അന്വേഷണക്കോടതി
ഗവൺമെന്റുകൾ ചില ആവശ്യങ്ങൾക്കുവേണ്ടി അന്വേഷണക്കോടതികൾ ഏർപ്പെടുത്താറുണ്ട്. അവ സാധാരണയായി ഭരണനിർവഹണപരമായി ട്രൈബ്യൂണലുകളുടെ സ്വഭാവത്തിലുള്ളവയാണ്. അവയിൽ പ്രാമുഖ്യമർഹിക്കുന്നവ, ഗവൺമെന്റിന്റെ കീഴിൽ ഉദ്യോഗം വഹിക്കുന്നവരുടെ മേൽ കർത്തവ്യവിലോപം, അഴിമതി, ക്രമവിരുദ്ധമായ നടപടികൾ എന്നിവ ആരോപിക്കപ്പെടുമ്പോൾ അവയെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനുവേണ്ടി രൂപവത്ക്കരിക്കുന്ന അന്വേഷണക്കോടതികളാണ്.
അധികാരങ്ങളും കർത്തവ്യങ്ങളും[തിരുത്തുക]
1850-ലെ ഇന്ത്യൻ പബ്ലിക് സർവന്റ്സ് എൻക്വയറീസ് ആക്റ്റിൽ അന്വേഷണക്കോടതിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.[1] ഗവൺമെന്റിന്റെ കീഴിൽ അതിന്റെ അനുമതി കൂടാതെ പിരിച്ചുവിടാനാവാത്ത ഉദ്യോഗം വഹിക്കുന്ന ആളുകളെ സംബന്ധിച്ചുന്നയിക്കപ്പെടുന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഗവൺമെന്റിന് അഭിപ്രായമുള്ളപക്ഷം അങ്ങനെ അന്വേഷണം നടത്തുന്ന ചുമതല ഏൽപിക്കാവുന്ന അധികാരസ്ഥാനങ്ങളുടെ കൂട്ടത്തിൽ അന്വേഷണക്കോടതി ഉൾപ്പെടുന്നു. ആ കോടതിയുടെ അധികാരങ്ങളും കർത്തവ്യങ്ങളും എന്തൊക്കെയാണെന്ന് ആ ആക്ടിൽ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ സിവിൽ സർവ്വീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസനുസരിച്ച് [2]രൂപവത്ക്കരിച്ചിട്ടുള്ള അധികാരസ്ഥാനം അന്വേഷണക്കോടതിയുടെ സ്വഭാവത്തിലുള്ളതുതന്നെയാകുന്നു. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പൊതുജീവനക്കാരുടെമേൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് അന്വേഷണക്കോടതിയുടെ സ്വഭാവത്തിലുള്ള അധികാരസ്ഥാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോപണത്തിനു വിധേയരായ പൊതുജനസേവകർക്ക്, ഭരണഘടനയിലെ 311-ആം അനുച്ഛേദത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ള സംരക്ഷണവ്യവസ്ഥകൾ അന്വേഷണക്കോടതിയിലെ നടപടികളിൽ ആദരിക്കുന്നുണ്ടാവും.
ഇതു കൂടാതെ 1955-ലെ ആൾ ഇന്ത്യാ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽസ്) റൂളുകളിലും റയിൽവേ എസ്റ്റാബ്ലിഷ്മെന്റ് കോഡിലും മേൽപറഞ്ഞ തരത്തിലുള്ള അധികാരസ്ഥാനത്തെ നിയമിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുംകൂടികാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-15.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-15.
പുറംകണ്ണികൾ[തിരുത്തുക]
- http://www.citehr.com/research.php?q=court-of-enquiry#axzz1Xzm8ULKl
- http://ofbindia.nic.in/units/efa/downloads/efa_378a063b8fdb1db941e34f4bde584c7d.pdf Archived 2012-01-31 at the Wayback Machine.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്വേഷണക്കോടതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |