അപരാജിതപല്ലവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൊണ്ടൈമണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന പല്ലവരാജ്യം ഭരിച്ച അവസാന ചക്രവർത്തിയായിരുന്നു അപരാജിതപല്ലവൻ. ഇദ്ദേഹത്തിന്റെ ശാസനങ്ങൾ മദ്രാസിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ എട്ടുകൊല്ലത്തെ കാലയളവിലേതു മാത്രമായി കാണുന്നതുകൊണ്ട് അപരാജിതന്റെ ചരിത്രം ഇന്നും ശരിക്ക് അറിവില്ല. പല്ലവരാജാവായ നന്ദിവർമൻ III-ആമന് (ഭ.കാ. 844-66) മാരംബാവൈ എന്ന പട്ടമഹിഷിയിൽ ജനിച്ച പുത്രനാണ് അപരാജിതൻ. അപരാജിതന്റെ ഭരണം 875 മുതൽ 885 വരെയായിരുന്നുവെന്ന് പ്രൊഫ. കെ. ഗോപാലനും 875 മുതൽ 893 വരെ ആയിരുന്നുവെന്ന് പ്രൊഫ. ആർ സത്യനാഥയ്യരും 879 മുതൽ 897 വരെ എന്ന് പ്രൊഫ. കെ. എ. നീലകണ്ഠശാസ്ത്രിയും 895 മുതൽ 913 വരെ എന്ന് പ്രൊഫ. മഹാലിംഗവും അഭിപ്രായപ്പെടുന്നു.

ഗംഗരാജാവായ പൃഥ്വീപതി I-ആമന്റെ ഉദയേന്ദിരം ശാസനത്തിൽ നിന്നും, അദ്ദേഹത്തിന്റെ സഹായത്തോടെ അപരാജിതൻ പാണ്ഡ്യരാജാവായ വരഗുണൻ II-ആമനെ ശ്രീപുരമ്പിയം യുദ്ധത്തിൽ നിശ്ശേഷം പരാജയപ്പെടുത്തി എന്നു വ്യക്തമാകുന്നുണ്ട്. കുംഭകോണത്തിന് സമീപമുള്ള തിരുപുറമ്പിയം ആകണം ശ്രീപുരമ്പിയം എന്ന ഡോ. ഹുൾഷിന്റെ അഭിപ്രായത്തിന് ഇന്ന് പരക്കെ അംഗീകാരം സിദ്ധിച്ചിട്ടുണ്ട്. ശ്രീപുരമ്പിയം യുദ്ധം 880-ൽ ആയിരുന്നുവെന്ന പ്രൊഫ. ഗോപാലന്റെ അഭിപ്രായത്തോടു യോജിക്കാതിരിക്കുന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. മറ്റൊരു പ്രശ്നം അപരാജിതനെ സംബന്ധിച്ച് ഡോ. ഹുൾഷ് അവതരിപ്പിക്കുന്നു: പടിഞ്ഞാറൻ മൈസൂർ വാണിരുന്ന ഗംഗരാജാവായ പൃഥ്വീപതി എങ്ങനെ അപരാജിതന്റെ സഹായത്തിനെത്തി എന്നത്. പൃഥ്വീപതി, പല്ലവസമ്രാട്ടിന്റെ സാമന്തനായിരുന്നുവെന്നും അതുകൊണ്ടാണ് ശ്രീപുരമ്പിയം യുദ്ധത്തിൽ ശത്രുവിനെ പരാജയപ്പെടുത്തി അപരാജിതനെന്നപേർ അന്വർഥമാക്കിത്തീർത്തതെന്നും ഉള്ള നിഗമനത്തിലാണ് ഉദയേന്ദിരം ശാസനവ്യാഖ്യാനം മുഖേന അദ്ദേഹം എത്തിച്ചേരുന്നത്.

പല്ലവരാജ്യത്തിനും അപരാജിതചക്രവർത്തിക്കും അപകടത്തിൽ നിന്ന് മോചനം ലഭിക്കുവാൻ ഈ വിജയം ഒട്ടും പര്യാപ്തമായില്ല. കാരണം ശ്രീപുരമ്പിയം യുദ്ധത്തിനുശേഷം ചോളരാജാവായ ആദിത്യൻ I-ആമന്റെ ശക്തമായ ആക്രമണത്തിന് പല്ലവമന്നൻ വിധേയനായി. മാത്രമല്ല അപരാജിതനെ വധിച്ച് തൊണ്ടൈമണ്ഡലം ചോളദേശത്തോടു കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതോടെ പല്ലവരാജ്യത്തിന്റെ രാഷ്ട്രീയചരിത്രവും അവസാനിച്ചു.

തിരുത്തണ്ണിയിലെ വിരുട്ടാനേശ്വരം ക്ഷേത്രം അപരാജിതപല്ലവനാണ് നിർമിച്ചത്. ദ്രാവിഡവാസ്തുശില്പകലയ്ക്ക് കനത്ത സംഭാവന നൽകിയ പല്ലവചക്രവർത്തിമാരിൽ ഒരു മാന്യസ്ഥാനത്തിന് അപരാജിതപല്ലവൻ അർഹനാണ്. തനതായ ഒരു ശൈലി അപരാജിതൻ ആവിഷ്കരിച്ചുവെന്നുമാത്രമല്ല, വാസ്തുശില്പകലയ്ക്ക് സമ്പൂർണത നേടിക്കൊടുക്കുകകൂടി ചെയ്തു. അനാവശ്യവും സങ്കീർണവുമായ അലങ്കാരങ്ങൾക്കും ആർഭാടങ്ങൾക്കും തന്റെ പൂർവികൻമാർ നൽകിയിരുന്ന സ്ഥാനത്ത് ലാളിത്യം, ഗാംഭീര്യം, ശാലീനത എന്നിവ പല്ലവക്ഷേത്രങ്ങളിൽ ഇദ്ദേഹം ആവിഷ്കരിച്ചു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപരാജിതപല്ലവൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപരാജിതപല്ലവൻ&oldid=2280136" എന്ന താളിൽനിന്ന് ശേഖരിച്ചത്