അബ്ലൂട്ടോഫോബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളിക്കുന്നതിനോടുള്ള അകാരണഭയമാണ് അബ്ലൂട്ടോഫോബിയ.

കുളിക്കുന്നതിനോടോ ശരീരം വൃത്തിയാക്കുന്നതിനോടോ തോന്നുന്ന അകാരണമായ ഭയത്തെ അബ്ലൂട്ടോഫോബിയ (Ablutophobia) എന്നുപറയുന്നു. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പക്ഷേ കുട്ടികളിലുണ്ടാകുന്ന ഭയം അവർ വളർന്നുവരുന്നതോടെ ഇല്ലാതാകുന്നു.[1] യൂറോപ്യൻ രാജ്യങ്ങളിലും യൂറോപ്യൻ വംശജരുള്ള മറ്റു രാജ്യങ്ങളിലും അബ്ലുട്ടോഫോബിയ സർവസാധാരണമായി കണ്ടുവരുന്നു. ആധുനികകാലത്തിന്റെ ആരംഭം വരെ യൂറോപ്പിലെ മിക്ക പ്രദേശങ്ങളിലും വസിച്ചിരുന്ന ആളുകൾക്കു ദിവസവും കുളിക്കുന്ന ശീലമില്ലായിരുന്നു. ഇക്കാരണത്താലാകാം അവിടങ്ങളിൽ ഈ മാനസികവൈകല്യം സർവ്വസാധാരണമായിത്തീർന്നത്. പതിനാറാം നൂറ്റാണ്ടിൽ തന്നെ ഈ മാനസികാവസ്ഥയുടെ ലക്ഷണങ്ങൾ യൂറോപ്യന്മാർ പ്രദർശിപ്പിച്ചിരുന്നുവെന്ന് ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെടുന്നു. അക്കാലത്ത് ഇംഗ്ലണ്ടിലെ ഏറ്റവും വൃത്തിയുള്ള ആളായിരുന്ന എലിസബത്ത് രാജ്ഞി പോലും മാസത്തിൽ ഒരു തവണ മാത്രമാണ് കുളിച്ചിരുന്നത്. കൂടുതൽ തവണ കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പലരും വിശ്വസിച്ചിരുന്നു. അബ്ലൂട്ടോഫോബിയയുടെ ലക്ഷണങ്ങളിൽ നിന്നു രക്ഷനേടുന്നതിനായി പലരും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ സുഗന്ധദ്രവ്യ വ്യവസായം അഭിവൃദ്ധി നേടി.

ലക്ഷണങ്ങൾ[തിരുത്തുക]

അബ്ലൂട്ടോഫോബിയയ്ക്കു മറ്റു ഫോബിയകളുടെ അതേ ലക്ഷണങ്ങൾ തന്നെയാണുള്ളത്,

  • പെട്ടെന്നുണ്ടാകുന്ന അമിതഭീതി
  • ഭയം അതിന്റെ എല്ലാ സീമകളും ലംഘിക്കുന്നതായുള്ള തിരിച്ചറിവ്
  • ചിന്തകളെ മറികടന്നുകൊണ്ട് അനിയന്ത്രിതവും സ്വയംപ്രേരിതവുമായ പെരുമാറ്റം
  • അമിതമായ ഹൃദയമിടിപ്പ്, ശ്വാസതടസ്സം, ശരീരം വിറയ്ക്കൽ, ഭയത്തിനു കാരണമായ സാഹചര്യം മറികടക്കുവാനുള്ള അതിയായ ആഗ്രഹം എന്നിങ്ങനെ അകാരണഭീതിയുടെ എല്ലാ ലക്ഷണങ്ങളും
  • ഭയത്തിനു കാരണമായ വസ്തുക്കളോ സാഹചര്യമോ ഇല്ലാതാക്കുവാനായി അപകടമാർഗ്ഗങ്ങൾ പോലും സ്വീകരിക്കാവുന്ന മാനസികാവസ്ഥ[2] എന്നിവയാണ് ലക്ഷണങ്ങൾ.

അബ്ലൂട്ടോഫോബിയ ഉള്ളവർ കുളിക്കാതിരിക്കുമ്പോൾ അപമാനഭയം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വൃത്തിക്കു പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തിൽ നിന്ന് അപമാനമോ പരിഹാസമോ ഇക്കൂട്ടർക്കു നേരിടേണ്ടി വന്നേക്കാം. പലരും അപമാനഭീതി ഭയന്ന് ചികിത്സ തേടാതിരിക്കുന്നത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കും.[3][4]

ചികിത്സ[തിരുത്തുക]

മനഃശാസ്ത്രപരമായ ചികിത്സാരീതികളിലൂടെ ഈ മാനസികവൈകല്യം പരിഹരിക്കുവാൻ സാധിക്കും.[5][6]

മാധ്യമങ്ങളിൽ[തിരുത്തുക]

മിസ്റ്റേക്സ് മെയ്ഡ്ലൈൻ മെയ്ഡ് (2006) എന്ന ഹാസ്യനാടകത്തിലും[7] വാട്സ് ഈറ്റിംഗ് ഗിൽബർട്ട് ഗ്രേപ്പ് (1993), സൈക്കോ (1960) എന്നീ ഹോളിവുഡ് ചലച്ചിത്രങ്ങളിലും[8] അബ്ലൂട്ടോഫോബിയയെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "What is Ablutophobia?". WiseGeek. Retrieved 5 November 2014.
  2. "Phobias". American Psychiatric Association. Retrieved 5 November 2014.
  3. "What is Ablutophobia?". WiseGeek. Retrieved 5 November 2014.
  4. "Gabbard's Treatments of Psychiatric Disorders". Psychiatry Online. American Psychiatric Publishing. Retrieved 19 November 2014.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Phobias". American Psychiatric Association. Retrieved 5 November 2014.
  6. "Gabbard's Treatments of Psychiatric Disorders". Psychiatry Online. American Psychiatric Publishing. Retrieved 19 November 2014.[പ്രവർത്തിക്കാത്ത കണ്ണി]
  7. "Mistakes Madeline Made – Elizabeth Meriwether". That Unforgettable Line. Archived from the original on 2014-11-05. Retrieved 5 November 2014.
  8. Fritscher, Lisa. "Alfred Hitchcock's Psycho". About Health. Retrieved 19 November 2014.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അബ്ലൂട്ടോഫോബിയ&oldid=3838251" എന്ന താളിൽനിന്ന് ശേഖരിച്ചത്