Jump to content

അപ്പോളജറ്റിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദൈവശാസ്ത്രത്തിന്റെ ഒരു പ്രത്യേകവിഭാഗമാണ് അപ്പോളജറ്റിക്സ്. രക്ഷാർഥം സംസാരിക്കുക എന്നാണ് അപ്പോളജറ്റിക്സ് എന്ന പദത്തിനർഥം. മതവിശ്വാസങ്ങളെ പൊതുവായും ക്രൈസ്തവ വിശ്വാസങ്ങളെ പ്രത്യേകിച്ചും വിമർശനങ്ങളിൽനിന്ന് സംരക്ഷിക്കുകയാണ് അപ്പോളജറ്റിക്സിന്റെ മുഖ്യ ലക്ഷ്യം. ബൈബിൾ പുതിയനിയമത്തിലെ ചില ലേഖനങ്ങൾ ഈ ഉദ്ദേശ്യത്തിലുള്ളവയാണ്. അക്രൈസ്തവരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകർഷിക്കുക എന്നതും ഇതിന്റെ ഒരു ലക്ഷ്യമാണ്.

ആദ്യനൂറ്റാണ്ടുകൾ മുതൽ ക്രൈസ്തവമതം തെറ്റിദ്ധാരണകൾക്കും പരിഹാസത്തിനും പീഡനങ്ങൾക്കും വിധേയമായിരുന്നു. ഇവയിൽ നിന്നെല്ലാം ക്രൈസ്തവമതത്തെ സംരക്ഷിക്കുക എന്ന ധർമ്മം അപ്പോളജിസ്റ്റുകൾ ഏറ്റെടുത്തു വന്നിരുന്നു. അതുകൊണ്ട് അപ്പോളജറ്റിക്സിന് ക്രൈസ്തവികതയോളം തന്നെ പഴക്കമുണ്ട്.

'അപ്പോളജീസ് ഒഫ് ദി ഫാദേഴ്സ് ' ആണ് വ്യവസ്ഥിതമായ ആദ്യത്തെ അപ്പോളജറ്റിക്സ്. ജസ്റ്റിൻ മാർട്ടിയർ, ടാറ്റിയാനൂസ്, അതീനഗോറസ്, തിയോഫിലസ്, ഹെർമാസ് തുടങ്ങിയവരാണ് രണ്ടാം നൂറ്റാണ്ടിലെ ചില ഗ്രീക് അപ്പോളജിസ്റ്റുകൾ; തെർത്തുല്യൻ, സിപ്രിയൻ തുടങ്ങിയവർ ഇറ്റലിയിലെ അപ്പോളജിസ്റ്റുകളും. യൂസിബിയസ് ആണ് അന്നത്തെ അപ്പോളജിസ്റ്റുകളിൽ പ്രധാനി. ക്രിസ്തുമതവിശ്വാസികൾക്കെതിരായുള്ള വാദങ്ങൾക്ക് ആദ്യത്തെ അപ്പോളജിസ്റ്റുകളായ ജസ്റ്റിൻ മാർട്ടിയറും തെർത്തുല്യനും മറുപടി പറഞ്ഞിട്ടുണ്ട്. ക്രൈസ്തവമതം സ്വീകരിച്ചതുകൊണ്ടാണ് റോമൻ സാമ്രാജ്യം അധഃപതിച്ചതെന്ന് വാദിച്ചവർക്കുള്ള മറുപടിയാണ് വിശുദ്ധ അഗസ്തിനോസിന്റെ ദൈവനഗരം എന്ന ഗ്രന്ഥം. ക്രൈസ്തവവിശ്വാസവും പെരുമാറ്റവും സമൂഹത്തിന്റെ നന്മയ്ക്ക് സഹായകരമാണെന്ന് ചക്രവർത്തിമാരെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ അപ്പോളജിസ്റ്റുകളുടെ ലക്ഷ്യം. യവന ചിന്തകരെ ക്രൈസ്തവവിശ്വാസത്തിന്റെ യുക്തി മനസ്സിലാക്കിക്കൊടുക്കുക എന്നതും ജസ്റ്റിൻ മാർട്ടിയറുടെ ലക്ഷ്യമായിരുന്നു. അവിശ്വാസികൾക്ക് ക്രിസ്തുമതത്തെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിന് മിഷനറിമാരെ സഹായിക്കുവാൻ തോമസ് അക്വീനാസ് സമ്മാ കോൺട്രാ ജെന്റൈൽസ് എന്ന ഒരു കൃതി രചിച്ചിട്ടുണ്ട്.

ഡോഗ്മാറ്റിക്സിൽ നിന്ന് വിഭിന്നമാണ് അപ്പോളജറ്റിക്സ്. ക്രിസ്തുമതവിശ്വാസികളെ ഉദ്ദേശിച്ചുകൊണ്ട് ക്രിസ്തുമതപ്രമാണങ്ങളിലുള്ള വിശ്വാസത്തെ ഊന്നുകയാണ് ഡോഗ്മാറ്റിക്സിന്റെ ലക്ഷ്യമെങ്കിൽ ക്രൈസ്തവേതരരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് അപ്പോളജറ്റിക്സ്.

ആംഗ്ളിക്കൻ-പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിലെ അപ്പോളജറ്റിക്സ് 18-ആം നൂറ്റാണ്ടിലെ യുക്തിചിന്തയുമായി ബന്ധം പുലർത്തിയിരുന്നു. കോപ്പർനിക്കസ്സിന്റെ ജ്യോതിശാസ്ത്രം, ന്യൂട്ടന്റെ ഭൗതികശാസ്ത്രം എന്നിവയിലെ സിദ്ധാന്തങ്ങളുമായി ദൈവശാസ്ത്രവിശ്വാസങ്ങളെ പൊരുത്തപ്പെടുത്തുന്നതിനായിരുന്നു അന്നത്തെ ദൈവശാസ്ത്ര പണ്ഡിതൻമാരുടെ ശ്രമം. വില്യംപീലെയെപ്പോലെയുള്ള അപ്പോളജിസ്റ്റുകൾ പ്രപഞ്ചവസ്തുക്കളുടെയെല്ലാം മൂലകാരണമായി ഒരു ആദ്യകാരണത്തിന്റെ ആവശ്യകതയെപ്പറ്റി വാദിച്ചവരാണ്.

ആധുനികശാസ്ത്രവും മതവിശ്വാസവും തമ്മിലുള്ള സംഘർഷം വർധിച്ചപ്പോൾ ആധുനിക അപ്പോളജറ്റിക്സ്, ഇവയ്ക്ക് രണ്ടിനും മധ്യേ വ്യക്തമായ ഒരു അതിരുണ്ടാക്കാൻ ശ്രമിച്ചതിന്റെ ഫലമായി ഇവ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കാൻ കഴിഞ്ഞു. (1) തത്ത്വദർശനത്തിലെ അനുഭവവാദം (empiricism), (2) ഭൂവിജ്ഞാനീയം, ജീവശാസ്ത്രം, ജ്യോതിശാസ്ത്രം, മനഃശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളിലെ കണ്ടുപിടിത്തങ്ങൾ, (3) ബൈബിളിന്റെ സാഹിത്യപരവും പുരാവസ്തുപരവുമായ നിരൂപണം എന്നിങ്ങനെ പ്രധാനമായി മൂന്നുഭാഗത്തുനിന്നാണ് അടുത്തകാലത്ത് ക്രൈസ്തവമതത്തിന് എതിരുണ്ടായിട്ടുള്ളത്.

ആധുനിക കാലത്തും ക്രിസ്തുമതം രൂക്ഷമായ വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും വിധേയമായിട്ടുണ്ട്. 19-ആം നൂറ്റാണ്ടിന്റെ അവസാനവും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും ക്രൈസ്തവ വിശ്വാസങ്ങളെ ഫ്രഡറിക് നീഷെ, കാറൽ മാർക്സ് , സിഗ്മണ്ട് ഫ്രോയിഡ് തുടങ്ങിയവർ വിമർശിച്ചിട്ടുണ്ട്. മനുഷ്യരുടെ ദുർബലവശങ്ങളെ ചൂഷണം ചെയ്യുകയാണ് ക്രൈസ്തവമതം ചെയ്യുന്നതെന്ന് നീഷെ ആരോപിച്ചു. സമൂഹത്തിലെ വർഗവിഭജനത്തിൽ നിന്നാണ് മതവിശ്വാസങ്ങൾ ഉണ്ടാകുന്നതെന്ന് കാറൽ മാർക്സ് സിദ്ധാന്തിച്ചു. നിറവേറ്റപ്പെടാത്ത അഭിലാഷങ്ങളുടെ ബഹിർസ്ഫുരണമാണ് മതവിശ്വാസം എന്ന് ആയിരുന്നു ഫ്രോയിഡിന്റെ സിദ്ധാന്തം. ഇത്തരത്തിലുള്ള പലവിധ വിമർശനങ്ങളെയും നേരിടേണ്ടിവന്ന ക്രിസ്തുമതം സ്വരക്ഷയ്ക്കായി ഉണ്ടാക്കിയ ദൈവശാസ്ത്രശാഖയാണ് അപ്പോളജറ്റിക്സ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോളജറ്റിക്സ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പോളജറ്റിക്സ്&oldid=1697499" എന്ന താളിൽനിന്ന് ശേഖരിച്ചത്