അഭിഗതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധനാത്മക ഗുരുത്വാനുവർത്തനം (positive geotropism)

പ്രേരകശക്തി(stimulus)കൾക്ക്[1] അനുസരണമായുള്ള സസ്യാഗ്രങ്ങളുടെ വളർച്ചയെ അഭിഗതി(tropism) എന്നു വിളിക്കുന്നു. അഭിഗതിക്ക് ആസ്പദമായ പ്രേരകശക്തി ഏതെങ്കിലും ഒരു പ്രത്യേക വശത്തുനിന്നുമായിരിക്കും പ്രവർത്തിക്കുന്നത്. സാധാരണയായി പ്രകാശം, ഊഷ്മാവ്, ജലാംശം, രാസവസ്തു|രാസവസ്തുക്കൾ]] എന്നിവയായിരിക്കും പ്രേരകശക്തികളായി വർത്തിക്കുന്നത്. കാണ്ഡങ്ങളിലോ വേരുകളിലോ വളർന്നുകൊണ്ടിരിക്കുന്ന മുകുളങ്ങളിലോ അഭിഗതി ദൃശ്യമാകുന്നു.

പ്രേരകങ്ങൾക്കനുസർച്ച് അഭിഗതികൾ[തിരുത്തുക]

പ്രേരകങ്ങളുടെ പ്രത്യേകതയനുസരിച്ച് പ്രകാശാഭിഗതി, ഊഷ്മാഭിഗതി, രാസാഭിഗതി, ആകർഷണാഭിഗതി എന്നിങ്ങനെ പലതരം അഭിഗതികൾ ഉണ്ട്. പ്രകാശത്തെ ആസ്പദമാക്കി വളർന്നു നീങ്ങുകയാണെങ്കിൽ പ്രകാശാഭിഗതി എന്നാണ് സാധാരണ പറയാറുള്ളതെങ്കിലും സൂര്യപ്രകാശം മൂലമാണെങ്കിൽ സൂര്യപ്രകാശാഭിഗതി എന്ന് പ്രത്യേകം പറയാവുന്നതാണ്. വളർന്നുകൊണ്ടിരിക്കുന്ന കാണ്ഡാഗ്രങ്ങൾ വെളിച്ചം എത്തുന്ന ഭാഗങ്ങളിലേക്ക് തിരിഞ്ഞു വളരുന്നത് സാധാരണമാണ്. അവയെ വെളിച്ചം എത്തുന്ന ഭാഗത്തേക്കു തിരിച്ചുകൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് നീലനിറമുള്ള രശ്മികൾക്കുണ്ട്. മണ്ണിനടിയിലുള്ള കാണ്ഡങ്ങളും വേരുകളും പ്രകാശത്തിന്റെ ഇത്തരത്തിലുള്ള പ്രവർത്തനത്തോട് പ്രത്യേക പ്രതികരണങ്ങളൊന്നും കാണിക്കാറില്ല. എന്നാൽ കടുക് മുതലായ ചെടികളുടെ വേര് പ്രകാശത്തിനെതിരായി വളരുക സാധാരണമാണ്. ഇതിന് പ്രകാശാപ്രത്യഭിഗതി (negative phototropism)[2] എന്നു പറയാം. സസ്യങ്ങളുടെ ശാഖകളിൽ ഇലകൾ വിന്യസിച്ചിരിക്കുന്നത് ഒരില മറ്റൊന്നിന്റെ തണലിലാകാതെയാണ്. എല്ലാ ഇലകളിലും ഏറ്റവും കൂടുതൽ പ്രകാശം നേരെ വന്നുപതിക്കുന്നതിനനുയോജ്യമായ ഒരു ക്രമീകരണമാണിത്. പ്രകാശത്തിലേക്ക് കാണ്ഡാഗ്രങ്ങളും ഇലകളും തിരിഞ്ഞുവളരുന്നതുപോലെ ഭൂമിയുടെ ആകർഷണത്തിനെതിരായി കാണ്ഡാഗ്രങ്ങൾ വളരുന്നത് മറ്റൊരുതരം അഭിഗതിയാണ്. ഭൂമിയുടെ ആകർഷണത്തിന് അനുകൂലമായ വളർച്ചയ്ക്ക് ധനാത്മക ഗുരുത്വാനുവർത്തനം (positive geotropism)[3] എന്നു പറയുന്നു. ഒരു ചെടിയുടെ തായ്വേര് ഏതെങ്കിലും ഒരു വശത്തേക്ക് ചരിച്ചോ ഭൂനിരപ്പിനു സമാന്തരമായോ വച്ചാൽ അതു വളഞ്ഞ് നേരെ താഴോട്ട് വളരുന്നത് ധനാത്മക ഗുരുത്വാനുവർത്തനത്തിന് ഉദാഹരണമാണ്. കോശങ്ങൾ വർധിച്ചു വളർന്നുവരുന്ന ഭാഗം ഏറ്റവും കൂടുതൽ വേഗത്തിൽ വളഞ്ഞുവരുന്നത് കാണാൻ സാധിക്കും. വളർച്ച പൂർത്തിയായ ഭാഗം വളഞ്ഞുവരിക വളരെ ദുഷ്കരമാണ്. വേരു വളഞ്ഞ് നേരെ താഴോട്ടു വളരാൻ ശ്രമിക്കുന്നതുപോലെ കാണ്ഡഭാഗങ്ങൾ, മറ്റു വശങ്ങളിലേക്കു ചരിച്ചുവച്ചാൽ, ഭൂമിയുടെ ആകർഷണത്തിനെതിരായി നേരെ മേല്പോട്ട് വളർന്നുവരുന്നത് ഋണാത്മക ഗുരുത്വാനുവർത്തനമാണ്.

അഭിഗതിക്ക് മറ്റുപ്രേരകശക്തികൾ[തിരുത്തുക]

ഓക്സിൻ(Auxin)

പ്രകാശം, ഭൂമിയുടെ ആകർഷണം എന്നിവയ്ക്കു പുറമേ മറ്റു പല പ്രേരകശക്തികൾ മൂലവും അഭിഗതി ഉണ്ടാകാറുണ്ട്. കാണ്ഡത്തിന്റെയോ വേരിന്റെയോ ഏതെങ്കിലും ഒരു വശത്തുമാത്രം ഉണ്ടാകുന്ന വളർച്ചയുടെ ഏറ്റക്കുറച്ചിലിന്റെ അടിസ്ഥാനത്തിൽ ഓരോ ഭാഗവും വളയുന്നതായിട്ടാണ് അനുമാനിക്കപ്പെടുന്നത്. ഒരു ഭാഗത്ത് മറ്റൊരു ഭാഗത്തേക്കാൾ കൂടുതൽ വളർച്ചയുണ്ടാകുന്നത് വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഓക്സിനു(Auxin)കളുടെ[4] ഏറ്റക്കുറച്ചിൽ കൊണ്ടാണെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രകാശരശ്മികൾ പൊതുവേയും ഹ്രസ്വതരംഗരശ്മികൾ പ്രത്യേകിച്ചും ഓക്സിൻ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയോ നിർവീര്യപ്പെടുത്തുകയോ ചെയ്യാൻ പര്യാപ്തങ്ങളാണ്. വളർന്നുകൊണ്ടിരിക്കുന്ന കാണ്ഡത്തിന്റെ ഒരു വശത്തുമാത്രം തുടർച്ചയായി പ്രകാശമേറ്റിരുന്നാൽ ആ വശത്ത് ഓക്സിൻ പ്രവർത്തനം കുറഞ്ഞുപോവുകയും അതേസമയം പ്രകാശമേൽക്കാത്തതോ താരതമ്യേന കുറച്ചുമാത്രം പ്രകാശമേൽക്കുന്നതോ ആയ മറുവശത്ത് ഓക്സിൻ പ്രവർത്തനം വർധിച്ച് ആ ഭാഗത്തെ കോശങ്ങൾ കൂടുതൽ ശക്തിയാർജിച്ചു വളർന്നു വലുതാവുകയും ചെയ്യുന്നു. അതിനാൽ പ്രകാശം വരുന്ന ദിക്കിലേക്ക് കാണ്ഡം വളയുന്നു. അതുപോലെതന്നെ നേരെ മേല്പോട്ടും വളർന്നു കൊണ്ടിരിക്കുന്ന കാണ്ഡഭാഗം ഭൂനിരപ്പിനു സമാന്തരമായി നിർത്തിയാൽ ഓക്സിൻ കാണ്ഡത്തിന്റെ കീഴ്ഭാഗത്ത് അടിഞ്ഞുകൂടുകയും തന്നിമിത്തം ആ ഭാഗത്ത് കൂടുതൽ വളർച്ച സംഭവിക്കുന്നതിനാൽ കാണ്ഡാഗ്രം വളഞ്ഞ് മേല്പോട്ടു വളരുകയും ചെയ്യുന്നത് സാധാരണമാണ്. വേരിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന് കാണ്ഡവളർച്ചയ്ക്ക് ആവശ്യമായതിനേക്കാൾ ഓക്സിൻ കുറച്ചു മതിയാകും; അതായത് കൂടുതൽ ഓക്സിൻ വേരിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

ഇതുപോലെ ജലാംശം കൂടുതലുള്ള സ്ഥലങ്ങളിലേക്കും വേരുകൾ വളർന്നു ചലിക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. പ്രേരകശക്തി (stimulus)
  2. "പ്രകാശാപ്രത്യഭിഗതി (negative phototropism)". മൂലതാളിൽ നിന്നും 2010-12-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-21.
  3. "ധനാത്മക ഗുരുത്വാനുവർത്തനം (positive geotropism)". മൂലതാളിൽ നിന്നും 2021-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-21.
  4. "ഓക്സിൻ(Auxin)". മൂലതാളിൽ നിന്നും 2009-01-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-21.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിഗതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിഗതി&oldid=3772218" എന്ന താളിൽനിന്ന് ശേഖരിച്ചത്