അപ്പലേച്ചിയൻ പർവതനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പലേച്ചിയൻ പർവതനം, മൂന്നു വ്യത്യസ്ത ഭൗമപ്രക്രിയയുടെ പരിണത ഫലം

വടക്കേ അമേരിക്കയുടെ കിഴക്കേതീരത്ത് സ്ഥിതി ചെയ്യുന്ന അപ്പലേച്ചിയൻ പർവതങ്ങളുടെ ഉദ്ഭവത്തിനു നിദാനമായിത്തീർന്ന ഭൌമപ്രക്രിയയെ അപ്പലേച്ചിയൻ പർവതനം എന്നു പറയുന്നു. ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിലെ അവസാദശിലാശേഖരങ്ങൾ[1] (sedimentary rocks) പാർശ്വികമായ ബലങ്ങൾക്കു വിധേയമായി മടങ്ങി ഒടിഞ്ഞ് പർവതങ്ങളായി ഉയർത്തപ്പെടുന്ന പ്രക്രിയയാണ് പർവതനം (Orogeny).[2]

ചരിത്രം[തിരുത്തുക]

ഭൂമിയുടെ ചരിത്രത്തിൽ ഇത്തരം പ്രക്രിയകൾ പലതവണ ഉണ്ടായിട്ടുള്ളതായി കാണാം. ഏതാണ്ട് പത്തുകോടി വർഷങ്ങൾകൊണ്ടാണ് അപ്പലേച്ചിയൻ പർവത നിരകൾ ഉടലെടുത്തത് എന്ന് അനുമാനിക്കുന്നു. ഈ പർവതന പ്രക്രിയയുടെ തുടക്കം 110 കോടി വർഷങ്ങൾ മുൻപായിരുന്നു. പ്രോട്ടെറോസോയിക്[3] (Proterozoic) യുഗത്തിൽ നിമ്നപ്രദേശമായിരുന്ന അപ്പലേച്ചിയൻ മേഖലയിൽ കിഴക്കും തെക്കുകിഴക്കും നിന്ന് കളിമണ്ണും ചുണ്ണാമ്പും കലർന്ന മണലും ചരലും വന്നടിഞ്ഞു. ഈ മേഖലയിലെ പടിഞ്ഞാറും വടക്കു പടിഞ്ഞാറും അരികുകളിൽ അവസാദശിലാശേഖരങ്ങളുടെ അടരുകൾ താരതമ്യേന കട്ടികുറഞ്ഞോ മറ്റു ശിലാസ്തരങ്ങളുമായി വിലയിച്ചോ കാണപ്പെടുന്നു. കിഴക്കും തെക്കുകിഴക്കും ഭാഗങ്ങളിൽ നിലവിലിരുന്ന കരപ്രദേശം തുടർച്ചയായോ ഇടവിട്ടോ ഉയർന്നുകൊണ്ടിരുന്നു. ഈ പ്രദേശം പിന്നീട് അറ്റ്ലാന്റിക് സമുദ്രത്തിൽ നിമജ്ജിതമായി. അന്ന് ഭൂ-അഭിനതി[4] (geosyncline) ആയിരുന്ന അപ്പലേച്ചിയൻ പ്രദേശത്തോടൊപ്പം ഇപ്പോഴത്തെ മിസിസിപ്പിതടവും ആഴം കുറഞ്ഞ സമുദ്രഭാഗമായിരുന്നു. ഈ പ്രദേശത്തു കാണുന്ന ചുണ്ണാമ്പുകല്ലുകളും ജീവാശ്മങ്ങളും ഇതിനു തെളിവാണ്. ക്രമേണ ഈ ഭൂഭാഗം എക്കലും വണ്ടലുംകൊണ്ട് നിറഞ്ഞ് ഒരു ചതുപ്പുപ്രദേശമായിത്തീർന്നു. തുടർന്ന് ഇവിടെ വൻ വൃക്ഷങ്ങളും സസ്യങ്ങളും നിബിഡമായി വളരാൻ തുടങ്ങി. പിൽക്കാലത്തുണ്ടായ സജീവമായ അവസാദ നിക്ഷേപണത്തിന്റെ ഫലമായി ഇവ മണ്ണിനടിയിൽപെട്ട് ഇന്നത്തെ കൽക്കരിനിക്ഷേപങ്ങളായി മാറി. പ്രതലസംരചനയിൽ കാലാകാലങ്ങളിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങളെയാണ് ഇവ സൂചിപ്പിക്കുന്നത്. കിഴക്കരികിലായി സസ്യജീവാശ്മങ്ങൾ, ചരൽ, മണൽക്കല്ലുകൾ എന്നിവയുടെ ആധിക്യമുള്ള സ്തരങ്ങളും കളിമണ്ണടരുകളും ഒന്നിടവിട്ടു കാണുന്നതും മറ്റൊരു തെളിവാണ്. ഇതിൽനിന്നും അവസാദങ്ങളുടെ ഭാരത്താൽ ഭൂ-അഭിനതി താഴ്ന്നുകൊണ്ടിരുന്നപ്പോൾതന്നെ അതിന്റെ കിഴക്കരിക് ഇടയ്ക്കിടെ ഉയർന്നിരുന്നതായി അനുമാനിക്കേണ്ടിയിരിക്കുന്നു. നിക്ഷേപണംമൂലം അഭിനതിയുടെ വളർച്ച ത്വരിതപ്പെട്ടിരുന്നപ്പോൾതന്നെ പർവത-വിരചന ശക്തികൾ പ്രാബല്യത്തിലായിരുന്നു; ഇങ്ങനെ ഉയർന്ന ഭാഗങ്ങൾ നിക്ഷേപണ ക്രിയയ്ക്കു സഹായകവുമായി. പാലിയോസോയിക്[5] (palaeozoic) യുഗത്തിന്റെ അന്ത്യത്തോടെ അന്തർജാതബലങ്ങളുടെ[6] (endogenic forces) പ്രവർത്തനവും തുടർന്നുള്ള ഭൂവൽക്കസഞ്ചലനവും കൊണ്ട് ശിലാപ്രസ്തരങ്ങൾ ഒടിഞ്ഞുമടങ്ങി ഉയർത്തപ്പെട്ടു. മടക്കലിന്റെ ഫലമായി കൂടുതൽ നിബിഡമായിത്തീർന്ന ശിലാപാളികളിൽ കായാന്തരണ പ്രക്രിയകൾ[7] (metamorphic processes) സജീവമായിത്തീർന്നു.

പർവതനം[തിരുത്തുക]

ചില ഭൂമിശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ പാലിയോസോയിക് യുഗത്തിന്റെ അന്ത്യത്തിലുണ്ടായ പർവതനം ഒന്നുമാത്രമല്ല അപ്പലേച്ചിയൻ നിരകളുടെ ഉദ്ഭവത്തിനു നിദാനം. ഓർഡോവിഷൻ[8] (Ordovician) കാലഘട്ടം മുതൽക്കുതന്നെ പർവതന പ്രക്രിയകൾ ഈ മേഖലയിൽ ആരംഭിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി പൂർത്തിയായ പർവതനിർമിതിയിലെ ഏറ്റവും പ്രമുഖമായ കാലഘട്ടമാണ് അപ്പലേച്ചിയൻ പർവതനമായി അറിയപ്പെടുന്നത്.

യൂറോപ്പിലെ കാലിഡോണിയൻ[9] (Calidonian), ഹെർസീനിയൻ[10] (Hercynian) എന്നീ പർവതനങ്ങൾക്കു സമകാലികമായ ശിലാപടലങ്ങൾ അപ്പലേച്ചിയൻ നിരകളിൽ കാണുന്നുണ്ട്. കിഴക്കു പടിഞ്ഞാറ് മൂന്നു മേഖലകളായി വിഭജിക്കാവുന്ന തരത്തിലാണ് പർവതങ്ങളുടെ കിടപ്പ്. തികച്ചും ക്രമാനുഗതമായ പാലിയോസോയിക് ശിലാപ്രസ്തരങ്ങളാൽ സവിശേഷമായ അപ്പലേച്ചിയൻ അഭിനതിയുടെ മടക്കപ്പെട്ട ഭാഗങ്ങളാണ് ഈ നിരകൾ. വ്യക്തമായ വിവർത്തനിക[11] (tectonic) രേഖകൊണ്ടു വേർതിരിക്കപ്പെട്ട അപ്പലേച്ചിയൻ പീഠഭൂമിയാണ് അടുത്തത്. ഇവിടെ വലനപ്രക്രിയകളുടെ പ്രഭാവം കാണുന്നില്ല. ജീവാശ്മരഹിതമല്ലാത്ത പഴക്കമേറിയ ശിലകളാണ് ഈ പ്രദേശത്തുള്ളത്. മൂന്നാമത്തെ വിഭാഗമാണ് പീഡ്മോണ്ട് പ്രദേശം (Piedmont province).[12] പ്രീകാമ്പ്രിയൻ കാലത്തെ ആഗ്നേയശിലകളും കായാന്തരിതശിലകളുമാണിവിടെ കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-30. Retrieved 2011-10-13.
 2. http://www.earth.ox.ac.uk/~conallm/Caled.pdf
 3. http://www.ias.ac.in/jessci/feb06/vin-1.pdf
 4. http://202.41.82.144/rawdataupload/upload/insa/INSA_1/20005abb_523.pdf[പ്രവർത്തിക്കാത്ത കണ്ണി]
 5. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-19. Retrieved 2011-10-13.
 6. [1] Archived 2011-05-13 at the Wayback Machine.endogenic forces
 7. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-14. Retrieved 2011-10-13.
 8. http://www.ucmp.berkeley.edu/ordovician/ordovician.html
 9. http://www.eoearth.org/article/Mountain
 10. http://www.britannica.com/EBchecked/topic/262841/Hercynian-orogenic-belt
 11. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-13. Retrieved 2011-10-13.
 12. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-02-10. Retrieved 2011-10-13.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പലേച്ചിയൻ പർവതനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പലേച്ചിയൻ_പർവതനം&oldid=3976403" എന്ന താളിൽനിന്ന് ശേഖരിച്ചത്