അന്യൂറിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്യൂറിസം
Aneurysem.jpg
സെറിബ്രൽ ആർട്ടറിയിലെ അന്യൂറിസം വിശദമാക്കുന്ന ആൻ‌ജിയോഗ്രാഫി
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി vascular surgery
ICD-10 I72
ICD-9-CM 442
DiseasesDB 15088
MedlinePlus 001122
MeSH D000783

ദുർബലമായ രക്തക്കുഴലുകളിൽ കാണുന്ന അപസാമാന്യ സ്ഥാനികവീക്കമാണ് അന്യൂറിസം. രക്തക്കുഴലുകളുടെ ഭിത്തിയിലുള്ള ഇലാസ്തികകലയാണ് രക്തക്കുഴലുകളുടെ സങ്കോചവികാസങ്ങൾക്ക് അടിസ്ഥാനം. ഈ സ്തരത്തിലെ വൈകല്യങ്ങളാണ് അന്യൂറിസത്തിന് കാരണമാകുന്നത്. രക്തക്കുഴലിന്റെ ഭിത്തിയിലെ സഹജാതമായ ദൌർബല്യങ്ങൾ, ക്ഷതികൾ, വർധിച്ച രക്തസമ്മർദ്ദം, എന്നിവയും അന്യൂറിസം സൃഷ്ടിക്കുവാൻ കാരണമാകാം. സിഫിലിസ്, രക്തക്കുഴലിന്റെ കേടുകൾ എന്നീ രോഗങ്ങളും ഇതിനു കാരണമാണ്.

വിഭാഗങ്ങൾ[തിരുത്തുക]

ഘടനയനുസരിച്ച് ഇവ രണ്ടു തരത്തിൽ കാണപ്പെടുന്നുണ്ട്.

വാസ്തവിക അന്യൂറിസം[തിരുത്തുക]

രക്തഭിത്തി ഭേദിക്കപ്പെടാത്ത അന്യൂറിസം വാസ്തവിക അന്യൂറിസം എന്ന് അറിയപ്പെടുന്നു

അവാസ്തവിക അന്യൂറിസം[തിരുത്തുക]

രക്തഭിത്തിയുടെ ആന്തരികസ്തരം ഭേദിക്കപ്പെടുകയും മറ്റുസ്തരങ്ങൾക്കുള്ളിലേക്ക് രക്തം ഊർന്നിറങ്ങുകയും ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന അന്യൂറിസമാണ് അവാസ്തവിക അന്യൂറിസം. ഇതിനുചുറ്റും തന്തുകകലയുടെ ഒരാവരണം ഉണ്ടാകുന്നു.

ആകൃതിയനുസരിച്ച് പലതരം അന്യൂറിസം കാണപ്പെടുന്നു. ഇവ ശംഖാകൃതിയിലുള്ളതോ, സഞ്ചിരൂപത്തിലുള്ളതോ ആയിരിക്കാം. ഒരു അന്യൂറിസത്തിന് വിച്ഛേദനം വരുമ്പോൾ രക്തവാഹിയുടെ അന്തർസ്തരം ഭേദിക്കപ്പെടുകയും അവയ്ക്കിടയിലേക്ക് രക്തം കടക്കുകയും ചെയ്യുന്നു.

രോഗബാധയുണ്ടാകുന്ന സ്ഥാനം[തിരുത്തുക]

അന്യൂറിസം ഉണ്ടാകുന്ന സ്ഥാനം പ്രധാനമാണ്. ഒരു രക്തക്കുഴലിലോ പല രക്തക്കുഴലുകളിലോ അനേകം ചെറിയ അന്യൂറിസങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ് വികരിത അന്യൂറിസങ്ങൾ. ധമനീ-സിരീക അന്യൂറിസമുണ്ടാകുന്നത് ധമനിയും സിരയും സന്ധിക്കുന്ന ഭാഗത്താണ്. രോഗലക്ഷണങ്ങൾ അന്യൂറിസത്തിന്റെ സ്ഥാനത്തെയും വലിപ്പത്തെയും ആശ്രയിച്ചിരിക്കും. പരിധീയ രക്തക്കുഴലുകളിൽ ഇത് മുഴകളായി കാണപ്പെടുന്നു. സാധാരണയായി വേദന ഉണ്ടാകാറില്ല. എന്നാൽ ഇവ ചുറ്റുമുള്ള അവയവങ്ങളിൽ സമ്മർദം ചെലുത്തുന്നതിന്റെ ഫലമായി വിവിധതരം ലക്ഷണങ്ങൾ ഉണ്ടാകുന്നു. മഹാധമനിക്കുണ്ടാകുന്ന അന്യൂറിസം അപകടകാരിയാണ്. അന്യൂറിസം ഭേദിക്കപ്പെട്ടുണ്ടാകുന്ന രക്തസ്രാവത്താൽ മരണം സംഭവിക്കാം. എക്സ്-റേ, ചായങ്ങൾ ഉപയോഗിച്ചുള്ള ഛായാപഠനം എന്നിവകൊണ്ട് രോഗനിർണയം നടത്താം. അന്യൂറിസത്തിന്റെ സ്ഥാനത്തെയും വലിപ്പത്തെയും ആശ്രയിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. രോഗമുള്ള ഭാഗം ശസ്ത്രക്രിയമൂലം നീക്കം ചെയ്യുകയാണ് സ്ഥായിയായ പ്രതിവിധി.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്യൂറിസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്യൂറിസം&oldid=2280102" എന്ന താളിൽനിന്നു ശേഖരിച്ചത്