Jump to content

അപ്പീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Karnataka High Court (High Court Building pictured) primarily hears appeals from subordinate courts in the Indian state of Karnataka

ഒരു കോടതിയുടേയോ അല്ലെങ്കിൽ നിയമപരമായി രൂപവത്കരിച്ചിട്ടുള്ള ഭരണനിർവഹണ സമിതിയുടേയോ ന്യായവിധികളെ ചോദ്യം ചെയ്തുകൊണ്ട് അവയെ ഒരുകോടതിയുടേയോ ഉന്നതതരമായ ഒരു സ്ഥാപനത്തിന്റെയോ പുനഃപരിശോധനയ്ക്കായി സമർപ്പിക്കുന്ന നടപടിക്രമത്തെയാണ് അപ്പീൽ എന്നു പറയുന്നത്.

അപ്പീൽ പരിഗണിക്കുന്ന കോടതികൾക്ക് പ്രസ്തുത ന്യായവിധികളെ ശരിവെയ്കുകയോ, റദ്ദുചെയ്യുകയോ, പരിഷ്കരിക്കുകയോ, പുന:പരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയോ ചെയ്യാൻ അവകാശമുണ്ട്. സാധാരയായി അപ്പീൽ സമർപ്പിക്കുന്നത് കേസിൽ പരാജയപ്പെടുന്ന കക്ഷിയാണ്. അല്ലെങ്കിൽ ആവശ്യപ്പെട്ട നിവർത്തികൾ മുഴുവൻ അനുവദിച്ചുകിട്ടാത്ത പക്ഷം വിജയിച്ച കക്ഷിയും അപ്പീൽ സമർപ്പിക്കാറുണ്ട്. വിധിയിൽ ഇരുകക്ഷികളും അസംതൃപ്തരാണെങ്കിൽ ഓരോരുത്തർക്കും വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാം. [1]

ഒരു കോടതിയുടെ തീരുമാനത്തെ അതിനെക്കാൾ അധികാരമുള്ള മറ്റൊരു കോടതി പുനഃപരിശോധിക്കുകയെന്ന ആംഗ്ളോ-അമേരിക്കൻ നിയമതത്ത്വം വൈദിക കോടതികളുടെ (Ecclesiastical Courts) തീർപ്പുകളെ പ്രധാനവൈദികൻ വീണ്ടും പരിശോധിച്ച് അവസാനവിധി കല്പിച്ചിരുന്ന സമ്പ്രദായത്തെ അനുകരിച്ചുണ്ടായിട്ടുള്ളതാണ്. ഇപ്പോൾ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും അപ്പീലിനുള്ള ഏർപ്പാടുകൾ ഉണ്ട്.

അപ്പീലടിസ്ഥാനത്തിൽ കോടതികളെ ഇങ്ങനെ തരംതിരിക്കാം.

1. മജിസ്ട്രേറ്റു കോടതികൾ, മുനിസിപ്പൽ കോടതികൾ തുടങ്ങിയ വിചാരണാധികാരമുള്ള കോടതികൾ (Trial Courts).

2. അപ്പീലധികാരങ്ങളും വിചാരണാധികാരങ്ങളുമുള്ള ജില്ലാ കോടതികൾ, ഹൈക്കോടതികൾ മുതലായവ.

3. അന്തിമ അപ്പീലധികാരമുള്ളതും കോടതികളുടെ ശ്രേണിയിൽ പരമോന്നതപദവിയുള്ളതുമായ സുപ്രീംകോടതി.

അപ്പീലവകാശം

[തിരുത്തുക]

പ്രായോഗികമായും നിയമപരമായും അപ്പീലിനുള്ള അവകാശം കോടതിയുത്തരവുമൂലം ദോഷം ഭവിച്ചിട്ടുള്ള കക്ഷിക്കായിരിക്കും. വ്യവഹാരത്തിൽ കക്ഷിയല്ലാത്ത ഒരാളിനോ, അനുകൂലവിധി സിദ്ധിച്ചിട്ടുള്ള കക്ഷിക്കോ അപ്പീൽ അവകാശമില്ല. എന്നാൽ ഹർജിയിലെ താത്പര്യങ്ങൾക്ക് അഥവാ ആവശ്യപ്പെട്ട നിവർത്തികൾക്ക് ഏതെങ്കിലും കുറവു വന്നിട്ടുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനുവേണ്ടി അപ്പീൽ കൊടുക്കാവുന്നതാണ്. വ്യവഹാരത്തിന്റെ പ്രാരംഭത്തിൽ കക്ഷിയല്ലായിരുന്നുവെങ്കിലും പിന്നീട് കക്ഷി ചേരാൻ അനുവാദം സിദ്ധിച്ചിട്ടുള്ളവർക്കോ, പ്രതിനിധികൾ മുഖേന കക്ഷിയായിരുന്നിട്ടുള്ളവർക്കോ, വ്യവഹാരമധ്യേ സ്വമേധയായിട്ടോ അല്ലാതെയോ കക്ഷി ചേർന്നിട്ടുള്ളവർക്കോ അസ്സൽ കക്ഷികളെപ്പോലെ അപ്പീലവകാശം ഉണ്ടായിരിക്കും.

1908-ലെ സിവിൽ പ്രൊസീഡിയർ കോഡ് അനുസരിച്ചാണ് ഇന്ത്യയിലെ അപ്പീൽ ഇടപാടുകൾ നടക്കുന്നത്. ഈ നിയമമനുസരിച്ച് ആദ്യവിചാരണാധികാരമുള്ള ഏതു കോടതിയുടെയും തീരുമാനങ്ങളിന്മേൽ അപ്പീൽ കേൾക്കുന്നതിനുള്ള അധികാരം അതതു മേല്ക്കോടതികൾക്കുണ്ട്. എക്സ്പാർട്ടി ആയി വിധിച്ച കേസുകളിലും അപ്പീൽ കേൾക്കാറുണ്ട്. കക്ഷികളുടെ ഉഭയസമ്മതപ്രകാരം ഉണ്ടായിട്ടുള്ള വിധികളിന്മേൽ അപ്പീൽ സ്വീകരിക്കുന്നതല്ല.

നിയമത്തിനെതിരായിട്ടോ, നിയമപ്രാബല്യമുള്ള കീഴ്നടപടികൾക്കെതിരായിട്ടോ തീരുമാനങ്ങൾ എടുക്കുക; വിവാദവിഷയത്തെക്കുറിച്ച് അർഹമായ തീരുമാനങ്ങളെടുക്കാതിരിക്കുക, പിശകുമൂലം തീരുമാനത്തിൽ പിഴയുണ്ടാകുക എന്നീ കാര്യങ്ങളുണ്ടായാൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാം.

അപ്പീൽകോടതിക്ക് ഒരു വ്യവഹാരത്തെ സംബന്ധിച്ച് അന്ത്യതീർപ്പു കല്പിക്കുന്നതിനോ, കീഴ്ക്കോടതിയിലേക്കു കേസ് തിരിച്ചയയ്ക്കുന്നതിനോ, വാദമുഖങ്ങൾ രൂപവത്കരിച്ച് വീണ്ടും വിസ്തരിക്കുന്നതിനയയ്ക്കുന്നതിനോ, കൂടുതൽ തെളിവുകൾ എടുക്കുകയോ തെളിവുകൾ എടുക്കാൻ നിർദ്ദേശിക്കുകയോ ചെയ്യുന്നതിനോ അധികാരമുണ്ട്. ആദ്യവിചാരണാധികാരമുള്ള കോടതികളുടേതുപോലുള്ള എല്ലാ കർത്തവ്യങ്ങളും അപ്പീൽ കോടതിക്കുണ്ടായിരിക്കും.

ഇ.ഭ. നിയമം 132-ാം വകുപ്പനുസരിച്ച് ഹൈക്കോടതിയുടെ തീരുമാനങ്ങളിന്മേൽ സുപ്രീംകോടതിയിൽ അപ്പീൽ ബോധിപ്പിക്കാം.

സാധാരണയായി വിവിധ നിയമങ്ങളിൽ അതത് വകുപ്പുകൾപ്രകാരം വിചാരണക്കോടതിൽ അല്ലെങ്കിൽ അധികാര സ്ഥാപനങ്ങൾ വിധി പ്രഖ്യപിക്കുന്നതിൽ ഏതെങ്കിലും കക്ഷിക്ക് പരാതികളുണ്ടെങ്കിൽ, അതിനെതിരായ അപ്പീൽ എപ്രകാരം സമർപ്പിക്കണമെന്ന് വ്യക്തമാക്കുന്ന അപ്പീൽ വകുപ്പും ഉൾപ്പെടുത്തിയിരിക്കും. [2]

അവലംബം

[തിരുത്തുക]
  1. http://law.freeadvice.com/litigation/appeals/appeal_legalese.htm
  2. http://www.lawyersclubindia.com/forum/Definition-of-Appeal-appealable-appellate-Court-in-CPC-32382.asp



കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പീൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പീൽ&oldid=3427137" എന്ന താളിൽനിന്ന് ശേഖരിച്ചത്