അന്നാപൊളിസ് കൺവെൻഷൻ (1786)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്നാപൊളിസ് കൺവെൻഷൻ

വാണിജ്യകാര്യങ്ങളിൽ യു.എസ്. സംസ്ഥാനങ്ങൾ തമ്മിലുള്ള ഭിന്നതകൾ അവസാനിപ്പിച്ച് കൂടുതൽ മെച്ചമായ വ്യവസ്ഥകൾക്ക് രൂപം കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി 1786 സെപ്റ്റമ്പർ 11-ന് മേരിലൻഡ് സ്റ്റേറ്റിലെ അന്നാപൊലിസിൽ വച്ച് നടത്തിയ സമ്മേളനത്തെ അന്നാപൊളിസ് കൺവെൻഷൻ (ഇംഗ്ലീഷ്:Annapolis Convention) എന്നു പറയുന്നു.

പരസ്പര വിരുദ്ധങ്ങളായ നിയമനിർമ്മാണം[തിരുത്തുക]

ചെസാപീക്ക് ഉൾക്കടലിലേയും പൊട്ടോമാക്ക് നദിയിലേയും ഗതാഗതം സംബന്ധിച്ച് പരസ്പര വിരുദ്ധങ്ങളായ നിയമങ്ങളാണ് മേരിലൻഡിലേയും വിർജീനിയയിലേയും പ്രതിനിധിസഭകൾ പാസ്സാക്കിയിരുന്നത്. അതുകൊണ്ട് ആ രണ്ടു സ്റ്റേറ്റുകൾ തമ്മിൽ വലിയ അഭിപ്രായഭിന്നതകൾ നിലവിലിരുന്നു. ആ ഭിന്നതകൾ അവസാനിപ്പിക്കുന്നതിനുള്ള ഒരു ശ്രമമെന്ന നിലയ്ക്ക്, 1785-ൽ അലക്സാണ്ട്രിയയിൽ രണ്ടു സ്റ്റേറ്റുകളുടേയും പ്രതിനിധികൾ സമ്മേളിച്ചു. തുടർന്ന് എല്ലാ സ്റ്റേറ്റുകളുടേയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് കൂടുതൽ വിപുലമായ ഒരു സമ്മേളനം അന്നാപൊലിസിൽവച്ച് നടത്തണമെന്ന പ്രസിഡന്റ് ജെയിംസ് മാഡിസന്റെ (1751-1836) നിർദ്ദേശം വിർജീനിയ നിയമസഭ അംഗീകരിക്കുകയും എല്ലാ സ്റ്റേറ്റുകൾക്കും ക്ഷണക്കത്തുകൾ അയയ്ക്കുകയും ചെയ്തു.

സമ്മേളനത്തിന്റെ നേട്ടം[തിരുത്തുക]

ഒൻപതു സ്റ്റേറ്റുകൾ പ്രതിനിധികളെ അയയ്ക്കാമെന്ന് ഏറ്റിരുന്നുവെങ്കിലും, അവയിൽ അഞ്ച് സ്റ്റേറ്റുകൾ മാത്രമേ (വിർജീനിയ, ഡെലാവർ, പെൻസിൽവേനിയ, ന്യൂജേഴ്സി, ന്യൂയോർക്ക്) പ്രതിനിധികളെ 1786 സെപ്റ്റമ്പർ 11-ന് അന്നാപൊലിസിലേക്ക് അയച്ചുള്ളു. വാണിജ്യപരമായി കാതലായ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാൻ സമ്മേളനത്തിന് കഴിഞ്ഞില്ല. അന്നു നിലവിലുള്ള അമേരിക്കൻ ഭരണഘടനയുടെ കുറവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അത് പരിഹരിക്കുന്നതിനുവേണ്ടി എല്ലാ സ്റ്റേറ്റ് പ്രതിനിധികളും ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചിന്തിക്കേണ്ടതാണെന്നുള്ള അലക്സാണ്ടർ ഹാമിൽട്ടന്റെ നിർദ്ദേശം സെപ്റ്റമ്പർ 14-ന് സമ്മേളനം പിരിയുന്നതിനു മുമ്പായി അംഗീകരിച്ചു എന്നുള്ളതാണ് സമ്മേളനത്തിന്റെ ഏക നേട്ടം. യു.എസ്സിന്റെ അന്നത്തെ സ്ഥിതി കണക്കിലെടുക്കുമ്പോൾ ഭരണഘടനയുടെ പോരായ്മകൾ മനസ്സിലാക്കി അടിയന്തരപരിഹാരം കാണേണ്ടതാണെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് കൺവെൻഷൻ അവസാനിച്ചത്.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നാപൊലിസ് കൺവെൻഷൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്നാപൊളിസ്_കൺവെൻഷൻ_(1786)&oldid=2280109" എന്ന താളിൽനിന്ന് ശേഖരിച്ചത്