അന്നദാ ശങ്കർ റേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനനം(1905-05-15)15 മേയ് 1905
ധേൻകനൽ സംസ്ഥാനം, ബ്രിട്ടീഷ് ഇന്ത്യ
(ഇപ്പോൾ ഒഡീഷ, ഇന്ത്യ)
മരണം28 ഒക്ടോബർ 2002(2002-10-28) (പ്രായം 97)
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
തൊഴിൽഎഴുത്തുകാരൻ, കവി, ഉപന്യാസകാരൻ
ഭാഷബംഗാലി, ഇംഗ്ലീഷ്, ഒഡിയ
ദേശീയതIndian
ശ്രദ്ധേയമായ രചന(കൾ)Pathe Prabaase, Banglar Reneissance
അവാർഡുകൾPadma Bhushan

ഒരു ബംഗാളി സാഹിത്യകാരനായിരുന്നു അന്നദാ ശങ്കർ റായ് (1904 – ഒക്ടോബർ 28, 2002). 1904-ൽ ഒറീസയിൽ ജനിച്ചു. ബാല്യകാലം അവിടെത്തന്നെ കഴിച്ചുകൂട്ടി. പിന്നീട് ബംഗാളിലേക്കു താമസം മാറ്റി. ഉന്നത വിദ്യാഭ്യാസം ഇംഗ്ളണ്ടിലായിരുന്നു. ഐ.സി.എസ്. പരീക്ഷയിൽ ജയിച്ചതിനുശേഷം പല ഉയർന്ന ഔദ്യോഗിക സ്ഥാനങ്ങളും അലങ്കരിച്ചു.

ആദ്യകാലങ്ങളിൽ ഒറിയാ ഭാഷയിലാണ് കവിതകൾ എഴുതിയിരുന്നത്. പിന്നീട് സാഹിത്യപ്രവർത്തനങ്ങൾ ബംഗാളിയിലാക്കി. ലളിതവും ആശയപുഷ്കലവുമായ അനേകം ലഘുകവിതകൾ എഴുതിയിട്ടുള്ള റായ്, വിദഗ്ദ്ധനായ ഒരു ഗദ്യകാരൻകൂടിയാണ്. രാഖീ, എക്ടീവസന്ത് (ഒരു വസന്തം), കാലേർശാസൻ (കാലശാസനം), കാമനാപഞ്ചവിംശതി (25 ആഗ്രഹങ്ങൾ), ഉഡ്കിധാനേർ മുഡ്കി (പാകപ്പെടുത്തിയ ധാന്യം) എന്നിവയാണ് റായ്യുടെ മുഖ്യ കവിതാസമാഹാരങ്ങൾ.

ഇരുത്തംവന്ന ഒരു പ്രബന്ധകാരൻകൂടിയാണ് റായ്. സാമൂഹികവും സാംസ്കാരികവും സാഹിത്യപരവുമായ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഇദ്ദേഹം ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. താരുണ്യ (താരുണ്യം), ആമറാ (നമ്മൾ), ജീവനശില്പി (ജീവിതശില്പി), ഇശാരാ (സൂചന), ജീവൻകാഠി (ജീവിതകാണ്ഡം), പഥേ പ്രവാസേ (പ്രവാസപഥം) എന്നിവയാണ് റായുടെ ഗദ്യപ്രബന്ധങ്ങളുടെ പ്രധാന സമാഹാരങ്ങൾ.

ചെറുകഥകളും നോവലുകളും റായുടെ സംഭാവനയായി ബംഗാളിക്കു ലഭിച്ചിട്ടുണ്ട്. റായുടെ പ്രസിദ്ധ ചെറുകഥകൾ പ്രകൃതീർ പരിഹാസ് (പ്രകൃതിയുടെ പരിഹാസം), മന്പവന (മാനസ പവനൻ), യൌവനജ്വാല, കാമിനീ കാഞ്ചൻ (കാമിനിയും കാഞ്ചനവും) എന്നീ കൃതികളിലായി സമാഹരിച്ചിരിക്കുന്നു. സത്യാസത്യ യാർ യഥാദേശ് (യഥാർഥത്തിലുള്ളത്), അജ്ഞാതവാസ്, കളങ്കവതി, ദുഃഖമോചൻ, മാർടേർ സ്വർഗ (മണ്ണിലെ സ്വർഗം), അപശരൺ, ആഗും നിയേഖേലാ (അഗ്നികൊണ്ടുള്ള കളി), അസമാപിക, പുതുൽനിയേ ഖേലാ (പാവകളി), കന്യാ എന്നിവയാണ് റായുടെ മുഖ്യ നോവലുകൾ. 2002-ൽ ഇദ്ദേഹം അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നദാ ശങ്കർ റായ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്നദാ_ശങ്കർ_റേ&oldid=3972675" എന്ന താളിൽനിന്ന് ശേഖരിച്ചത്