അപരാജിതോ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ പഥേർ പാഞ്ചാലി എന്ന പ്രഥമ നോവലിന്റെ തുടർച്ചയാണ അപരാജിതോ ,(ബംഗാളി: অপরাজিত ) . കേന്ദ്രകഥാപാത്രമായ അപു കൌമാരത്തിലേക്ക് കാലൂന്നുന്നിടത്താണ് പഥേർ പാഞ്ചാലി അവസാനിക്കുന്നത്. കൌമാരവും യൌവനവും കടന്ന് മധ്യവയസ്ക്കനാകുന്ന അപുവിനേയാണ് അപരാജിതോ നോവലിൽ ബിഭൂതിഭൂഷൺ പരിചയപ്പെടുത്തുന്നത്. എത്ര കടുത്ത ജീവിത സംഘർഷങ്ങളേയും തളരാതെ, തോല്ക്കാതെ അഭിമുഖീകരിക്കേണ്ട ആവശ്യകത അപു മനസ്സിലാക്കുന്നു. പ്രവാസി എന്ന ബംഗാളി മാസികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കപ്പെട്ട ശേഷം 1932-ൽ പുസ്തകരൂപത്തിലിറങ്ങി. [1]

കഥാസംഗ്രഹം[തിരുത്തുക]

അകന്ന ബന്ധുവിന്റെ ഔദാര്യം സ്വീകരിച്ച് അപുവും അമ്മയും മനസാപോതയെന്ന ഗ്രാമത്തിലെത്തുന്നു. ആ ഗ്രാമത്തിലെ പ്രധാന പൂജാരിയായി അപു ഉയരുമെന്നും നല്ല വരുമാനം ഉണ്ടാകുമെന്നുമൊക്കെയുളള സർവ്വജയയുടെ സ്വപ്നങ്ങളെ പാടെ അവഗണിച്ചുകൊണ്ട് അപു എന്തു കഷ്ടം സഹിച്ചും പഠിത്തം തുടരുന്നു. പഠിത്തം പുതിയ ലോകങ്ങളിലേക്കുളള വാതിലുകൾ തുറന്നു തരുമെന്ന് അപുവിന് ഉറപ്പുണ്ട്. സർവ്വജയ മകന്റെ അഭീഷ്ടത്തിന് വഴങ്ങിക്കൊടുക്കുന്നുണ്ടെങ്കിലും, കുതിച്ചുപായാനാഗ്രഹിക്കുന്ന തന്റെ കാലുകളെ അമ്മയുടെ സ്നേഹപാശം തളക്കുന്നതായി അപുവിന് അനുഭവപ്പെടുന്നു. കോളേജ് വിദ്യാഭ്യാസത്തിനായി കൊൽക്കത്തയിലെത്തുന്ന അപു ഒരു പുതിയ ലോകത്തിലേക്ക് പ്രവേശിക്കുകയാണ്. പബ്ളിക് ലൈബ്രറിയും ഉത്പതിഷ്ണുക്കളായ സുഹൃദ്വലയവും മാനസിക വളർച്ചക്ക് വളമിടുന്നു. അമ്മയുടെ നിര്യാണം താത്ക്കാലികമായി അപുവിൽ താൻ സ്വതന്ത്രനായി എന്ന തോന്നലുണ്ടാക്കുന്നു. പണത്തിനുളള ഞെരുക്കം മൂലം പഠിത്തം തുടരാനാകുന്നില്ല. എഴുത്തും വായനയും അല്ലറ ചില്ലറ ജോലികളുമായി അപു ദിവസങ്ങൾ തളളിനീക്കുന്നു.

തികച്ചും അവിചാരിതമായ ചുറ്റുപാടിലാണ് അപുവും അപർണ്ണയും തമ്മിലുളള വിവാഹം നടക്കുന്നത്. സർവ്വജയയുടെ മരണം അപുവിന്റെ മനസ്സിലുണ്ടാക്കിയ വൈകാരികശൂന്യത അപർണ്ണ സ്നേഹം കൊണ്ടു നിറക്കുന്നു. പ്രസവത്തോടെയുളള അപർണ്ണയുടെ മരണം അപുവിന്റെ ലോകത്തെ ആകെ ഉലച്ചുകളയുന്നു. നവജാതശിശുവുമായി (കാജൽ) ആത്മബന്ധം സ്ഥാപിക്കാനാകാതെ അപു ഏറെക്കാലം സ്വന്തം ദുഃഖത്തിലാണ്ടു കിടക്കുന്നു. വളരെപ്പിന്നീട് കാജലിന്റെ ശിസുസഹജമായ നിഷ്ക്കളങ്കത അപുവിന്റെ പിതൃചേതനയെ തൊട്ടുണർത്തുന്നു.

ഇരുപത്തഞ്ചു വർഷങ്ങൾക്കുശേഷം, അപു പ്രകൃതിസുന്ദരമായ നിശ്ചിന്തപൂർ ഗ്രാമത്തിലെത്തുന്നു. ഒപ്പം ഒമ്പതു വയസ്സുകാരനായ കാജലുമുണ്ട്. ഗാമത്തിലെ ശാന്തസുന്ദരമായ ബാല്യകാലം തന്റെ വ്യക്തിത്വത്തിന് നല്കിയ സുദൃഢമായ അടിത്തറയെക്കുറിച്ച് ബോധവാനാകുന്ന അപു, കാജലിനും അതിനുളള അവസരം ഒരുക്കിക്കൊടുക്കുന്നു. ഇച്ഛാമതിയുടെ അനവരതമായ ഒഴുക്കു പോലുളള ജീവിതധാരയിൽ അനുഭൂതികളും പ്രതീക്ഷകളും, ഭാവനകളും സ്വപ്നങ്ങളുമാണ് വർണ്ണങ്ങൾ ചാലിക്കുന്നതെന്നും, സംഘർഷങ്ങളെ ജയിക്കാനുളള ഉപാധികളാണവയെന്നും അപു മനസ്സിലാക്കുന്നു.

ചലച്ചിത്രാവിഷ്ക്കാരം[തിരുത്തുക]

പ്രധാന ലേഖനം അപരാജിതോ

സർവ്വജയയുടെ മരണം വരെയുളള സംഭവഗതികളാണ് സത്യജിത് റേ തന്റെ അപരാജിതോ എന്ന ചലച്ചിത്രത്തിൽ ഉൾക്കൊളളിച്ചിരിക്കുന്നത്. ബാക്കിയുളള ഭാഗം അപൂർ സൻസാറിലും.


അവലംബം[തിരുത്തുക]

  1. Bibhutibhushan Bandopadhyay (2005). Upanyas Samgra. Mitra &Ghosh Pvt.Ltd. ISBN 8172938519.
"https://ml.wikipedia.org/w/index.php?title=അപരാജിതോ_(നോവൽ)&oldid=1931684" എന്ന താളിൽനിന്ന് ശേഖരിച്ചത്