അബ്ദുൽ മാലിക്ക് സയ്യദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബ്ദുൽ മാലിക്ക് സയ്യദ് ഒരു ആസാമീസ് സാഹിത്യകാരനായിരുന്നു‍. കഥാകൃത്ത്, നാടകകൃത്ത്, കവി എന്നീ നിലകളിലെല്ലാം വിഖ്യാതനാണെങ്കിലും, ആധുനിക ആസാമീസ് നോവലിസ്റ്റുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാൾ എന്ന പ്രശസ്തിയാണ് ഇദ്ദേഹത്തിന് കൂടുതലുള്ളത്. ആസാമിലെ ശിബ്സാഗർ ജില്ലയിൽപെട്ട നഹറാനി ഗ്രാമത്തിൽ 1919 ജനുവരിയിൽ ജനിച്ചു. കൊൽക്കത്താ സർവകലാശാലയിൽ നിന്ന് ആസാമീസ് സാഹിത്യത്തിൽ എം.എ. ബിരുദം നേടിയശേഷം ചില കോളജുകളിൽ അധ്യാപകനായി ജോലി നോക്കി. ഒടുവിൽ ഗുവഹാത്തി സർവകലാശാലയിൽ ആസാമീസ് പ്രൊഫസറായി.

ഒന്നാംകിട നോവലിസ്റ്റ്[തിരുത്തുക]

ആദ്യകാലങ്ങളിൽ ചെറുകഥയെഴുത്തുകാരനും കവിയുമെന്ന നിലയിലാണ് മാലിക് അറിയപ്പെട്ടിരുന്നത്. എന്നാൽ

  • രഥചകറിഘുറേ (1958),
  • ബോൻജുയി (1958),
  • ഛബിഘർ (1958)

എന്നീ നോവലുകളുടെ പ്രസിദ്ധീകരണത്തോടെ ഒരു ഒന്നാംകിട നോവലിസ്റ്റ് എന്ന യശസ്സ് ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. കാല്പനിക സമ്പ്രദായവും യഥാതഥപ്രസ്ഥാനവും ഒത്തിണക്കിക്കൊണ്ടുള്ള ഒരു നൂതന രചനാപദ്ധതിയാണ് മാലിക് തന്റെ നോവലുകളിൽ സ്വീകരിച്ചത്. പുതിയ തലമുറയിലെ നിരവധി എഴുത്തുകാരെ ഈ രീതി ആകർഷിച്ചു. മാലിക് വീണ്ടും വീണ്ടും പരീക്ഷണത്തിന്റെ പുതിയ മേഖലകൾ തേടി നടന്നു; ബോധധാരാരീതിയിലും പ്രതീകാത്മകരീതിയിലും ചില നോവലുകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

  • ജ്യാജുരിർഘട്ട് (1960),
  • കണ്ഡഹർ (1961),
  • അന്യ ആകാശ്,
  • അന്യതാരാ (1962),
  • രൂപതീർഥർ ജാത്രി (1965)

എന്നീ നോവലുകൾ മാലിക്കിന്റെ പരീക്ഷണനോവലുകളായി അറിയപ്പെടുന്നു. സമകാലികജീവിതത്തിന്റെ എല്ലാ ചലനവും ഈ നോവലുകളിൽ കാണാൻ കഴിയുമെങ്കിലും അവയിൽ ആന്തരികമായി സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ദാർശനികഭാവത്തിനാണ് കൂടുതൽ മഹത്ത്വം. ആസാമീസ് നോവൽ രംഗത്തു വളർന്നുകഴിഞ്ഞിരിക്കുന്ന എല്ലാ പ്രധാന പ്രസ്ഥാനങ്ങളുടെയും പ്രണേതാവ് എന്ന നിലയിലും മാലിക് അംഗീകൃതനായിട്ടുണ്ട്. *അഹാരി ആത്മർ കാഹിനി (1960),

  • ഏകാബേകാബൂത്താ (1979)

തുടങ്ങിയവയും ഇദ്ദേഹത്തിന്റെ പ്രമുഖ നോവലുകളാണ്. അഹാരി ആത്മർ കാഹിനിയ്ക്ക് 1972-ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. പാരസമണി, എജനിനതും സോവലി, ആബർ താ മരഹാപാ എന്നീ ചെറുകഥാസമാഹാരങ്ങളും അലഹിഘർ എന്ന നാടകവും ഇദ്ദേഹത്തിന്റെ നോവലുകളെപ്പോലെതന്നെ പ്രസിദ്ധങ്ങളാണ്. യാത്രാവിവരണം, സാഹിത്യനിരൂപണം, രാഷ്ട്രീയസാഹിത്യം എന്നീ ശാഖകളിലും ഇദ്ദേഹം വിജയം വരിച്ചിട്ടുണ്ട്. 2000 ഡിസംബറിൽ ഇദ്ദേഹം അന്തരിച്ചു.

അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ മാലിക് സയ്യദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_മാലിക്ക്_സയ്യദ്&oldid=3623316" എന്ന താളിൽനിന്ന് ശേഖരിച്ചത്