അബ്ദാലികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഹമ്മദ് ഷാ ദുറാനി

ഒരു അഫ്ഗാൻ ജനവർഗമാണ് അബ്ദാലികൾ. ഇപ്പോൾ ഈ ജനവിഭാഗം ദുറാനി കൾ എന്ന പേരിൽ അറിയപ്പെടുന്നു. അഫ്ഗാൻഗോത്രങ്ങളിലെ സദൊസായ് ശാഖയിൽപ്പെട്ട ഇവരുടെ തലവൻ അബ്ദാൽ ആയിരുന്നുവെന്ന് കരുതപ്പെടുന്നു. അബ്ദാലി ജനത വളരെക്കാലം കാന്ദഹാറിൽ ആണ് വസിച്ചിരുന്നത്. എന്നാൽ ഷാ അബ്ബാസ് I-ന്റെ കാലത്ത് (1571-1629) ഘിൽസായ് വർഗക്കാരുടെ മുന്നേറ്റവും അധിവാസവും കാരണം ഇവർ ഹീരേത്തിലേക്ക് മാറിത്താമസിച്ചു. അബ്ബാസ് I, പോപ്പുൽസയവർഗത്തിലെ സദൊയെ, മീർ-ഇ-അഫാഗിന എന്ന സ്ഥാനപ്പേരോടുകൂടി അബ്ദാലികളുടെ വർഗത്തലവനായി നിയമിച്ചു. ഘിൽസായ് വർഗക്കാരെപ്പോലെ അബ്ദാലികൾ പിൽകാലത്ത് പ്രബലരായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പേർഷ്യയിലെ നാദിർഷാ (1731) അവരെ കീഴടക്കിയെങ്കിലും അവരോട് നയതന്ത്രപരമായി പെരുമാറി. ഒട്ടേറെ അബ്ദാലികളെ നാദിർഷാ സൈന്യത്തിൽ സ്വീകരിച്ചു. അങ്ങനെ സൈന്യത്തിൽ ചേർക്കപ്പെട്ട ഒരാളായിരുന്നു അഹമ്മദ്ഖാൻ അബ്ദാലി അഥവാ അഹമ്മദ്ഷാ അബ്ദാലി (1722-73). അബ്ദാലികൾ നാദിർഷായെ സ്തുത്യർഹമായി സേവിച്ചതിനാൽ അബ്ദാലികൾക്ക് നഷ്ടപ്പെട്ട കാന്ദഹാർ നാദിർഷാ തിരിച്ചുകൊടുത്തു. 1747-ൽ നാദിർഷാ വധിക്കപ്പെട്ടപ്പോൾ അബ്ദാലിത്തലവനായ മുഹമ്മദ് സമാൻഖാൻ സദൊസായിയുടെ രണ്ടാമത്തെ പുത്രനായ അഹമ്മദ്ഖാൻ അധികാരം പിടിച്ചെടുത്ത് കാന്ദഹാർ തലസ്ഥാനമാക്കി ഭരണം ആരംഭിച്ചു. അഫ്ഗാനിസ്താന്റെ രാഷ്ട്രപിതാവായി കരുതപ്പെടുന്ന അഹമ്മദ്ഷാ അബ്ദാലി തന്റെ ഗോത്രത്തിന്റെ പേര് ദുറാനി എന്നു മാറ്റി. ഇക്കാലം മുതൽ അബ്ദാലികൾ ദുറാനികൾ എന്ന പേരിൽ വിഖ്യാതരായിത്തീർന്നു.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദാലികൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദാലികൾ&oldid=1969311" എന്ന താളിൽനിന്ന് ശേഖരിച്ചത്