അന്ധവിശ്വാസം ഇന്ത്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിൽ വ്യാപകമായിക്കാണുന്ന ഒരു സാമൂഹികപ്രശ്നമാണ് അന്ധവിശ്വാസം. അമാനുഷികമായ കഴിവു,കൊണ്ടുമാത്രം വിശദീകരിക്കാവുന്നതും ആധുനികശാസ്ത്രത്തിനു തീർത്തും വിരുദ്ധവുമായ വിശ്വാസത്തെയോ ആചാരത്തെയോ ആണ് അന്ധവിശ്വാസം കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വിഭാഗം അന്ധവിശ്വാസമായിക്കരുതുന്ന വിശ്വാസവും ആചാരവും മറ്റൊരു വിഭാഗം അങ്ങനെ കാണണമെന്നില്ല. സാധാരണക്കാരന്റെയും ശാസ്ത്രകാരന്മാരുടെയും അഭിപ്രായം പരിഗണിക്കുമ്പോൾ വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അന്തരം ഒന്നു കൂടി വർദ്ധിക്കുന്നു. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാമെങ്കിലും, അന്ധവിശ്വാസമോ കപടശാസ്ത്രമോ ആയി പരിഗണിക്കപ്പെടുന്ന ഇന്ത്യയിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാത്രമാണ് ഈ ലേഖനം സൂചിപ്പിക്കുന്നത്

വിദ്യാഭ്യാസത്തിന്റെ കുറവാണ് സാധാരണയായി അന്ധവിശ്വാസത്തിന് കാരണമാവാറുള്ളത്, എന്നാൽ ഇന്ത്യയിൽ വിദ്യാഭ്യാസമുള്ളവർപോലും അന്ധവിശ്വാസങ്ങൾ പിന്തുടരുന്നതായിക്കാണാം. 2011ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിലെ സാക്ഷരതാനിരക്ക് 74% ആണ്. പ്രാദേശികമായി വിശ്വാസങ്ങളും ആചാരങ്ങളും മാറാം, പല പ്രദേശങ്ങളിലും അവരുടെ തനതായ വിശ്വാസങ്ങളും നിലനൽക്കുന്നുണ്ട്. ഈ ആചാരങ്ങൾ കരിങ്കണ്ണു മാറ്റുന്നതിനുള്ള നിർദ്ദോഷങ്ങളായ ചില പ്രയോഗങ്ങൾ മുതൽ ബാധയൊഴിപ്പിക്കുന്നതിനുള്ള മാരകമായ പ്രയോഗങ്ങൾ വരെ വ്യാപിച്ചു കിടക്കുന്നു. ഇവയിൽ ചില വിശ്വാസങ്ങളും ആചാരങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ളതും, പാരമ്പര്യത്തിന്റെയും മതത്തിന്റെയും ഭാഗമായി പരിഗണിക്കപ്പെടുന്നവയും ആണ്, അതിനാൽ ഇവ നിരോധിക്കുന്നതിനുള്ള നിയമങ്ങളുടെ വരവ് പലപ്പൊഴും എതിർക്കപ്പെടുന്നു.