അന്തർമുഖത
മനുഷ്യന്റെ പെരുമാറ്റസവിശേഷതകൾക്കു കാരണഭൂതമായ ഒരു മാനസികഭാവമാണ് അന്തർമുഖത. ബാഹ്യലോകത്തിനും അതിലുള്ള വസ്തുക്കൾക്കും വലിയ വില കല്പിക്കാതിരിക്കുക; ധനം, പ്രതാപം, പ്രശസ്തി, അന്തസ്, അധികാരം മുതലായവയിൽ താത്പര്യമില്ലാതിരിക്കുക; താനുമായി ഇടപെടുന്നവർ തന്റെ കഴിവുകളെ അംഗീകരിച്ച് വിലമതിക്കണമെന്ന കാംക്ഷയില്ലാതിരിക്കുക; സാമൂഹികസമ്മർദംകൊണ്ട് സ്വന്തം ആശയങ്ങൾ മാറ്റാതിരിക്കുക; പല ആളുകളുമായി ഇടപഴകേണ്ടി വരുന്നതിൽ വൈമുഖ്യം കാണിക്കുക; സുഹൃത്തുക്കളെ സമ്പാദിക്കുവാൻ ഉത്സാഹം കാണിക്കാതിരിക്കുക; ചുറുചുറുക്കും സഞ്ചാരശീലവും കുറവായിരിക്കുക; ആഡംബരവസ്തുക്കളിലും വേഷപ്രൌഢിയിലും ഭ്രമമില്ലാതിരിക്കുക; നിസ്സാരകാര്യങ്ങളിൽ പെട്ടെന്നു വികാരംകൊള്ളാതിരിക്കുക, പക്ഷേ, വികാരഭരിതനായാൽ ഏറെനേരം അതിൽത്തന്നെ മുഴുകുക; നിയമങ്ങൾ, ചട്ടങ്ങൾ, ചര്യകൾ മുതലായവ ആദരിച്ചനുസരിക്കുക; ഏതു കാര്യത്തിലും വലിയ മുൻകരുതലുകൾ കാണിക്കുക; എന്തെങ്കിലും ചെയ്യുന്നതിനെക്കാൾ അധികം അതിനെക്കുറിച്ചാലോചിച്ചുകൊണ്ടിരിക്കുക; കൂട്ടായ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നില്ക്കാൻ മടി കാണിക്കുക; പലപ്പോഴും മനോരാജ്യത്തിലാണ്ടുപോവുക; മനസാക്ഷിയുടെ പ്രേരണകൾക്ക് അതിരുകടന്നു വശംവദനാകുക; തനിയെ മുഷിഞ്ഞിരുന്നു ജോലി ചെയ്യുക; സല്ക്കാരങ്ങളിലും വിരുന്നുകളിലും ഹൃദയപൂർവം പങ്കുകൊള്ളാൻ മടി കാണിക്കുക; വഴിയിൽവച്ച് പരിചിതരെ കണ്ടാൽ സംസാരിക്കുന്നതിലും മറ്റും വലിയ താത്പര്യം കാണിക്കാതിരിക്കുക മുതലായവയാണ് അന്തർമുഖതയുടെ ലക്ഷണങ്ങളായി മിക്ക മനഃശാസ്ത്രജ്ഞന്മാരും കരുതിപ്പോരുന്നത്.
കാൾ ഗുസ്താവ് യൂങ്ങ്
[തിരുത്തുക](Karl Gustav Jung)
കാൾ ഗുസ്താവ് യൂങ്ങ് എന്ന മനഃശാസ്ത്രജ്ഞനാണ് അന്തർമുഖതയെക്കുറിച്ച് ഏറ്റവും വിസ്തരിച്ച് ഉപന്യസിച്ചിട്ടുള്ളതും മനഃശാസ്ത്രത്തിൽ ഈ പദത്തിന് പ്രചാരം നല്കിയതും.[1] മനഃശാസ്ത്രരൂപമാതൃകകൾ (Psychological Types)[2] എന്ന ഗ്രന്ഥത്തിൽ അന്തർമുഖതയെക്കുറിച്ച് യൂങ്ങ് പറയുന്നു: ഒരാളിന്റെ പെരുമാറ്റത്തെ സശ്രദ്ധം വീക്ഷിച്ചാൽ ചിലപ്പോഴൊക്കെ അയാൾ ബാഹ്യവസ്തുക്കളാൽ ആകർഷിക്കപ്പെടുകയും അവയാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നതു കാണാം. എന്നാൽ മറ്റു ചിലപ്പോഴാകട്ടെ ആന്തരികമായ ചില അവസ്ഥകളായിരിക്കും അയാളുടെ പ്രവൃത്തിയെ നിയന്ത്രിക്കുന്നത്. ബാഹ്യവും വസ്തുനിഷ്ഠവുമായ യാഥാർഥ്യത്തെ ആത്മനിഷ്ഠമായ മാനസികപ്രവൃത്തികൾക്ക് അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനെ അന്തർമുഖതയെന്നു പറയാം. മറിച്ച് ആന്തരികാവസ്ഥകളെ ബാഹ്യവസ്തുക്കൾ നിയന്ത്രിക്കുന്നതിനെ ബഹിർമുഖത (Exttroversion)[3] എന്നു വ്യവഹരിക്കുന്നു.
യൂങ്ങിന് മുമ്പ് ജോർഡൻ, ഓട്ടോഗ്രോസ് എന്നിവർ അന്തർമുഖതയോട് ബന്ധപ്പെട്ട മാനസികഭാവങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. വ്യക്തിസ്വഭാവത്തെ ചിന്തോൻമുഖം (Reflective type)[4] എന്നും പ്രവൃത്യുൻമുഖം (Active type)[5] എന്നും രണ്ടായി ജോർഡൻ തിരിച്ചിരിക്കുന്നു. ചിന്തോൻമുഖർ പ്രവൃത്യുൻമുഖരേക്കാൾ പെട്ടെന്നു വികാരഭരിതരാകും എന്നും ശാന്തതയും മാന്യതയും തികഞ്ഞ ഇവരുടെ സ്വഭാവത്തിനിടയിൽ പലപ്പോഴും അഗാധമായ സഹാനുഭൂതിയും സ്നേഹവും രാഗവും കാണപ്പെടുന്നു എന്നും അദ്ദേഹം പറയുന്നു. ഓട്ടോഗ്രോസാകട്ടെ അഗാധവും സങ്കുചിതവുമായ (deep and narrow) സ്വഭാവമുള്ളവരെയും വിശാലവും അഗാധമല്ലാത്തതും ആയ (broad and shallow) സ്വഭാവമുള്ളവരെയും കുറിച്ചാണ് പറയുന്നത്. ആദ്യത്തെ കൂട്ടർ പെട്ടെന്ന് ചിന്താമഗ്നരാവുകയും സാമൂഹികമായ വ്രീളാവിവശത (social shyness)[6] പ്രകടിപ്പിക്കുകയും ചെയ്യും. ഈ രണ്ടു വിഭജനങ്ങളെയും യൂങ്ങ് സ്വീകരിക്കുകയും ചിന്തോന്മുഖസ്വഭാവത്തെയും അഗാധവും സങ്കുചിതവുമായ സ്വഭാവത്തെയും അന്തർമുഖതയ്ക്കു തുല്യമായി കരുതുകയും ചെയ്തു. അന്തർമുഖതയും ബഹിർമുഖതയും ഒരേ സ്വഭാവഘടനയുടെ രണ്ടറ്റങ്ങളോ (extremes) രണ്ടു മുഖങ്ങളുള്ള സ്വഭാവഘടനയോ (bipolar factor)[7] ആയി അദ്ദേഹം കരുതുന്നു. ഒരേ വ്യക്തിയിൽതന്നെ ഭിന്നാവസരങ്ങളിൽ ഈ രണ്ടു സ്വഭാവവിശേഷങ്ങളും കാണപ്പെടുമെങ്കിലും സാമാന്യേന ഏതെങ്കിലും ഒരു ഭാവം പൊന്തിനില്ക്കുകയും സ്ഥായിയായി കാണപ്പെടുകയും ചെയ്യുമെന്ന യൂങ്ങിന്റെ നിരീക്ഷണം ആധുനിക മനഃശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുണ്ട്.
ആധുനികപഠനങ്ങൾ
[തിരുത്തുക]യൂങ്ങിനു ശേഷം അന്തർമുഖതയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആധുനികമനഃശാസ്ത്രജ്ഞന്മാരിൽ പ്രമുഖൻ ലണ്ടൻ സർവകലാശാലയിലെ മനഃശാസ്ത്ര പ്രൊഫസറായ എച്ച്.ജെ. ഐസങ്കാണ്. വ്യക്തിത്വത്തെ (personality) അളക്കുന്നതിനും വിവരിക്കുന്നതിനും ആവശ്യമെന്ന് ഐസങ്ക് നിർണയിച്ചിട്ടുള്ള മൂന്നു മാനങ്ങളിൽ (dimension)[8] ഏറ്റവും പ്രമുഖമായ സ്ഥാനമാണ് അന്തർമുഖത-ബഹിർമുഖത (introversion extroversion) യ്ക്കുള്ളത്.[9] അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അന്തർമുഖതയുടെ പ്രാഗ്രൂപം (prototype)[10] ഡിസ്തൈമിക് (Dysthymic)[11] എന്ന് അദ്ദേഹം വിളിക്കുന്ന ലഘുമനോരോഗികളിലാണ് കാണപ്പെടുന്നത് (ബഹിർമുഖതയുടേതാകട്ടെ ഹിസ്റ്റീരിയാ രോഗികളിലും). അന്തർമുഖതയുടെയും ബഹിർമുഖതയുടെയും ലക്ഷണങ്ങളായി ജോർഡൻ, ഓട്ടോഗ്രോസ്, യൂങ്ങ്, ഹെൻഡേഴ്സൻ മുതലായവർ പറഞ്ഞിട്ടുള്ളതെല്ലാം യഥാക്രമം ഡിസ്തൈമിക്കുകളിലും ഹിസ്റ്റീരിക്കുകളിലുമാണു കാണുന്നതെന്ന്, ഈ രണ്ടു തരം രോഗികളെ ഉപയോഗിച്ചു നടത്തിയ അനവധി പരീക്ഷണപഠനങ്ങളിലൂടെ ഐസങ്കും കൂട്ടരും തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, അന്തർമുഖതയ്ക്ക് (ബഹിർമുഖതയ്ക്കും) ശാരീരികമായ ഒരടിസ്ഥാനം കൂടി കണ്ടെത്താനുണ്ടെന്ന് അദ്ദേഹം കരുതുന്നു.
മസ്തിഷ്കത്തിലെ വൈദ്യുതോർജം (electrical potential)[12] രണ്ടു വിധമുണ്ട്. ഏതെങ്കിലും ഉത്തേജനം ലഭിക്കുമ്പോഴുണ്ടാകുന്ന ഉത്തേജക-ഊർജ്ജം (excitatory potential)[13] ഒന്ന്. മറ്റൊന്ന്, അതോടൊപ്പമുണ്ടാകുന്ന പ്രതിബന്ധക-ഊർജ്ജം (inhibitory potential).[14] ഇതിൽ ആദ്യത്തേതിന്റെ ശക്തി കൂടിയിരിക്കുകയും രണ്ടാമത്തേതിന്റെ ശക്തി കുറഞ്ഞിരിക്കുകയും ചെയ്താൽ അത്തരക്കാർ അന്തർമുഖരായിത്തീരാനാണ് സാധ്യത എന്ന് ഐസങ്ക് കരുതുന്നു.
ഡിസ്തൈമിക്കുകളിൽ ഉത്തേജക-ഊർജ്ജം പെട്ടെന്നും പ്രതിബന്ധക-ഊർജ്ജം സാവധാനവും ആണ് ഉണ്ടാകുന്നതെന്ന് പാവ്ലോവിന്റെ പരീക്ഷണങ്ങളുടെ മാതൃകയിൽ നടത്തിയ വ്യവസ്ഥാപനപരീക്ഷണങ്ങളിലൂടെ (conditioning experiment)[15] തെളിയുകയുണ്ടായി. ഈ കണ്ടുപിടിത്തത്തെ, ഡിസ്തൈമിക്കുകൾ അന്തർമുഖരും ഹിസ്റ്റീരിക്കുകൾ ബഹിർമുഖരും ആയിട്ടാണ് കാണപ്പെടുന്നതെന്ന അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അന്തർമുഖതയ്ക്കു കാരണം ഉത്തേജക-ഊർജ്ജം പെട്ടെന്നും, പ്രതിബന്ധക-ഊർജ്ജം സാവധാനത്തിലും അവരിൽ ഉണ്ടാകുന്നതായിരിക്കാം എന്നു അനുമാനിക്കാം. ഐസങ്കിന്റെ മേൽനോട്ടത്തിൽ ഫ്രാങ്ക്സ് എന്ന മനഃശാസ്ത്രജ്ഞനാണ് ഈ നിഗമനങ്ങൾക്ക് സഹായകമായ പരീക്ഷണങ്ങൾ നടത്തിയത്. ഇതിനെ തുടർന്ന് അന്തർമുഖർക്കും ബഹിർമുഖർക്കും (ഡിസ്തൈമിക്കുകൾക്കും ഹിസ്റ്റീരിക്കുകൾക്കും) തമ്മിൽ ശാരീരിക-മാനസികവൃത്തികളിൽ എന്തെല്ലാം വ്യത്യാസങ്ങളുണ്ടെന്നതിനെക്കുറിച്ച് നടത്തിയ നിരവധി പരീക്ഷണങ്ങളിൽനിന്നു തെളിഞ്ഞ കുറെ വസ്തുതകൾ താഴെ ചേർക്കുന്നു:
അന്തർമുഖർ താരതമ്യേന പൊക്കം കൂടിയവരും മെലിഞ്ഞവരും (leptosomatic)[16] ആയി കാണപ്പെടുന്നു. ഇവരിൽ ഉമിനീരുത്പാദനം കുറവാണ്. വ്യായാമംകൊണ്ടു വരുന്ന മാറ്റങ്ങൾ (കൂടുതൽ പ്രാണവായു സ്വീകരിക്കുക, നാഡീസ്പന്ദനം വർധിക്കുക, രക്തത്തിലെ ഗ്ളൂക്കോസ് അധികമായി ഉപയോഗപ്പെടുത്തുക മുതലായവ) അന്തർമുഖരിൽ കൂടുതലായി കാണപ്പെടുന്നു. നടക്കാനിരിക്കുന്ന കാര്യങ്ങളിൽ അധികം പ്രതീക്ഷ പുലർത്തുകയും കഴിഞ്ഞുപോയ സംഭവങ്ങളെ വിലയിരുത്തുമ്പോൾ നേട്ടങ്ങളെ ഉള്ളതിലും ചെറുതാക്കി കാണുകയും ചെയ്യുന്നു. സ്ഥിരോത്സാഹം അന്തർമുഖരിൽ കൂടുതലാണ്. എന്നാൽ പ്രവൃത്തി ചെയ്യുന്നതിന് വേഗം കുറവാണ്. ബുദ്ധിപരമായ നർമബോധം (congnitive humour)[17] ആണ് അവർ ഇഷ്ടപ്പെടുക. കഥകൾ കെട്ടിച്ചമയ്ക്കാനുള്ള കഴിവ് അന്തർമുഖർക്കു കുറവാണ്. അന്തർമുഖരിൽ വ്യവസ്ഥാപനം (conditioning)[18] എളുപ്പമാണ്. വ്യവസ്ഥാപനം നീക്കൽ (exitinction)[19] പ്രയാസകരവും.
മനോരോഗത്തിൽ
[തിരുത്തുക]ലഘുമനോരോഗം (neurosis)[20] ബാധിക്കാനിടയായാൽ അന്തർമുഖർ ഡിസ്തൈമിക്കുകൾ ആകാനാണ് സാധ്യത. അതുപോലെ ചിത്തരോഗം ബാധിക്കാനിടയായാൽ സ്കിസോഫ്രേനിയ എന്ന രോഗത്തിനടിമപ്പെടാൻ കൂടുതൽ സാധ്യതയുണ്ട്.
മത-സൻമാർഗ-രാഷ്ട്രീയാഭിപ്രായങ്ങളിൽ അന്തർമുഖർ മൃദുലമനസ്കരായിട്ടാണ് കാണപ്പെടുന്നത്. അതായത് യുദ്ധം അരുത്; മരണശിക്ഷ പാടില്ല; ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുകയില്ല; ധാർമികമൂല്യങ്ങളിൽ ഇരട്ടത്താപ്പുനയം പാടില്ല; കുറ്റവാളികളെ ശിക്ഷിക്കുകയല്ല ചികിത്സിക്കുകയാണ് വേണ്ടത്; മതവിദ്യാഭ്യാസം അഭിലഷണീയമാണ്; ദേശവത്കരണം കാര്യക്ഷമത കുറയ്ക്കും; മരണാനന്തരം ജീവിതമുണ്ട്; ദേശീയ വിപത്തുകൾക്ക് സാൻമാർഗിക മൂല്യങ്ങളുടെ തകർച്ചയാണു കാരണം-ഇങ്ങനെ പോകുന്നു അന്തർമുഖരുടെ വിശ്വാസപ്രമാണങ്ങൾ. കലാസ്വാദനത്തിൽ അന്തർമുഖർ ക്ളാസ്സിക് മാതൃകയിലുള്ള കൃതിയാണ് കൂടുതലിഷ്ടപ്പെടുന്നത്.
അന്തർമുഖത എന്നത് പല സ്വഭാവഗുണങ്ങൾ ചേർന്ന പേർസണാലിറ്റി മാതൃക (personality type) ആണെന്ന് ഇന്നുപരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അന്തർമുഖത അളക്കാനുള്ള പല പരീക്ഷകളും (tests) ഇന്നു നടപ്പിലുണ്ട്. ചോദ്യോത്തരരൂപത്തിലുള്ള പരീക്ഷകളാണ് അധികവും. ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധിയാർജിച്ചവ ബേൺറൂട്ടർ പെർസണാലിറ്റി ഇൻവെന്ററി, ആൻ ഇൻവെന്ററി ഒഫ് ഫാക്ടേർസ് എസ്.റ്റി.ഡി.സി.ആർ., മോഡ്സ്ലേ പെർസണാലിറ്റി ഇൻവെന്ററി എന്നിവയാകുന്നു.
അവലബം
[തിരുത്തുക]- ↑ http://www.cgjungpage.org/
- ↑ http://psychclassics.yorku.ca/Jung/types.htm
- ↑ http://changingminds.org/explanations/preferences/extravert_introvert.htm
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-19. Retrieved 2011-07-29.
- ↑ http://www.ncbi.nlm.nih.gov/pubmed/20619913
- ↑ http://www.self-confidence.co.uk/articles/overcoming-shyness-and-social-phobia/
- ↑ http://www.uncommonforum.com/viewtopic.php?t=61905
- ↑ http://www.dimensioni.net/
- ↑ http://www.lessons4living.com/intoversion__extroversion.htm
- ↑ http://jonnysoundsketch2.wordpress.com/2009/07/30/our-prototype/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-14. Retrieved 2011-07-29.
- ↑ http://www.physicsclassroom.com/class/circuits/u9l1b.cfm
- ↑ http://www.encyclo.co.uk/define/excitatory%20junction%20potential
- ↑ http://www.nature.com/aps/journal/v29/n12/full/aps2008184a.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-19. Retrieved 2011-07-29.
- ↑ http://www.encyclo.co.uk/define/Leptosomatic
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-13. Retrieved 2011-07-29.
- ↑ http://www.britannica.com/EBchecked/topic/131552/conditioning
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-21. Retrieved 2011-07-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-23. Retrieved 2011-07-29.
പുറംകണ്ണികൾ
[തിരുത്തുക]- http://www.myersbriggs.org/my-mbti-personality-type/mbti-basics/extraversion-or-introversion.asp Archived 2014-07-01 at the Wayback Machine.
- http://changingminds.org/explanations/preferences/extravert_introvert.htm
- http://www.mypersonality.info/personality-types/extraverted-introverted/ Archived 2011-07-21 at the Wayback Machine.
- http://home-ed.info/parenting/Int_ext_prefer.html Archived 2011-07-21 at the Wayback Machine.
- http://www.personalbrandingblog.com/what%E2%80%99s-your-preference-extraversion-or-introversion/
- http://www.queendom.com/tests/access_page/index.htm?idRegTest=697
- http://www.socionics.us/theory/ext_int.shtml Archived 2011-09-27 at the Wayback Machine.
- http://www.facebook.com/pages/Introversion/112174985468529
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്തർമുഖത എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |