അന്തർവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗംഗയ്ക്കും യമുനയ്ക്കും മധ്യേയുള്ള സ്ഥലമാണ് അന്തർവേദി. ബ്രഹ്മാവർത്തം എന്നും പേരുണ്ട്. ഹരിദ്വാർ മുതൽ പ്രയാഗ് വരെ വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ ഈ പ്രദേശം വൈദികകാലത്തിനും വളരെ മുൻപു മുതൽ യജ്ഞഭൂമിയായി ഉപയോഗിച്ചുപോന്നു. വൈദികകാലത്ത് പാഞ്ചാലം, വത്സം തുടങ്ങിയ രാജവംശങ്ങളുടെ ആസ്ഥാനമായിരുന്നു അന്തർവേദി. ഈ പ്രദേശം ഗുപ്ത സാമ്രാജ്യകാലത്ത് അംഗീകൃതമായ ഒരു ജില്ലയായിരുന്നു. സ്കന്ദഗുപ്തന്റെ കാലത്ത് ഇവിടത്തെ ഭരണകാര്യം നിർവഹിക്കുവാൻ ശർവനാഗൻ എന്ന ഉദ്യോഗസ്ഥനെ ചക്രവർത്തി നേരിട്ടു നിയോഗിച്ചതായി ചരിത്രരേഖകളുണ്ട്. അന്തർവേദി കേന്ദ്രമാക്കി ധാരാളം അശ്വമേധങ്ങൾ നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇവയിൽ സമുദ്രഗുപ്തന്റെ പ്രസിദ്ധമായ അശ്വമേധവും ഉൾപ്പെടുന്നു.

അന്തർവേദി എന്ന പദം യജ്ഞശാലയുടെ ഉൾഭാഗം എന്ന അർഥത്തിൽ പലേടത്തും പ്രയോഗിച്ചുകാണുന്നു (ഉദാ. ഭാരതമാല പാട്ട്, സഭാ. 42).

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തർവേദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തർവേദി&oldid=1016424" എന്ന താളിൽനിന്ന് ശേഖരിച്ചത്