അപ്പുക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒ.വി. വിജയന്റെഖസാക്കിന്റെ ഇതിഹാസം” എന്ന പ്രസിദ്ധനോവലിലെ ഒരു കഥാപാത്രമാണ് അപ്പുക്കിളി. നോവലിൽ 20 വയസ്സിനടുത്ത പ്രായത്തിൽ പ്രത്യക്ഷപ്പെടുന്ന അപ്പുക്കിളി ശരീരത്തിനൊപ്പം വളരാത്ത കൈകാലുകൾ ചേർന്ന അസാധാരണമായ ശരീരപ്രകൃതിയുള്ളവനും ബുദ്ധിവളർച്ച കുറഞ്ഞവനുമാണ്. അതേസമയം, ശിശുസഹജമായ നിഷ്കളങ്കത പ്രകടിപ്പിക്കുന്ന ഈ കഥാപാത്രത്തെ നോവലിസ്റ്റ് “ജന്മാന്തരങ്ങൾ അറിഞ്ഞവൻ” എന്നു വിശേഷിപ്പിക്കുന്നുണ്ട്.

അഞ്ചു സഹോദരിമാരായ നാച്ചി, കോച്ചി, പാച്ചി, കാളി, നീലി എന്നിവരിൽ ഇളയവളും അവിവാഹിതയുമായ നീലി ആയിരുന്നു അപ്പുക്കിളിയുടെ അമ്മ. നാലാമത്തെ സഹോദരിയുടെ ഭർത്താവും 'നരി' എന്ന വിളിപ്പേരുള്ളവനുമായ കുട്ടാപ്പുവിന്റെ മുഖഛായയായിരുന്നു അപ്പുക്കിളിക്ക്. മൂത്ത സഹോദരിമാർ നാലുപേരും വിവാഹിതരായിരുന്നെങ്കിലും അവർക്കു മക്കൾ ഉണ്ടായിരുന്നില്ല. അങ്ങനെ അപ്പുക്കിളി അഞ്ചമ്മമാർ മത്സരിച്ചു നൽകിയ ലാളനയേറ്റു വളർന്നു. അവനെ കുഞ്ഞായിത്തത്തെ കാണാൻ ആഗ്രഹിച്ച വളർത്തമ്മമാർ നാലും, അവന്റെ കൊഞ്ചും മൊഴി അനുകരിച്ചുമാത്രം അവനോടു സംസാരിച്ചു. പത്താമത്തെ വയസ്സിൽ അപ്പുക്കിളിയ്ക്ക് ശരീരത്തിന്റെ സന്തുലിതമായ വളർച്ച നിന്നു. കൈകാലുകൾ മുരടിച്ച് തലയുടേയും ഉടലിന്റെയും മാത്രം വളർച്ച തുടർന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപ്പുക്കിളി&oldid=2744431" എന്ന താളിൽനിന്ന് ശേഖരിച്ചത്