അബ്ദുല്ലാഹിൽ ഹദ്ദാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇസ്ലാമിക പണ്ഡിതൻ
അബ്ദുല്ലാഹിൽ ഹദ്ദാദ്
ജനനംഹിജ്‌റ വർഷം 1044 സഫർ മാസം 5 തിങ്കളാഴ്ച
മരണംഹിജ്റ 1132 ദുൽഖഅദ് 7ന് (aged 89 )

യമനിലെ നബികുടുംബത്തിൽ പ്രധാനിയും ആധ്യാത്മ ഗുരുവുമായ ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ഹിജ്‌റ വർഷം 1044 സഫർ മാസം 5 തിങ്കളാഴ്ച ദിവസമാണ് ജനനം. യമനിലെ പ്രശസ്തിയാർജിച്ച അലവി കുടുംബത്തിൽനിന്നുള്ള അലവിബ്‌നു മുഹമ്മദ് തങ്ങളുടെ ഹബ്ശി കുടുംബത്തിൽനിന്നുള്ള സൽമ ബീവിയുടെയും മകനാണ്. അവർ മകനെ അബ്ദുല്ല എന്ന് പേര് വിളിച്ചു. പരീക്ഷണങ്ങൾ അവിടെ അവസാനിക്കുന്നില്ല. നാല് വയസ്സുള്ളപ്പോൾ കുട്ടിക്ക് വസൂരി വന്നു. തന്മൂലം അന്ധതയുണ്ടായി. ഒരിക്കലും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത രീതിയിൽ പരിപൂർണ അന്ധനായി മാറി. മാതാപിതാക്കൾക്ക് ഹൃദയങ്ങളിൽ കനൽ കോരിയിടുന്നത് പോലെ അനുഭവപ്പെട്ടു. പക്ഷേ, ജഗന്നിയന്താവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. കാഴ്ച ഇരട്ടിച്ച പോലെ കുട്ടിയിൽ മാറ്റങ്ങൾ കാണുവാൻ തുടങ്ങി. പുറം കാഴ്ച പൂർണമായി നഷ്ട്ടപ്പെട്ടെങ്കിലും അകകാഴ്ചകൊണ്ട് സ്രഷ്ടാവ് ഇമാമിനെ അനുഗ്രഹിക്കുകയായിരുന്നു.

ആരാധന, പഠനം[തിരുത്തുക]

ചെറുപ്രായത്തിൽ തന്നെ ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കിയ ഹദ്ദാദ് (റ) അധിക സമയവും ആരാധനയിൽ ഉത്സാഹം കാണിച്ചു. മകൻ ശരീരം മറന്ന് ഇബാദത്തുകളിൽ വ്യാപൃതനാവുന്നത് കണ്ട് മാതാപിതാക്കൾപിന്തിരിപ്പിക്കാൻ ശ്രമിച്ച് കൊണ്ടിയിരുന്നു. ക്ലാസ്സ് കഴിഞ്ഞാൽ തരീമിലെ ബനീ അലവി പള്ളിയിലായിരിക്കും കാണുക. ളുഹാ സമയത്ത് നിസ്‌കാരത്തിൽ പ്രവേശിച്ചാൽ ഇരുന്നൂറോളം റകഅത്ത് വരെ നീണ്ടുനിൽക്കും അത.് തന്റെ കണ്ണിന്റെ കാഴ്ച സ്രഷ്ടാവ് തിരിച്ച് എടുത്തെങ്കിലും അവൻ തന്ന മറ്റ് അനുഗ്രഹങ്ങൾക്ക് എത്ര നന്ദി ചെയ്താലും മതിയാവില്ല എന്നായിരുന്നു നിലപാട്. നിസ്‌കാരത്തിന് ശേഷം നീണ്ട പ്രാർത്ഥനയാണ്.’അലി (റ)വിനും സിദ്ധീഖ് (റ)വിനും നിന്റെയടുത്തുള്ള സ്ഥാനം എനിക്കും നൽകണമേ നാഥാ’ എന്നതായിരുന്നു പ്രധാന പ്രാർത്ഥനകളിലൊന്ന്. അതിനുത്തരമാണ് പിന്നീടുണ്ടായ പ്രൗഢിയും പ്രശസ്തിയും. തരീമിലെ മസ്ജിദുൽ ഹുജൈർ ആയിരുന്നു ആരാധനക്ക് വേണ്ടി പ്രധാനമായും തിരഞ്ഞെടുത്തിരുന്നത്. ഹിജ്റ 1061 റമളാനോടെ അവിടെ താമസമാക്കി. ആരാധനകൾക്ക് കോട്ടം സംഭവിക്കാതിരിക്കാൻ ഭക്ഷണം, വസ്ത്രം തുടങ്ങി പലതിലും മിതത്വം പാലിച്ചു. തരീമിലെ കുന്നുകളായിരുന്നു അവിടുത്തെ ഇഷ്ട കേന്ദ്രം. സമപ്രായക്കാർ വിനോദങ്ങൾക്ക് വേണ്ടി കുന്നുകൾ കയറിയപ്പോൾ ഇമാം ഇലാഹീ സ്മരണയിൽ ഒറ്റക്കിരുന്നു.

പഠനം ഹരമായിരുന്നു. ഇബാദത്ത് കഴിഞ്ഞാൽ മുഴുവൻ സമയവും ദീനീ വിജ്ഞാനത്തിന് വേണ്ടിയാണ് വിനിയോഗിച്ചത്. കാഴ്ചശേഷിയില്ലാത്ത മകനെ മാതാപിതാക്കൾ വെറുതെ വീട്ടിലിരുത്തിയില്ല. ഒളരെ ഉത്സാഹത്തോടെ തന്നെ പഠനത്തിന് അയച്ചു. ഏത് വിഷയവും വായിച്ച് കേൾപ്പിച്ചാൽ തന്നെ അത് ഹൃദ്യസ്ഥമാക്കുമായിരുന്നു. ആദ്യമായി പഠിക്കാൻ മുതിരുന്ന ഗ്രന്ഥം കർമ്മശാസ്ത്രത്തിലെ പ്രശസ്തമായ ഇർശാദാണ്. പിതാവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം കർമശാസ്ത്ര ഗ്രന്ഥമായ ‘ബിദായ’ മന:പാഠം തുടങ്ങി. ആ സമയത്താണ് കർമശാസ്ത്രത്തിൽ അഗ്രഗണ്യനായ ബാജുബൈർ എന്നവരെ കുറിച്ച് കേൾക്കുന്നത്. നേരത്തെ പാതി വഴിയിൽ പഠനമുപേക്ഷിച്ച ഇർശാദ് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് പുനരാരംഭിച്ചു. സൂഫി പണ്ഡിതൻ ഉമർ ബിൻ അബ്ദുറഹ്മാൻ അൽ അത്താസുമായുള്ള സമാഗമം അധ്യാത്മ മേഖലകളിലുള്ള വികാസത്തിന് ഹേതുവായി. അറിവ് തേടിയുള്ള അലച്ചിലിൽ അത്താസിന്റെ സമകാലികരായ ഒട്ടുമിക്ക ഗുരുക്കന്മാരുടെയും സമീപമെത്തി ച്ചു. അൽ ഹബീബ് അല്ലാമാ ആയീൻ ബിൻ അബ്ദുറഹ്മാൻ അസ്സഖാഫ് (റ), അബ്ദുറഹ്മാൻ ബിൻ ശൈഖ് ഐദീദ് (റ), സഹ്‌ല്ബ്നു അഹ്മദ് ബാഹസൻ ബാഅലവി (റ), മക്കയിലെ പ്രമുഖ പണ്ഡിതൻ സയ്യിദ് മുഹമ്മദ് ബിൻ അലവി അസ്സഖാഫ് എന്നിവരാണ് മറ്റു പ്രധാന ഗുരുക്കന്മാർ.

കൂട്ടുകാർ[തിരുത്തുക]

ചെറുപ്പത്തിൽ തന്നെ കാഴ്ച നഷ്ട്ടപ്പെട്ടതിനാൽ വഴി കാട്ടാനും ഖുർആനും മറ്റു ഗ്രന്ഥങ്ങളും ഹൃദിസ്ഥമാക്കാനും സഹായിച്ചത് സുഹൃത്തുക്കളായിരുന്നു. കുട്ടിക്കാലത്ത് തന്നെ കൂട്ടുകൂടാൻ ഒരുപാട് കൂട്ടുകാർ സന്നദ്ധത കാണിച്ചു.പിൽക്കാലത്ത് സൂഫി സരണിയിൽ അറിയപ്പെട്ടവരായി അതിൽ അധികമാളുകളും. ഖുർആൻ മനഃപാഠമാക്കുക, അത് പരസ്പരം ഓതി കേൾപ്പിക്കുക, ദേഹേഛകളോട് പൊരുതുക തുടങ്ങിയവയായിരുന്നു അവരുടെ പ്രധാന ശീലങ്ങൾ. ‘ഞങ്ങൾ തരീമിലെ മലയോരങ്ങളിൽ പോയി ഒന്നിച്ച് ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നു. ഒരു ദിവസം ഓതിയോതി സൂറത്ത് യാസീൻ എത്തിയപ്പോൾ അവിടുത്തെ മുഖം വിവർണമായി. മഹാൻ കരഞ്ഞു – ഒരു കൂട്ടുകാരന്റെ അനുഭവം

സയ്യിദ് ഹൻദുവാൻ (റ) ആയിരുന്നു മറ്റൊരു പ്രധാന സുഹൃത്ത്. ദിക്റ് മജ്ലിസുകളിൽ അധികവും അദ്ദേഹത്തോടൊപ്പമായിരുന്നു. ‘ദിക്റ് മജ്ലിസുകളിൽ സ്വയം മറന്ന് റബ്ബിലേക്ക് ലയിക്കും. പലപ്പോഴും എനിക്ക് അവരെ തനിച്ചാക്കി മടങ്ങേണ്ടി വന്നിട്ടുണ്ട്’. കിതാബ് വായിച്ചുകൊടുക്കാൻ വേണ്ടി തിരഞ്ഞെടുത്തിരുന്നത് ഉമർ ബിനു ഹുസൈൻ (റ)വിനെയും സയ്യിദ് അഹ്മദ് ബിൻ ഹാശിം (റ)വിനെയും ആയിരുന്നു. ഉപകാരപ്രദമായ എല്ലാ ഗ്രന്ഥങ്ങളും അവർ വായിച്ചു കൊടുത്തു. ഇബ്നു അത്താഇല്ലാഹിസ്സിക്കന്ദരിയുടെ ലത്വാഇഫുൽ മിനൻ, ഗസാലി ഇമാമിന്റെ ഇഹ്യ ഉലൂമുദ്ദീൻ ഉൾപ്പെടെ.

മാതാപിതാക്കൾ[തിരുത്തുക]

ഹിജ്റ 1072ന് പ്രിയപ്പെട്ട പിതാവ് അല്ലാഹുവിലേക്ക് യാത്രയായി. ലാളനയും സ്നേഹവും കൊടുത്ത് ശൈശവം ധന്യമാക്കിയ മാതാവും പിന്നാലെ മടങ്ങി. പ്രിയപ്പെട്ട ശൈഖ് ഉമർ ബിൻ അബ്ദുറഹ്മാൻ അൽ അത്വാസും വിട്ട് പിരിഞ്ഞു. പ്രിയപ്പെട്ട സഹോദരൻ സയ്യിദ് ഹാമിദിനെ എങ്ങനെ ഈ വിവരം അറിയിക്കും എന്നോർത്ത് ഏറെ വിഷമിച്ചു. ദീനീ ദഅ്‌വത്തിന് ഇന്ത്യയിലേക്ക് പോയതാണദ്ദേഹം. ഇമാം ഒരു കത്തെഴുതി അയച്ചു. ക്ഷമയുടെയും വിധിയിലുള്ള ദൃഢമായ വിശ്വാസത്തിന്റെയും മേൽ അടിയുറച്ച് നിൽക്കാൻ സഹായിക്കുമാർ ആ കത്ത് മാറിയതായി ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്.

പ്രബോധനം, അധ്യാപനം[തിരുത്തുക]

പ്രബോധനത്തിന് ഒന്നും തടസ്സമല്ലെന്ന് ഹദ്ദാദ്(റ) തെളിയിച്ചു. ഉൾക്കാഴിചയിലൂടെ കരസ്ഥമാക്കിയ വിജ്ഞാനം കൊണ്ട് നിരവധിയാളുകളെ സത്യ ദീനിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു. അവശരും നിരാലംബരുമായിരുന്നു സഹവാസികൾ. വിശക്കുന്നവന് ഭക്ഷണവും രോഗിക്കു മരുന്നും നൽകി. ആര് എന്ത് വിഷമം പറഞ്ഞാലും നിരാശരായി തിരിച്ചയക്കാറില്ല. പരിഹസിച്ചവരെ പോലും ഉൾക്കൊള്ളുന്ന വിശാല മനസ്സകത്ത് അങ്ങ് മേലെ തട്ടിലുള്ള രാജാവും താഴെ തട്ടിലുള്ള ഭിക്ഷക്കാരനും അംഗങ്ങളായിരുന്നു. പ്രസംഗം, എഴുത്ത്, അധ്യാപനം എന്ന് തുടങ്ങി എല്ലാ കഴിവുകളും അതിന് വേണ്ടി വിനിയോഗിച്ചു. ദിക്‌റ് മജ്ലിസുകളിലൂടെ അനവധിയാളുകളെ സംസ്‌കരിച്ചു.

മസ്ജിദുൽ ഹുജൈറിൽ നടത്തുന്ന ദർസിൽ പ്രായവ്യത്യാസമന്യെ അനേകം ആളുകൾ പങ്കെടുക്കും. യാത്രാ വേളകളിൽ ശിബാം, സൈഊൻ, ഹുറൈള തുടങ്ങിയ സ്ഥലങ്ങളിലും ദർസ് നടത്താറുണ്ട്. ഹിജാസിൽ നിന്നും യമനിൽ നിന്നുമെല്ലാം ആളുകൾ കൂട്ടം കൂട്ടമായി ഒഴുകിയെത്തുന്ന സദസ്സ് വളരെ വൈകിയാണ് അവസാനിക്കാറുള്ളത്. ഹജ്ജിന് വേണ്ടി യാത്ര തിരിച്ചപ്പോൾ വഴി മധ്യേ ദർസുകൾക്ക് വേണ്ടി ആളുകൾ കാത്തുനിന്നു.

രചനകൾ[തിരുത്തുക]

ലളിതവും സരളവുമായ രചനകൾ ഗസ്സാലി ഇമാമിന്റെ രചനകളോട് ചേർന്ന് നിൽക്കുന്നതാണെന്ന്എന്ന് പിൽക്കാല പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രധാനമായും പ്രബോധന, അധ്യാത്മ മേഖലകളിൽ കേന്ദ്രീകരിച്ച രചനകൾപല വിദേശ സർവ്വ കലാശാലകളിലെയും പാഠ്യപദ്ധതിയിലുണ്ട്. ഇമാം ഗസ്സാലിയുടെ ഗ്രന്ഥങ്ങൾക്ക് ശേഷം അധ്യാത്മ പഠനത്തിനായി ഉപയോഗിക്കുന്ന അധിക ഗ്രന്ഥങ്ങളും ഇമാം ഹദ്ദാദിന്റെതാണ്.ഉദാഹരണത്തിന് ഹിജ്റ 1069ൽ രചന പൂർത്തിയായ രിസാലത്തുൽ മുദാക്കറ, 1071ലെ ആദാബുസ്സുലൂക്ക് തുടങ്ങിയവ. പ്രബോധകരുടെ കൈപ്പുസ്തകമായ ദഅ്വത്തുത്താമ്മ എന്ന ഗ്രന്ഥം ഹിജ്റ 1114ലാണ് തയ്യാറാക്കിയത്. അബ്ദുറഹ്മാൻ ബാ അബാദ് ഇമാമിനോട് ചോദിച്ച ചോദ്യങ്ങളുടെ സമാഹാരണമാണ് ഇത്തിഹാഫുസ്സാഇൽ. അവിടുത്തെ ജീവിത കാലത്ത് തന്നെ പ്രശംസ നേടിയ ഗ്രന്ഥമായിരുന്നു ഹിജ്റ 1089ൽ രചിച്ച അന്നസാഹിഹുദ്ദീനിയ്യ എന്ന ഗ്രന്ഥം. ഹജ്ജ് വേളയിലായിരുന്നു രചന. അതുകൊണ്ട് തന്നെ ചില ഭാഗങ്ങൾ മക്കയിലും റൗളയുടെ ചാരത്തും വെച്ച് എഴുതിയതാണ്. ഒരുപാട് ചർച്ച ചെയ്യപ്പെട്ട ഹികം വെറും ഇരുപത് പേജുകളിൽ ചുരുങ്ങുന്നതാണ്. ബുഖാരിക്ക് വ്യാഖ്യാനമെഴുതിയ അല്ലാമാ അൽ മുഹദ്ദിസ് മുഹമ്മദ് ഹയത്ത് സിദ്ധി അൽ മദനി ഹികമിന് വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

കേരളത്തിലുൾപ്പെടെ ലോകത്ത് നിത്യമായി കേൾക്കുന്ന ഹദ്ദാദ് റാത്തീബ് വിശ്രുതമായ ഒരു വിർദാണ്. ഹളറമൗത്തിൽ ശീഇ വിഭാഗത്തിൽപ്പെട്ട സൈദിയാക്കളുടെ ദുർമാർഗ്ഗത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ചില പണ്ഡിതൻമാർ ആവശ്യപ്പെട്ടപ്പോഴാണ് ഹിജ്റ 1071ൽ ഹദ്ദാദ് റാതീബ് സമാഹരിക്കുന്നു. ‘ആത്മീയ മേഖലയിൽ വളർച്ച ആഗ്രഹിക്കുന്ന ഒരാൾ ഹദ്ദാദ് റാത്തീബ് പതിവാക്കട്ടെ’ എന്ന് പണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്. ഹളറമി തങ്ങൻമാരുടെ വരവോടെയാണ് കേരളത്തിൽ ഹദ്ദാദ് റാത്തീബ് വ്യാപിക്കുന്നത്.

ബഹുമാനപ്പെട്ട ശജ്ജാർ (റ) പറയുന്നു: ‘ഞാൻ ഹജ്ജിന് പോകുമ്പോൾ വഴിമധ്യേ ഒരു വലിയ കൊള്ള സംഘം തമ്പടിച്ചതായി അറിഞ്ഞു. ഞാൻ ഭയന്നില്ല. അല്ലാഹുവാണെ സത്യം. ഞാൻ ഹദ്ദാദ് റാത്തീബ് ഉറക്കെ ചൊല്ലിക്കൊണ്ട് അവരുടെ മുമ്പിലൂടെ നടന്ന് നീങ്ങി. അവരെന്നെ ശ്രദ്ധിച്ചത് പോലുമില്ല.’ പ്രമുഖ പണ്ഡിതനായിരുന്ന ബറകാത്ത് ശാത്തിരി പറയുന്നു: ഞങ്ങൾ നീണ്ട ഒരു കപ്പൽ യാത്ര നടത്തുകയായിരുന്നു. പെട്ടെന്ന് കപ്പൽ ദിശമാറി സഞ്ചരിക്കുന്നതായി ഞങ്ങൾക്കു തോന്നി. കൂടെയുണ്ടായിരുന്ന പലരും ഭയപ്പെടാൻ തുടങ്ങിയത് കണ്ട് ഞാൻ ഉറക്കെ ഹദ്ദാദ് ചൊല്ലാൻ കൽപ്പിച്ചു. പെട്ടെന്ന് വന്ന ഒരു കാറ്റിൽ ഞങ്ങളുടെ കപ്പൽ നേരെയാവുകയും ചെയ്തു.’ രചനകൾ

ഹി.1069-ലാണ് ഇമാം ഗ്രന്ഥരചന ആരംഭിക്കുന്നത്. ‘രിസാലതുൽ മുദാക്കറതി മഅൽ ഇഖ്വാനി വൽ മുഹിബ്ബീൻ മിൻ അഹ്ലിൽ ഖൈറി വദ്ദീൻ’ എന്ന ഗ്രന്ഥമാണ് ആദ്യമായി രചിക്കുന്നത്. തുടർന്ന് ഹിജ്റ 1071 റമളാൻ മാസത്തിൽ മറ്റൊരു ഗ്രന്ഥം ‘രിസാലത്തു ആദാബിസ്സുലൂക്കിൽ മുരീദി’ന്റെ രചന പൂർത്തീകരിച്ചു. ഈ രണ്ട് ഗ്രന്ഥങ്ങളിലും പ്രധാനമായും ആധ്യാത്മിക വിഷയങ്ങളാണ് പ്രതിപാദിക്കുന്നത്.

‘അന്നസാഇഹു ദീനിയ്യാ വൽ വസ്വായ അൽ ഈമാനിയ്യ’യാണ് മഹാൻ രചിച്ച ഗ്രന്ഥങ്ങളിൽ ഏറ്റവും വലുത്. കേരളത്തിലെ ചില പള്ളിദർസുകളിലും ദഅ്‌വാ കോളേജുകളിലും ഓതുന്ന ‘രിസാലത്തുൽ മുആവനത്തി വൽ മുളാഹറതി വൽ മുആസറ ലിർറാഇബീന മിനൽ മുഅ്മിനീന ഫീ സുലൂക്കി ത്വരീഖിൽ ആഖിറ’ എന്ന ഗ്രന്ഥം തസവ്വുഫ് ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഹിജ്റ 1069-ലാണ് ഇത് പൂർത്തീകരിച്ചത്. ഒരു വിശ്വാസി ആരാധനകളിൽ പാലിക്കേണ്ട മര്യാദകൾ, അവയുടെ മഹത്ത്വങ്ങളും പ്രതിഫലങ്ങളും തുടങ്ങി വിലപ്പെട്ട ആത്മീയ കാര്യങ്ങളാണ് ഈ ചെറു രിസാലയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇത്തിഹാഫുസ്സാഇൽ ബി അജ്‌വിബത്തിൽ മസാഇൽ, സബീലുൽ അദ്കാരി വൽ ഇഅ്തിബാർ, അദ്ദഅ്‌വത്തുത്താമ വത്തസ്‌കിറത്തുത്താമ, അൽ ഫുസൂലുൽ ഇൽമിയ്യ വൽ ഉസൂലുൽ ഹികമിയ്യ, അൽ ഹികം, അദ്ദുറുൽ മൻളൂദ് ലി ദവിൽ ഉഖൂലി വൽ ഫുഹൂം തുടങ്ങിയവയാണ് മറ്റു രചനകൾ. കുറഞ്ഞ പദങ്ങളിൽ കൂടുതൽ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രചനകളാണ് അവിടുത്തേത് എന്നതിനാൽ തന്നെ വളരെ മഹത്ത്വമേറിയതും വിലപ്പെട്ടതുമാണ്.

ശരീര പ്രകൃതി[തിരുത്തുക]

ഹദ്ദാദ്(റ)വിന്റെ ശരീര പ്രകൃതി ഗ്രന്ഥങ്ങളിൽ കാണാം. പൊക്കംകൂടിയ ശരീരം, വീതിയുള്ള ചുമലുകൾ, വെളുത്ത നിറം, ഗാംഭീര്യം സ്ഫുരിക്കുന്ന മുഖം. ചെറുപ്പത്തിൽ ബാധിച്ച വസൂരിയുടെ ഒരടയാളവും മുഖത്ത് പ്രകടമായിരുന്നില്ല. സദാപുഞ്ചിരിക്കുന്ന ആ വദനത്തിൽ ഒരിക്കലും ദുഃഖം തളം കെട്ടിയിരുന്നില്ല. അതിഥികളെ സന്തോഷത്തോടെ വരവേൽക്കും, സൽകരിക്കും. അവരുടെ സുഖ ദുഃഖങ്ങളിൽ പങ്കുചേരും. പാവപ്പെട്ടവരുടെ ആശാകേന്ദ്രമായിരുന്ന ഇമാം അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചുനൽകിയിരുന്നു.

ഇമാമിന്റെ സദസ്സുകളിൽ സംബന്ധിക്കുന്നവർക്ക് ഭൗതിക ചിന്തകൾ കടന്നുവരുമായിരുന്നില്ല. വേദനിക്കുന്നവന്റെ രോദനങ്ങളും വിശക്കുന്നവൻ വിശപ്പും മഹാന്റെ ആത്മീയ സാന്നിധ്യം മൂലം മറക്കുമായിരുന്നു. ആ സദസ്സിൽ അപശബ്ദങ്ങളോ മറ്റോ ഉയരുമായിരുന്നില്ല. സൗമ്യതയോടെയും ഉദാരതയോടെയുമായിരുന്നു ജനങ്ങളോട് സംവദിച്ചിരുന്നത്. ധർമം ചെയ്യുന്നതിൽ അതിയായ താൽപര്യം പ്രകടിപ്പിച്ചു. ഭൗതിക ആവശ്യങ്ങൾക്കു വേണ്ടി ദേഷ്യം പിടിച്ചില്ല.


മറ്റുള്ളവർ തന്നെ പ്രശംസിക്കുന്നത് വെറുത്തിരുന്നു. അദ്ദേഹത്തിന്റെ ഉദാത്തമായ വിനയം അവിടുത്തെ ഗ്രന്ഥങ്ങളിലും പദ്യങ്ങളിലും പ്രഭാഷണങ്ങളിലും സംസാരങ്ങളിലും നിലീനമായിരുന്നതായി കാണാം. വ്രതാനുഷ്ഠാനം ജീവിതത്തിന്റെ ഭാഗമാക്കി. തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പ് ഒഴിവാക്കിയിരുന്നില്ല. അൽപ്പ സമയമേ ഉറങ്ങൂ. നിസ്‌കാരത്തിലേക്ക് എഴുന്നേറ്റാൽ പിന്നെ പുറത്ത് സംഭവിക്കുന്നതൊന്നും അറിയില്ല. മസ്ജിദ് നിർമ്മാണത്തോട് അതിയായ താൽപര്യമായിരുന്നു ഇമാമിന്. നിരവധി പള്ളികൾ നിർമിച്ചു. മസ്ജിദുൽ അവ്വാബീൻ, ഫത്ഹ്, അബ്‌റാർ, തവ്വാബീൻ എന്നിവയാണ് തരീമിൽ മഹാൻ നിർമിച്ച പള്ളികൾ. വേറെയും പള്ളികൾ പണിതിട്ടുണ്ട്.

ഹജ്ജ് യാത്ര[തിരുത്തുക]

മഹാന്റെ ഹജ്ജ് യാത്രയെ കുറിച്ചും അതിനിടയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളെ കുറിച്ചും കുട്ടി പ്രായത്തിൽ ബന്ധു കൂടിയായ ഒരു പണ്ഡിതൻ പ്രവചിച്ചതായി ഹദ്ദാദ്(റ) ഓർക്കുന്നു: ‘നീ ഇന്ന വർഷം ഹജ്ജിന് പോകും, ഇന്നതൊക്കെ കരസ്ഥമാകും, ഹജ്ജ് യാത്രക്കിടയിൽ ഇന്ന സ്ഥലത്ത് വെച്ച് ഒട്ടകത്തെ ലഭിക്കും’.

ഹജ്ജിന് പോകാൻ ജനങ്ങളെ ഇമാം ഉപദേശിക്കുകയും യാത്രതിരിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യും. ഹിജ്‌റ 1079-ലാണ് മഹാൻ ഹജ്ജിന് പുറപ്പെടുന്നത്. അന്നൊരു മഴയുടെ ദിവസമായിരുന്നു. തരീമിൽ നിന്നും ശഹറിലേക്കാണ് യാത്ര പുറപ്പെട്ടത്. യാത്രാ മധ്യേ നിരവധി അത്ഭുത സംഭവങ്ങളുണ്ടായി. ഇമാമിന്റെ ചില കൂട്ടുകാർ അത് റിപ്പോർട്ട് ചെയ്തതായി കാണാം. ഒരു മലഞ്ചെരുവിലെത്തിയപ്പോൾ ഒപ്പമുള്ളവർ അവിടെ തമ്പടിക്കാനും രാത്രി ഭക്ഷണം കഴിക്കാനും ഒരുക്കം കൂട്ടി. എന്നാൽ മഹാൻ അവരെ വിലക്കുകയും യാത്രതുടരാൻ നിർദ്ദേശിക്കുകയും ചെയ്തു. അവരതനുസരിച്ചു. പുറപ്പെട്ട ഉടനെ അന്തരീക്ഷത്തിൽ കാർമേഘങ്ങൾ ഉരുണ്ട് കൂടി. കനത്ത ഇടിയും മിന്നലും. പിന്നാലെ ഘോര മഴ. അത് വരെ മഴയുടെ അടയാളം പോലുമുണ്ടായിരുന്നില്ല. ഹദ്ദാദ്(റ) ഒരു സ്ഥലത്തേക്ക് കൈചൂണ്ടി അങ്ങോട്ട് കയറാൻ നിർദ്ദേശിച്ചു. ശക്തമായ ഇരുട്ട് കാരണം ഒന്നും കാണാൻ കഴിയാത്തതിനാൽ അവർ തീ തെളിയിച്ചു. എന്നിട്ട് അങ്ങോട്ട് കയറി. അപ്പോഴാണ് നേരത്തെ വിശ്രമിക്കാൻ തീരുമാനിച്ച ചെരുവിലൂടെ മലവെള്ളം കുത്തിയൊലിക്കുന്നത് അവർ കണ്ടത്. അപകടത്തിൽ നിന്നും രക്ഷപ്പെടുത്തിയതിന് യാത്രികർ അല്ലാഹുവിനെ സ്തുതിച്ചു.


യാത്രക്കിടയിൽ ഒരുനാൾ ളുഹ്‌റിന്റെ സമയമായപ്പോൾ എത്തിയിടത്ത് വിശ്രമിക്കാൻ തീരുമാനിച്ചു. ചിലർ ചുമടിറക്കി വെച്ചു. വിവരം അറിഞ്ഞ ഇമാം തടഞ്ഞു. കുറച്ചപ്പുറത്തെ ചെരുവിൽ വിശ്രമിക്കാനായിരുന്നു നിർദ്ദേശം. എല്ലാവരും അവിടെയിറങ്ങി. അൽപം കഴിഞ്ഞ് പിന്നിലേക്ക് നോക്കിയപ്പോൾ അവർക്ക് കാണാൻ സാധിച്ചത് നേരത്തെ വിശ്രമിക്കാൻ തുനിഞ്ഞ സ്ഥലത്തെ വൃക്ഷങ്ങൾ കടപുഴകി വീഴുന്നതും കുത്തിയൊലിച്ച് പോകുന്നതുമാണ്. ഇത്തരത്തിൽ പല അത്ഭുതങ്ങൾക്ക് ആ ഹജ്ജ് യാത്രികർ സാക്ഷ്യം വഹിച്ചു. ശറഹിൽ നിന്ന് അദനിലേക്കും പിന്നീട് ജിദ്ദയിലേക്കും തുടർന്നു മക്കയിലേക്കും തിരിച്ചു. പ്രശസ്തരായ പണ്ഡിത മഹത്തുക്കളുടെ ഖബർ സന്ദർശിച്ചായിരുന്നു യാത്ര.

വിയോഗം[തിരുത്തുക]

ഹിജ്റ 1132 റമളാൻ മാസം ഇരുപത്തിയഞ്ചിന് ശരീരമാസകലം വേദന തുടങ്ങി. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ വേദന മൂർഛിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയായി. അപ്പോഴേക്കും ജനങ്ങൾ അദ്ദേഹത്തെ കാണാൻ തിരക്ക് കൂട്ടി തുടങ്ങി. എല്ലാ ശവ്വാൽ എട്ടിനും ജനങ്ങോളോടൊപ്പം അവിടുന്ന് ഒരു സ്ഥലത്ത് ഒരുമിച്ചുകൂടാറുണ്ടായിരുന്നു. ഇക്കുറിയും അവർ ഒരുമിച്ച് കൂടി. ഹസ്തദാനം നടത്തി ദുആ ചെയ്ത് പിരിയുകയും ചെയ്തു. ഇനി ഇത്പോലെ ഒരു ഒരുമിച്ച് കൂടൽ ഉണ്ടാകില്ല എന്ന നിലക്കായിരുന്നു അന്ന് പെരുമാറിയത്. 89ാം വയസ്സിൽ ഹിജ്റ 1132 ദുൽഖഅദ് 7ന് ഈ ലോകത്തോട് വിടപറഞ്ഞു. ഹാവിയയിലെ വീട് ലക്ഷ്യമാക്കി ആയിരങ്ങൾ ഒഴുകി. പിറ്റേദിവസം സൂര്യാസ്തമയത്തിനോടടുത്ത് വൻ ജനാവലിയോടെ ജനാസ നിസ്‌കരിക്കുകയും മറമാടുകയും ചെയ്തു.

"https://ml.wikipedia.org/w/index.php?title=അബ്ദുല്ലാഹിൽ_ഹദ്ദാദ്&oldid=3394336" എന്ന താളിൽനിന്ന് ശേഖരിച്ചത്