അപഭ്രഷ്ടത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വതന്ത്രമായ ഭൌതികരാശികൾ (physical quantities)[1] തുല്യമായി വരുന്ന അവസ്ഥ സൂചിപ്പിക്കുന്ന സംജ്ഞയെ അപ്ഭ്രഷ്ടത എന്നു പറയുന്നു. ക്ലാസിക്കൽ ഭൌതികശാസ്ത്രത്തിൽ സ്വതന്ത്രമായ രണ്ടോ അതിലേറെയോ തരം കമ്പനങ്ങൾക്കു പൊതുവായി ഒരേ ആവൃത്തി (frequency) തന്നെ ആണെങ്കിൽ ആ കമ്പനങ്ങൾക്ക് അപഭ്രഷ്ടത ഉണ്ടെന്നു പറയുന്നു. തരംഗബലതന്ത്ര(Wave Mechanics)[2]ത്തിൽ രണ്ട് അവസ്ഥകളിലുള്ള ഊർജനിലകൾ(energy levels)ക്ക് ഒരേ ഊർജംതന്നെ ആണെങ്കിൽ ആ നിലകളുടെ ഒരു ഗുണധർമം ആണ് അപഭ്രഷ്ടത. വിവിധതരം n കമ്പനങ്ങൾ ഒരേ ആവൃത്തിയിൽ ഉണ്ടെങ്കിൽ, അത്തരം അപഭ്രഷ്ടതയുടെ ഡിഗ്രി n ആയിരിക്കും.

ഭൌതികശാസ്ത്രത്തിന്റെ ആധുനികശാഖയായ ക്വാണ്ടം ബലതന്ത്രത്തിലെ വളരെ സാങ്കേതികമായ ഒരാശയമാണിത്. ഒരു ഭൌതികവ്യൂഹത്തിന്റെ അവസ്ഥകൾ നിർദിഷ്ടമായ ക്വാണ്ടം നമ്പരുക(quantum numbers)ളാൽ[3] നിർവചിക്കപ്പെട്ടിരിക്കുന്നു. ഓരോ അവസ്ഥയേയും പ്രത്യേക ഫലനം (function) കൊണ്ട് ചിത്രീകരിക്കാവുന്നതാണ്. ഒരു ഫലനത്തിന് സംഗതമായ ഊർജ്ജത്തിന്റെ മൂല്യം വ്യൂഹത്തിന്റെ തന്നെ ഐഗൻമൂല്യം (eigen value)[4] ആണ്. ചിലപ്പോൾ ഒരു മൂല്യത്തിനു സംഗതമായ ഒന്നിലധികം ഫലനങ്ങൾ ഉണ്ടാകാം. അത്തരം ഫലനങ്ങളെയും ബന്ധപ്പെട്ട മൂല്യങ്ങളെയും അപഭ്രഷ്ടം എന്നു പറയുന്നു.

വാതകങ്ങളുടെ ഗതികസിദ്ധാന്ത(Kinetic theory)ത്തിൽ[5] ആദർശവാതകനിയമങ്ങൾ (Ideal Gas Laws)[6] അനുസരിക്കാത്ത വാതകങ്ങളെ അപഭ്രഷ്ടം എന്നു പറയാറുണ്ട്. യഥാർഥ വാതകങ്ങൾ (real gases)[7] എല്ലാംതന്നെ അപഭ്രഷ്ടം ആണ്. ഇവ ആദർശസ്വഭാവത്തിൽനിന്ന് എത്രത്തോളം വ്യതിചലിക്കുന്നുവോ അത്രത്തോളം അവയുടെ അപഭ്രഷ്ടതയും കൂടുന്നു.

ഫെർമി താപനില (Fermi temperature)യിൽനിന്നും[8] വളരെ താണ താപനിലയിൽ വർത്തിക്കുന്ന ഇലക്ട്രോൺ വാതക(electron gas)ത്തെ അപഭ്രഷ്ട ഇലക്ട്രോൺ വാതകം എന്നാണ് പറയുന്നത്. ഇതിനു ഫെർമി-ഡിറാക് (Fermi-Dirac) സാംഖ്യികീയ വിതരണനിയമം (Statistical Distribution Law)[9] ബാധകമാണ്.

അവലംബം[തിരുത്തുക]

  1. http://www.facebook.com/pages/Physical-quantity/135508239812951
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-23. Retrieved 2011-09-24.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-27. Retrieved 2011-09-24.
  4. http://www.physlink.com/education/askexperts/ae520.cfm
  5. http://hyperphysics.phy-astr.gsu.edu/hbase/kinetic/kinthe.html
  6. http://hyperphysics.phy-astr.gsu.edu/hbase/kinetic/idegas.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-30. Retrieved 2011-09-24.
  8. http://scienceworld.wolfram.com/physics/FermiTemperature.html
  9. http://assets.cambridge.org/97805218/11194/excerpt/9780521811194_excerpt.pdf
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപഭ്രഷ്ടത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപഭ്രഷ്ടത&oldid=3936796" എന്ന താളിൽനിന്ന് ശേഖരിച്ചത്