അബ്ദുല്ല ഇബ്നു ഹുദാഫ അൽ സഹ്‌മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രവാചകൻ മുഹമ്മദിന്റെ അനുയായിയായിരുന്നു അബ്ദുല്ല ഇബ്നു ഹുദാഫ അൽ സഹ്‌മി. പേർഷ്യയിലെ രാജാവായ ഖുസ്രു പർവേസിന് മുഹമ്മദിന്റെ സന്ദേശം വഹിച്ച ദൂതൻ എന്ന നിലയിൽ പ്രസിദ്ധനായ ഇദ്ദേഹം, ബൈസന്റൈൻ ചക്രവർത്തിയായ ഹെരാക്ലിയസിന്റെ പീഡനത്തെ സ്ഥൈര്യത്തോടെ നേരിടുകയുണ്ടായി.

പേർഷ്യയിലേക്കുള്ള ദൂതൻ[തിരുത്തുക]

ഹുദൈബിയാ സന്ധിയെത്തുടർന്നുണ്ടായ സമാധാനാന്തരീക്ഷത്തിൽ പ്രവാചകൻ മുഹമ്മദ്, അയൽ രാജ്യങ്ങളിലെ രാജാക്കന്മാർക്ക് കത്തുകളയച്ചിരുന്നു. കൂട്ടത്തിൽ പേർഷ്യയിലെ ഖുസ്രുവിന് കത്തുമായി പോയത് അബ്ദുല്ലാഹ് ഇബ്നു ഹുദാഫയായിരുന്നു[1][2]. ഖുസ്രുവിന്റെ സദസ്സിലെത്തിയ അദ്ദേഹത്തോട് പരിചാരകർ കത്ത് ഏറ്റുവാങ്ങാൻ തുനിഞ്ഞപ്പോൾ അബ്ദുല്ലാഹ്, സന്ദേശം രാജാവിനെ മാത്രമേ ഏല്പിക്കാവൂ എന്ന് പ്രവാചക നിർദ്ദേശമുണ്ടെന്ന് പറഞ്ഞുകൊണ്ട് അതിന് വഴങ്ങിയില്ല. കുപിതനായ ഖുസ്രു കത്ത് കീറിയെറിഞ്ഞു[3][4]. മുഹമ്മദിനെ തന്റെ മുന്നിലെത്തിക്കാനായി ഖുസ്രു ഒരു സംഘത്തെ അയച്ചെങ്കിലും അവർ മദീനയിലെത്തുമ്പോളേക്കും ഖുസ്രുവിനെ സ്വന്തം മകൻ വകവരുത്തിയിരുന്നു. തന്നെ പിടിക്കാൻ വന്നവരോട് മുഹമ്മദ് ഈ വിവരം അറിയിച്ചു. അതോടെ സ്തബ്ദരായ അവർ ഗവർണ്ണറായിരുന്ന ബാദാനെ വിവരമറിയിച്ചു. വിവരത്തിന്റെ സ്ഥിരീകരണം ലഭിച്ചതോടെ ഗവർണ്ണർ ബാദാൻ ഇസ്‌ലാം സ്വീകരിച്ചു[5][6].

റോമൻ പ്രദേശങ്ങളിൽ[തിരുത്തുക]

ഹിജ്റ 19-ൽ, ഉമറിന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ, ഉമർ റോമിലേക്ക് ഒരു സൈന്യത്തെ അയച്ചു. അവിടെ റോമക്കാരുടെ തടവിലകപ്പെട്ട ഒരു സംഘത്തിൽ അബ്‌ദുല്ലയും ഉണ്ടായിരുന്നു. ഹെറാക്ലിയസ് അവരെ ക്രിസ്തുമതം സ്വീകരിക്കാൻ നിർബന്ധിച്ചു. എന്നാൽ വഴങ്ങാതിരുന്ന സംഘത്തെ പീഡിപ്പിക്കാനും പ്രലോഭിപ്പിക്കാനുമെല്ലാം ശ്രമങ്ങൾ നടന്നു. വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് അബ്‌ദുല്ലയുടെ സഹതടവുകാരനെ വേവിച്ചുകൊന്നു. അബ്‌ദുല്ലയും കൂട്ടരും അതുകൊണ്ടൊന്നും പതറിയില്ല.[7] സംഘത്തിന്റെ സ്ഥൈര്യത്തിൽ അമ്പരന്ന രാജാവ് അവസാനം ഒരു ഉപാധി മുന്നോട്ടുവെച്ചു. തന്റെ ശിരസ്സിൽ ചുംബിക്കുകയാണെങ്കിൽ അബ്ദുല്ലയെ വിട്ടയക്കാമെന്ന്. എന്നാൽ തന്റെ കൂടെയുള്ള 300 പേരെയും വിടാമെന്ന് സമ്മതിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യാമെന്ന് അബ്‌ദുല്ലാഹ് ഇബ്‌നു ഹുദാഫ സമ്മതിച്ചു. അങ്ങനെ സംഘം മദീനയിൽ തിരിച്ചെത്തി. അബ്‌ദുല്ലയുടെയും സംഘത്തിന്റെയും സ്ഥൈര്യത്തിൽ ഖലീഫ ഉമർ സം‌പ്രീതനായി.

നിര്യാണം[തിരുത്തുക]

ഖലീഫ ഉസ്മാൻ്റെ കാലത്ത് അദ്ദേഹം ഈജിപ്തിൽ (33H/653AD) മരിച്ചു.

പരാമർശങ്ങൾ[തിരുത്തുക]

  1. al-Mubarakpuri (2002) p. 417
  2. "Chapter 42: The Events of the Seventh Year of Migration". Archived from the original on 5 August 2012. Retrieved 25 August 2013.
  3. Mubarakpuri, Safiur-Rahman. WHEN THE MOON SPLIT. Darussalam. ISBN 978-603-500-060-4.
  4. Kisra, M. Morony, The Encyclopaedia of Islam, Vol. V, ed.C.E. Bosworth, E.van Donzel, B. Lewis and C. Pellat, (E.J.Brill, 1980), 185.[1]
  5. Abdullah ibn Hudhafah as-Sahmi
  6. Michael M.J. Fischer, Mehdi Abedi (1990). Debating Muslims: Cultural Dialogues in Postmodernity and Tradition. University of Wisconsin Press. pp. 193, 194. ISBN 9780299124342.
  7. Mujahid, Abdul Malik (2012). Golden Stories of Umar Ibn Al-Khattab. Darussalam. ISBN 9786035000994.