അന്ധവിശ്വാസങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയെച്ചൊല്ലിയുള്ള ആചാരങ്ങളും. ആചാരവിശ്വാസങ്ങൾ ഒറ്റ വ്യക്തിയുടെയോ, സംഘത്തിന്റെയോ, മുഴുവൻ സമൂഹത്തിന്റെയോ ആകാം. ഇവയിൽ ഏറിയകൂറും മതത്തോടും സംസ്കാരത്തോടും ബന്ധപ്പെട്ടിരിക്കുന്നു.

അന്ധവിശ്വാസം എന്ന സംജ്ഞ തന്നെ അവ്യക്തമാണ്. പ്രായോഗികമായ അർഥത്തിലും കേവലമായ അർഥത്തിലും ഇതു പ്രയോഗിക്കപ്പെടാറുണ്ട്. ഒരു പ്രത്യേക സങ്കല്പത്തെ ഏതെങ്കിലും ഭൌതികാതീതശക്തിയുമായി ബന്ധപ്പെടുത്തുകയും, ആ ശക്തിയെ ഭൌതികജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഒന്നായി സ്വീകരിക്കാൻ സന്നദ്ധമാവുകയും ചെയ്യുന്ന ഒരു മനോഭാവം. ഈ ഭൌതികാതീതശക്തി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് തെളിവുകൾ തേടിപ്പോകാൻ ഇവിടെ ഒരുക്കമില്ല. അപരിചിതമായ പ്രതിഭാസങ്ങളെ അഭിമുഖീകരിക്കുമ്പോൾ, അവയുടെ നിജസ്ഥിതി എന്തെന്ന് ഗ്രഹിക്കാനും ശ്രമിക്കുന്നില്ല. അവയെ ബുദ്ധിയുടെ സീമയ്ക്കു പുറത്തുനിർത്തി ദിവ്യത്വം കല്പിച്ചു സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളു. ഈ മാനസികഭാവം മനുഷ്യരാശിയുടെ ശരാശരി ഉദ്ബുദ്ധതയിലും താഴെയുള്ള ഒന്നാണ്. ഇവിടെ യുക്തിചിന്തയ്ക്ക് സ്ഥാനമില്ല. അതിനാൽ വസ്തുനിഷ്ഠമായി അടിസ്ഥാനരഹിതവും, മനുഷ്യസമൂഹം എത്തിച്ചേർന്നിട്ടുള്ള ഉദ്ബുദ്ധതയുടെ നിലവാരത്തിനു നിരക്കാത്തതുമായ വിശ്വാസങ്ങളാണ് അന്ധവിശ്വാസങ്ങൾ എന്നു പറയാം. മനഃശാസ്ത്രപരമായ ഈ അപഗ്രഥനം വെളിപ്പെടുത്തുന്നത്, അന്ധവിശ്വാസത്തിന്റെ അടിസ്ഥാനം മാനസികമായ അപക്വതയാണ് എന്നത്രേ.

എല്ലാക്കാലത്തും എല്ലാ ദേശത്തും ഏറെക്കുറെ എല്ലാ മനുഷ്യരും ഒരു കാര്യത്തിലല്ലെങ്കിൽ മറ്റൊന്നിൽ അന്ധവിശ്വാസികൾ ആയിരുന്നിട്ടുണ്ട്. ആദിമയുഗങ്ങളിൽ കാട്ടിൽ വേട്ടയാടി നടന്നിരുന്ന പ്രാകൃതമനുഷ്യൻ മുതൽ ആധുനികയുഗത്തിലെ പരിഷ്കൃത മനുഷ്യൻ വരെയുള്ള ചരിത്രം അന്ധവിശ്വാസങ്ങളുടെ ചരിത്രം കൂടിയാണ്. ബോധനിലവാരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അന്ധവിശ്വാസങ്ങൾക്കു മാറ്റം വന്നിട്ടുണ്ടെന്നുമാത്രം. ചില അന്ധവിശ്വാസങ്ങൾ എല്ലാക്കാലത്തും എല്ലാദേശത്തും നിലനില്ക്കുന്നതായി കാണാം. മറ്റു ചിലവ ഒരു പ്രത്യേക പ്രദേശത്തോ സമൂഹത്തിലോ മാത്രമായി ഒതുങ്ങി നില്ക്കുന്നു.

അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ മതവും ഒരു പങ്കു വഹിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. വിഷമസന്ധിക്കു പരിഹാരം കാണാൻ, ബൈബിൾ തുറന്ന് ആദ്യം കണ്ണിൽപെടുന്ന ഭാഗം വായിച്ചു മാർഗദർശനം നേടാൻ കഴിയുമെന്ന ഒരു വിശ്വാസം ചില ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ട്. അതുപോലെ ഗ്രന്ഥം 'കെട്ടിവായിക്കുന്ന' സമ്പ്രദായം ചില ഹിന്ദുക്കൾക്കിടയിലുമുണ്ട്. പരദേവതയെ ധ്യാനിച്ചുകൊണ്ട്, രാമായണം (മറ്റു പുരാണഗ്രന്ഥങ്ങളും) തുറന്ന് വലതുപുറത്ത് ആദ്യത്തെ ഏഴു വരികളും ഏഴ് അക്ഷരങ്ങളും കഴിഞ്ഞുള്ള ഭാഗം വായിച്ച്, അതിന്റെ അർഥ വ്യാഖ്യാനത്തിലൂടെ ചെയ്യാൻപോകുന്ന കർമങ്ങളുടെ വിജയപരാജയങ്ങൾ കണക്കാക്കുന്ന ഏർപ്പാടാണിത്. മതവുമായി ബന്ധപ്പെട്ട അന്ധവിശ്വാസമാണിവ. മറ്റു ചിലത് കാലഹരണപ്പെട്ട വിജ്ഞാനത്തിന്റെ അവശിഷ്ടങ്ങളായി നിലവിൽ വന്നവയാണ്. ജ്യോതിഷം, മന്ത്രവാദം തുടങ്ങിയവ ഇതിനുദാഹരണങ്ങളായി ചിലർ കരുതുന്നു.

താൻ ഒരു അന്ധവിശ്വാസിയാണെന്ന് സമ്മതിക്കാൻ ഒരാളും തയ്യാറല്ല. എന്നാൽ അന്യരിൽ അന്ധവിശ്വാസം കണ്ടെത്താൻ ആർക്കും ഒരു വിഷമവുമില്ല. ഒരു പ്രത്യേകവംശത്തിൽ പെട്ടവർ, പ്രത്യേക സംസ്കാരമുള്ളവർ, പ്രത്യേക വീക്ഷണഗതി പുലർത്തുന്നവർ, തങ്ങളുടേതിൽനിന്നു ഭിന്നമായ വംശവും സംസ്കാരവും വീക്ഷണവും ഉള്ളവരെ അന്ധവിശ്വാസികൾ എന്നു മുദ്രകുത്തുന്നു. ഒരു വ്യക്തിയുടെ വിശ്വാസം മറ്റൊരു വ്യക്തിക്ക് അന്ധവിശ്വാസമായിത്തോന്നാം. ഒരു കാലഘട്ടത്തിന്റെ വിശ്വാസം പിന്നീടൊരുകാലത്ത് അന്ധവിശ്വാസമായി മാറിയെന്നുവരാം. അന്ധവിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ മറ്റൊരു വശമാണിത്. ക്രിസ്തുമതത്തെ ടാസിറ്റസ് വിശേഷിപ്പിച്ചത് 'വിനാശകരമായ അന്ധവിശ്വാസം' എന്നാണ്. കത്തോലിക്കാസഭ തിരുശേഷിപ്പിനും വിഗ്രഹങ്ങൾക്കും ദിവ്യത്വം കല്പിക്കുന്നത് തികഞ്ഞ അന്ധവിശ്വാസമാണെന്ന് പ്രൊട്ടസ്റ്റന്റുകാർ അധിക്ഷേപിക്കുന്നു. ഹിന്ദുക്കളുടെ ആചാരങ്ങളായ ശവദാഹം, അപരക്രിയകൾ എന്നിവയെ അഹിന്ദുക്കൾ അന്ധവിശ്വാസമെന്നു വിളിക്കുന്നു. സർവോപരി മതങ്ങൾ എല്ലാംതന്നെ അന്ധവിശ്വാസങ്ങളാണെന്ന് ഒരു മതത്തിലും വിശ്വസിക്കാത്ത ഒരാൾക്കു തോന്നാം. ചരിത്രപരമായി നോക്കിയാൽ, പ്രപഞ്ചത്തെപ്പറ്റിയും അതിന്റെ പ്രതിഭാസങ്ങളെപ്പറ്റിയും കൂടുതൽ കൂടുതൽ ശാസ്ത്രീയമായ അറിവു വികസിക്കുന്നതോടെ അന്ധവിശ്വാസങ്ങൾ കുറഞ്ഞുവരുന്നതായി കാണാം.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ധവിശ്വാസങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്ധവിശ്വാസങ്ങൾ&oldid=2394063" എന്ന താളിൽനിന്ന് ശേഖരിച്ചത്