അന്നമാചാര്യ
താള്ളപ്പാക്ക അന്നമാചാര്യ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | അന്നമയ്യ |
പുറമേ അറിയപ്പെടുന്ന | അന്നമാചാര്യ |
ജനനം | മേയ് 22, 1408 |
ഉത്ഭവം | താള്ളപ്പാക്ക, കടപ്പ ജില്ല, ആന്ധ്രാപ്രദേശ് |
മരണം | ഏപ്രിൽ 4, 1503 തിരുപ്പതി, ആന്ധ്രാപ്രദേശ് | (പ്രായം 94)
വിഭാഗങ്ങൾ | കർണാടക സംഗീതം |
തൊഴിൽ(കൾ) | സന്ന്യാസി, കവി, ഗായകൻ |
ഉപകരണ(ങ്ങൾ) | തംബുരു |
വെബ്സൈറ്റ് | http://www.annamayya.org/ |
ഒരു തെലുഗു കവിയും സന്ന്യാസിയായിരുന്നു താള്ളപ്പാക്ക അന്നമാചാര്യ (തെലുഗ്: శ్రీ తాళ్ళపాక అన్నమాచార్య) (1408 - 1503). 1408-ലെ വൈശാഖ പൗർണ്ണമിനാളിൽ ഇന്നത്തെ ആന്ധ്രാപ്രദേശിൽ തിരുപ്പതിക്കടുത്തുള്ള താള്ളപ്പാക്ക ഗ്രാമത്തിൽ ഒരു ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. സംസ്കൃതപണ്ഡിതൻമാരുടേയും കവികളുടേയും സാന്നിധ്യംകൊണ്ട് ധന്യമായിരുന്ന കുടുംബാന്തരീക്ഷം അന്നമാചാര്യയുടെ കലാബോധത്തേയും കാവ്യപ്രതിഭയേയും ഉണർത്തുവാൻ സഹായകമായിരുന്നു. 95 വർഷക്കാലം ജീവിച്ച ഈ മഹാകവി, തെലുഗു ഭക്തിസാഹിത്യത്തിന് മഹത്തായ സംഭാവനകൾ നല്കി. 1503-ലെ ഫാൽഗുന കൃഷ്ണദ്വാദശിനാളിൽ ഇദ്ദേഹം അന്തരിച്ചു. വിഷ്ണുഭക്തനായിരുന്ന അന്നമാചാര്യ, വിഷ്ണുവിന്റെ വാളായ നന്ദകത്തിന്റെ അവതാരമാണെന്ന് വിശ്വസിച്ചുവരുന്നു.
തെലുഗു സാഹിത്യത്തിൽ കീർത്തനപ്രസ്ഥാനത്തിന്റെ ഉദ്ഘാടകനാണ് ഈ കവി. തിരുപ്പതിയിലെ ശ്രീവെങ്കടേശ്വരനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ കീർത്തനങ്ങൾ ഭക്തിരസത്തിന്റേയും കാവ്യസൌന്ദര്യത്തിന്റേയും ഉത്കൃഷ്ടമാതൃകകളാണ്. സംസ്കൃതത്തിലും തെലുഗിലുമായി ഇദ്ദേഹം 32,000 കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ 105 ശ്ലോകങ്ങളുൾക്കൊള്ളുന്ന ഒരു ശതകവും ഇദ്ദേഹം തെലുഗിൽ നിർമിച്ചിട്ടുണ്ട്.
വെങ്കടാചലമാഹാത്മ്യം, ദ്വിപദരാമായണം എന്ന രണ്ടു ബൃഹത്കൃതികൾ ഇദ്ദേഹം സംസ്കൃതത്തിൽ രചിച്ചിട്ടുള്ളതായി പരാമർശങ്ങളുണ്ടെങ്കിലും അവ കണ്ടുകിട്ടിയിട്ടില്ല. അന്നമാചാര്യ രചിച്ച താരാട്ടുപാട്ടുകളും ഭക്തിഗാനങ്ങളും ഗുരുശിഷ്യ സംവാദരൂപത്തിലുള്ള ദാർശനിക കവിതകളും ആന്ധ്രാദേശത്ത് കുടിൽ മുതൽ കൊട്ടാരം വരെ പ്രചരിച്ചിട്ടുണ്ട്.
നല്ലൊരു ഗായകനും സംഗീതശാസ്ത്രജ്ഞനും കൂടിയായിരുന്നു ഈ കവി. ഇദ്ദേഹം എഴുതിയ സങ്കീർത്തനലക്ഷണം എന്ന സംഗീതശാസ്ത്രഗ്രന്ഥം ഇന്നും ഈ വിഷയത്തിലുള്ള ഏറ്റവും മികച്ച ആധികാരിക ഗ്രന്ഥങ്ങളിൽ ഒന്നാണ്.
അന്നമാചാര്യയുടെ സഹധർമിണി തിമ്മക്ക നല്ലൊരു കവയിത്രിയായിരുന്നു; പുത്രൻ പെദ്ദതിരുമലയ്യ അനുഗൃഹീതനായൊരു ഗായകകവിയും പണ്ഡിതനും. ഈ മൂന്നു പേരുടേയും സാഹിത്യസംഭാവനകൾ തെലുഗുസാഹിത്യത്തെ വളരെയധികം സമ്പുഷ്ടമാക്കാൻ സഹായിക്കുകയുണ്ടായി. അന്നമാചാര്യയുടെ പ്രധാന കീർത്തനങ്ങളെല്ലാം താള്ളപ്പാക്കം കീർത്തനകോശമു എന്ന ഗ്രന്ഥത്തിൽ സമാഹരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥം തിരുപ്പതി ദേവസ്ഥാനത്തിൽ സൂക്ഷിച്ചിരിക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്നമാചാര്യ, താള്ളപ്പാക്കൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |