അന്റോണൈൻ കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്റോണൈൻ കോട്ടയുടെയും ഹാഡ്രിയൻസ് കോട്ടയുടെയും സ്ഥാനം

സ്കോട്ട്‌ലൻഡിലെ പഴയ ഒരു റോമൻ കോട്ടയാണ്‌ അന്റോണൈൻ കോട്ട. അന്റോണിനസ് പയസി(എ.ഡി. 86-161)ന്റെ കീഴിൽ ഗവർണർ ആയിരുന്ന ലോലിയസ് അർബിക്കസ് എ.ഡി. 142-ൽ പണിയിച്ചതാണിത്.[1] ഫോർത്ത്, ക്ളൈഡ് എന്നീ നദികളുടെ മുഖങ്ങളെ തമ്മിൽ ബന്ധിക്കുന്നതാണീ കോട്ട.

നിർമ്മാണം[തിരുത്തുക]

ഈ കോട്ടയ്ക്ക് ഏതാണ്ട് 56 കിലോമീറ്റർ. നീളവും ഏകദേശം 7 കിലോമീറ്റർ ഉയരവുമുള്ള തിട്ടയുണ്ടായിരുന്നു. പടിഞ്ഞാറു ഭാഗത്ത് പൊറ്റയും കിഴക്ക് ചെളിയും ചേർത്താണ് ഇത് നിർമിച്ചത്. അടിത്തറ 6 കിലോമീറ്റർ വീതിയിൽ കല്ലു പടുത്തുണ്ടാക്കിയതാണ്. അതിനോടു ചേർന്ന് ശരാശരി 4 കിലോമീറ്റർ. ആഴമുള്ള കിടങ്ങ് കുഴിച്ചിരുന്നു. ഇതിന്റെ പ്രതിരോധാർഥം ഏതാണ്ട് 19-ഓളം കൊത്തളങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ മമ്രില്ലിസ് കൊത്തളത്തിന് 2.53 ഹെക്ടർ വിസ്തീർണമുണ്ടായിരുന്നു. ഇത് പടത്തലവന്റെ ആസ്ഥാനമായിരുന്നുവെന്ന് ഊഹിക്കപ്പെടുന്നു. മറ്റുള്ളവയുടെ വിസ്തീർണം 0.40 മുതൽ 1.62 ഹെക്ടർ വരെ വരും. മറ്റു സാധാരണ കോട്ടകൾക്ക്, പ്രത്യേകിച്ച് ഹാഡ്രിയൻ കോട്ടയ്ക്ക്, ഇതുപോലെ ദുർഗമന്ദിരങ്ങളോ താഴികക്കുടങ്ങളോ ഗോപുരങ്ങളോ ഉണ്ടായിരുന്നില്ല. കൊത്തളങ്ങൾ തടികൊണ്ടു നിർമ്മിക്കപ്പെട്ടവയായിരുന്നു. ഈ മതിൽ ബ്രിട്ടനിലെ റോമൻ ഗവർണറായിരുന്ന അഗ്രിക്കോള നിർമിച്ച (എ.ഡി. 81) ഒരു താത്കാലിക അതിർത്തിക്കോട്ടയുടെ സ്ഥാനത്തുതന്നെയാണ് പണിയപ്പെട്ടതെന്ന് ഉത്ഖനനങ്ങൾ തെളിയിച്ചിട്ടുണ്ട്. മൂന്ന് ബ്രിട്ടിഷ് സേനാവ്യൂഹങ്ങളാണ് ഇതിന്റെ പണിയിൽ ഏർപ്പെട്ടിരുന്നത്. ഓരോ വ്യൂഹവും നിർമിച്ച പണിയുടെ ദൈർഘ്യം ശിലകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഹാഡ്രിയൻ കോട്ടയേക്കാൾ ദൈർഘ്യം കുറഞ്ഞ ഒരു പ്രതിരോധദുർഗം ഉണ്ടാക്കുക എന്ന ആശയമായിരിക്കണം ഈ കോട്ട പണികഴിപ്പിക്കാൻ പ്രേരണ നല്കിയത്. സൈന്യങ്ങൾക്ക് ചുറ്റി നടക്കാനുള്ള സൌകര്യം ഉണ്ടായിരിക്കണമെന്ന് ഉദ്ദേശിച്ചിരുന്നതുകൊണ്ടായിരിക്കാം പ്രത്യേകിച്ച് കാവൽമന്ദിരങ്ങളോ ഗോപുരങ്ങളോ ഇതിൽ ഏർപ്പെടുത്താതിരുന്നത്. ഏതായാലും ഈ പദ്ധതി അത്ര വിജയപ്രദമായിരുന്നില്ല. രണ്ടു പ്രാവശ്യം ഈ കോട്ട ആക്രമണവിധേയമായി; കുറെ നാശനഷ്ടങ്ങളുമുണ്ടായി. എ.ഡി.

200-ാമാണ്ടോടുകൂടി ഈ കോട്ട പരിപൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയായി.

അവലംബം[തിരുത്തുക]

  1. Robertson, Anne S. (1960) The Antonine Wall. Glasgow Archaeological Society. p. 7.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്റോണൈൻ_കോട്ട എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്റോണൈൻ_കോട്ട&oldid=2368523" എന്ന താളിൽനിന്ന് ശേഖരിച്ചത്