അപ്പലേച്ചിയൻ പർവ്വതനിരകൾ
അപ്പലേച്ചിയൻ പർവ്വതനിരകൾ | |
---|---|
അപ്പലേച്ചിയൻ | |
ഉയരം കൂടിയ പർവതം | |
Peak | മിച്ചൽ പർവ്വതം |
Elevation | 6,684 ft (2,037 m) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Countries | United States and Canada |
State/Province | ന്യൂഫൗണ്ട്ലാൻഡ്,[1][2]
Saint Pierre and Miquelon, ക്യൂബെക്ക്, നോവ സ്കോട്ടിയ, ന്യൂ ബ്രൺസ്‌വിക്ക്, മെയിൻ, ന്യൂ ഹാമ്പ്ഷയർ, വെർമണ്ട്, മസാച്യൂസെറ്റ്സ്, കണക്ടിക്കട്ട്, ന്യൂയോർക്ക്, പെൻസിൽവാനിയ, മേരിലാൻഡ്, വിർജീനിയ, പടിഞ്ഞാറൻ വിർജീനിയ, ഒഹയോ, കെന്റക്കി, ടെന്നസി, ന്യൂ ജേഴ്സി, വടക്കൻ കരോളീന, തെക്കൻ കരോളീന, ജോർജ്ജിയ, അലബാമ |
ഭൂവിജ്ഞാനീയം | |
Orogeny | ടാക്കോണിക്ക് |
Age of rock | ഓർഡോവീഷ്യൻ |
അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കേ അരികിലുള്ള പർവ്വതമേഖലയാണ് അപ്പലേച്ചിയൻ പർവ്വതനിരകൾ. വടക്ക് ന്യൂഫൌണ്ട്‌ലൻഡ് മുതൽ തെക്ക് അലബാമാവരെ ഏകദേശം 2,415 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഈ മലനിരകളുടെ വീതി ചിലയിടങ്ങളിൽ 480 കിലോമീറ്ററോളം വരും.
അറ്റ്ലാന്റിക്ക് തീരത്തിനു സമാന്തരമായുള്ള രണ്ടു പംക്തികളായിട്ടാണ് ഈ പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നത്. ബ്ളൂറിഡ്ജ് എന്നും ഗ്രേറ്റ്സ്മോക്കി എന്നും അറിയപ്പെടുന്ന കിഴക്കേ നിര ഉദ്ദേശം 1,200 മീറ്റർ ഉയരത്തിൽ, നീണ്ടു കിടക്കുന്നു. ന്യൂയോർക്കിനു വടക്കു ഭാഗത്തായുള്ള ഹഡ്സൺ ലേക്ക് താഴ്വരയൊഴിച്ചാൽ ഈ നിര ഇടതടവില്ലാത്തതാണ്. പൊതുവേ വന്യവൃക്ഷങ്ങൾ നിറഞ്ഞ ഊഷരഭൂമിയാണിത്. ഈ മലനിരകളുടെ മുകൾപ്പരപ്പിലൂടെ വെട്ടിയിട്ടുള്ള സൌകര്യപ്രദമായ പാതയും അവിടവിടെയുള്ള വന്യമൃഗസങ്കേതങ്ങളും ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
അല്ലിഗെനി പർവ്വതങ്ങളാണ് പടിഞ്ഞാറു സ്ഥിതി ചെയ്യുന്നത്. ഇവയ്ക്കിടയിലാണ് ഗ്രേറ്റ് അപ്പലേച്ചിയൻ താഴ്വര. ജലസമൃദ്ധവും ഫലഭൂയിഷ്ഠവുമായ ഈ താഴ്വര ഖനിജസമ്പത്തിന്റെ കാര്യത്തിലും മുന്നിട്ടുനിൽക്കുന്നു. താഴ്വരയുടെ പടിഞ്ഞാറൻ അതിർത്തി അല്ലിഗെനി നിരയുടെ ചെങ്കുത്തായ മലഞ്ചരിവുകളാണ്. ഈ നിരയുടെ മറ്റേവശം ക്രമേണ ചാഞ്ഞിറങ്ങി പടിഞ്ഞാറൻ സമതലങ്ങളിൽ ലയിക്കുന്നു. കിഴക്കേ അരികിൽ 1,215 മീറ്ററോളം ഉയരം വരും. ഏറ്റവും പൊക്കംകൂടിയ ശിഖരങ്ങളിൽപോലും നിബിഡവനങ്ങൾ കാണാം. സാമ്പത്തിക പ്രാധാന്യമുള്ള വിവിധയിനം വൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്.
കൽക്കരി, എണ്ണ തുടങ്ങി സമ്പദ്പ്രധാനങ്ങളായ ധാരാളം ധാതുക്കൾ ഇവിടെ ഉപസ്ഥിതമാണ്. അല്ലിഗെനി നിരകളാണ് കൂടുതൽ സമ്പന്നം. ഇവിടങ്ങളിലെല്ലാം ഖനനം നടന്നുവരുന്നു. മലമുകളിലേക്കു വളഞ്ഞുപുളഞ്ഞുകയറുന്ന നിരവധി റെയിൽപ്പാതകൾ ഇവിടെ കാണാം.
യു.എസ്സിന്റെ ചരിത്രത്തിലും സമ്പദ്‌വ്യവസ്ഥയിലും അപ്പലേച്ചിയൻ മലനിരകൾ അത്യധികസ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ആധിപത്യത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളും അമേരിക്കൻ സ്വാതന്ത്ര്യയുദ്ധവും നടന്നത് അപ്പലേച്ചിയൻ താഴ്വരയിലായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് ഏറെക്കുറെ പ്രതിബന്ധമായിരുന്നു ഈ പർവ്വതം. ജനാധിവാസം കുറഞ്ഞ ഈ മേഖലയിലെ നിവാസികൾ ഇന്നും താരതമ്യേന അപരിഷ്കൃതരാണ്.
അവലംബം
[തിരുത്തുക]- ↑ "International Appalachian Trail- Newfoundland". Iatnl.ca. Retrieved 2010-11-06.
- ↑ Cees R. van Staal, Mineral Deposits of Canada: Regional Metallogeny: Pre-Carboniferous tectonic evolution and metallogeny of the Canadian Appalachians Archived 2009-03-11 at the Wayback Machine., Geological Survey of Canada website
പുറംകണ്ണികൾ
[തിരുത്തുക]- http://animals.about.com/od/environmenthabitat/p/appalachian.htm Archived 2011-10-24 at the Wayback Machine.
- http://www.peakware.com/areas.html?a=308
- http://www.infoplease.com/ce6/us/A0804389.html
- http://www.britannica.com/EBchecked/topic/30353/Appalachian-Mountains
വീഡിയോ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അപ്പലേച്ചിയൻ പർവ്വതനിരകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |