്ന് ഭാഷാഭൂഷണത്തിൽ കാണാം. അന്യോന്യമുള്ള അത്യല്പമാത്രമായ ഭേദങ്ങളെ വിട്ടു പരിഗണിച്ചാൽ അഭിധാനിയാമകങ്ങളെ നാലായി ചുരുക്കാൻ കഴിയും.

വിശേഷണ ശബ്ദങ്ങളുടെ യോഗം[തിരുത്തുക]

ഉദാഹരണം മന്ത്രപൂർണമായ മറ (മറ = വേദം); ഉയരമില്ലാത്ത മറ (മറ = വേലി, യവനിക).

സാഹചര്യം[തിരുത്തുക]

മുൻപിൻ പദങ്ങളുടെ കൂട്ട്. ഉദാഹരണം അവൽ-മലർ‍-ശർക്കര-പഴം (ഇവിടെ മലരിന് നെല്പൊരി എന്നർഥം). രാമരാവണൻമാർ (ഇവിടെ രാമൻ എന്നതിന് ദശരഥപുത്രനായ രാമൻ എന്ന് അർഥം).

പ്രകരണം (സന്ദർഭം)[തിരുത്തുക]

ദേശം, കാലം, വക്താവ്, ശ്രോതാവ് ഇത്യാദി കാര്യങ്ങളുടെ ജ്ഞാനം. ഉദാഹരണം ദേവൻ തന്നെ പ്രമാണം. രാജസേവകൻ രാജസന്നിധിയിൽ ഉണർത്തിക്കുന്നത് എന്ന പ്രകരണവിശേഷത്താൽ ദേവശബ്ദത്തിന് രാജാവ് എന്ന് അർഥം ഗ്രഹിക്കുന്നു.

ആംഗികം[തിരുത്തുക]

കൈക്രിയ മുതലായ അംഗചേഷ്ടകൾ. ഉദാഹരണം ഇത്ര പൊക്കമുള്ള പശു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിധ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിധ&oldid=2758251" എന്ന താളിൽനിന്ന് ശേഖരിച്ചത്