അപുഷ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപുഷ്ടി

ഏതെങ്കിലും ഒരവയവത്തിനോ അവയവഭാഗത്തിനോ ശരിയായ വളർച്ച പ്രാപിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് അപുഷ്ടി. പേശികളെയും നാഡികളെയും ബാധിക്കുന്ന രോഗങ്ങളിലാണ് അപുഷ്ടി ഏറ്റവുമധികം വ്യക്തമാകുക. കുറേ കോശങ്ങളൊരുമിച്ചോ ടിഷ്യു തന്നെയോ ഏതെങ്കിലും രോഗത്താലോ മുറിവുകൾ മൂലമോ നഷ്ടപ്പെടുന്ന ഹൈപ്പോപ്ലാസിയ അഥവാ എപ്ലാസിയ അപുഷ്ടിയാണെന്ന് തെറ്റിദ്ധരിച്ചുകൂടാ. കോശങ്ങളുടെ ഉപാപചയത്തിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് മിക്കവാറും എല്ലാത്തരം അപുഷ്ടികൾക്കും കാരണമാകുക.

രോഗത്തിന്റെ സ്വഭാവം[തിരുത്തുക]

അപുഷ്ടി ബാധിച്ച ഒരവയവത്തിന്റെ വലിപ്പംകൊണ്ട് അപുഷ്ടിയുടെ കാഠിന്യം നിശ്ചയിക്കാൻ സാധ്യമല്ല. പലപ്പോഴും കൊഴുപ്പിന്റേയും മറ്റും വർധനവുമൂലം നഷ്ടപ്രായമായ ഭാഗങ്ങൾ ഏതാണെന്ന് ബാഹ്യവീക്ഷണത്തിൽ മനസ്സിലായെന്നു വരില്ല. അതുപോലെതന്നെ അപുഷ്ടി ഒരവയവത്തിന്റെ എല്ലാ ഭാഗങ്ങളേയും ഒരുപോലെ ബാധിച്ചു എന്നും വരില്ല.

പല രോഗങ്ങളുടേയും ഫലമായി അപുഷ്ടി ഉണ്ടാകാം. പേശികൾക്ക് സംഭവിക്കുന്ന അപുഷ്ടി ഇതിനുദാഹരണമാണ്. അസ്ഥിപേശികളെപ്പോലും ഇതു ബാധിക്കാറുണ്ട്. അസ്ഥിയുടെ ഉൾഭാഗങ്ങളെ ബാധിക്കുന്ന അപുഷ്ടി എക്സ്-റേയുടെ സഹായത്തോടെ മനസ്സിലാക്കാൻ കഴിയും. നാഡികൾ മുറിഞ്ഞുപോയ പേശികൾക്ക് വളരെ പെട്ടെന്ന് തേയ്മാനം സംഭവിക്കുന്നു. സുഷുമ്നാ നാഡിയുടെ ആന്റീരിയർ ഹോണുകൾ ശുഷ്കപ്രായമായി തീരുന്നതാകാം ഇതിനു കാരണം. തീക്ഷണമായ പോളിയോയുടെ ഫലമാണിത്. തോളുകൾ, കൈകൾ, കൈപ്പത്തികൾ തുടങ്ങിയവയുടെ പേശികളിലുണ്ടാകുന്ന അപുഷ്ടി പ്രോഗ്രസീവ് സ്പൈനൽ മസ്കുലാർ അട്രോഫി എന്നറിയപ്പെടുന്നു. ഇത് ക്രമേണ ശരീരത്തിന്റെ താഴത്തെ ഭാഗങ്ങളിലേക്കും വ്യാപിക്കും.

വിവിധയിനം അപുഷ്ടികൾ[തിരുത്തുക]

അപുഷ്ടി വിവിധ തരത്തിലുണ്ട്. പ്രായം കൂടുന്തോറും പേശികൾക്കുണ്ടാകുന്ന അപുഷ്ടി സെനൈൽ അട്രോഫി എന്നറിയപ്പെടുന്നു. വാർധക്യമാകുമ്പോൾ അസ്ഥിയുടെ കാഠിന്യം കൂടുകയും തൊലിയുടെ ഇലാസ്തികത കുറയുകയും മറ്റും ചെയ്യുന്നത് ഇതുമൂലമാണ്. ദീർഘ സമയത്തേക്ക് മർദത്തിനടിപ്പെട്ടിരിക്കുന്ന അവയവത്തിനോ കോശങ്ങൾക്കോ ആണ് പ്രഷർ അട്രോഫി സംഭവിക്കുക. വളർന്നുകൊണ്ടിരിക്കുന്ന ഒരു ട്യൂമറിനു ചുറ്റുമുള്ള കോശങ്ങളിൽ കാണുന്ന അപുഷ്ടി ഇതിനുദാഹരമാണ്.

ടോക്സിക് അട്രോഫി എന്നറിയപ്പെടുന്ന മറ്റൊരിനം അപുഷ്ടി സാധാരണമാണോ എന്ന കാര്യം തർക്കവിഷയമാണ്. കാരണം ഒരു വിഷദ്രവത്തിൽനിന്നും ഉണ്ടാകുന്നതാകണം ഇത്. ദീർഘകാലം നിലനില്ക്കുന്ന പനിയുടേയും മറ്റും ഫലമായി ചില വിഷവസ്തുക്കൾ രക്തത്തിലുണ്ടാകുകയും ഇത് പേശികളുടേയും മറ്റവയവങ്ങളുടേയും അപുഷ്ടിക്കു കാരണമാകുകയും ചെയ്യാവുന്നതാണ്. ഒരു പ്രത്യേക പേശിക്കോ പേശീ സമൂഹത്തിനോ ഉള്ള മോട്ടോർ തന്ത്രികൾ നഷ്ടപ്പെടുന്നതിനാലുളവാകുന്നതാണ് ന്യൂറോട്രോഫിക് അട്രോഫി. അവയവങ്ങളുടെ തുടർച്ചയായുള്ള ചലനരാഹിത്യം ഇതിന് കാരണമാകുന്നു. ഉദാ. പോളിയോ വന്നതിനുശേഷമുണ്ടാകുന്ന തളർച്ചയും അപുഷ്ടിയും. വളരെ സമയം എക്സ്റേ തട്ടിക്കൊണ്ടിരിക്കുന്ന തൊലിക്ക് അപുഷ്ടി സംഭവിക്കുന്നതു കാണാം. സാധാരണ ത്വക്കിനേക്കാൾ നേരിയതായിരിക്കും അപുഷ്ടിക്കടിപെട്ട തൊലി. ഇത് കൂടുതൽ മിനുസവുമായിരിക്കും. മുറിവുകൾ ഇതിൽ നിഷ്പ്രയാസമുണ്ടാകുന്നു. അവ ഉണങ്ങാൻ കാലതാമസം നേരിടുകയും ചെയ്യും. ദൃക്തന്ത്രികൾക്കും അപുഷ്ടി സംഭവിക്കാറുണ്ട്. പലപ്പോഴും ഇത് പൂർണമായ അന്ധതയിൽ കലാശിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപുഷ്ടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപുഷ്ടി&oldid=2280152" എന്ന താളിൽനിന്ന് ശേഖരിച്ചത്