അന്താരാഷ്ട്ര വിദ്യാഭ്യാസം
വിദ്യാഭ്യാസ സാങ്കേതികവിദ്യ |
---|
Disciplines |
Curricular domains |
Methods |
രാഷ്ട്രങ്ങൾ തമ്മിൽ പരസ്പരബഹുമാനവും ധാരണയും വളർത്തുന്നതിന് സഹായകമായ വിദ്യാഭ്യാസസത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസം എന്നു പറയുന്നു. അന്താരാഷ്ട്ര സംഘടനയായ ഐക്യരാഷ്ട്രസമിതിയുടെ ഒരു ഉപസമിതിയായ യുനെസ്കോയുടെ ഏറ്റവും പ്രധാനമായ പരിപാടികളിൽ ഒന്നാണിത്. ലക്ഷ്യബോധത്തോടെ ആസൂത്രണം ചെയ്യപ്പെടുന്ന ഒരു വിദ്യാഭ്യാസ പദ്ധതിക്കു മാത്രമേ ഈ കൃത്യം നിർവഹിക്കുവാൻ സാധ്യമാകുകയുള്ളു. കുട്ടികൾ സ്വന്തം രാജ്യത്തോടു സ്നേഹവും കൂറുമുള്ള പൌരന്മാരായി വളരുന്നതോടൊപ്പം തന്നെ ലോകപൌരന്മാരായിത്തീരാനുള്ള പരിശീലനവും വിദ്യാഭ്യാസം മുഖേന ആർജിക്കേണ്ടതാണ്. പാഠ്യപദ്ധതിയിൽ ഇതിന് ഉതകുന്ന വിജ്ഞാനാംശങ്ങൾ അതതു വിഷയങ്ങളിൽ ഉൾപ്പെടുത്തണം. ഇന്നു മിക്കരാജ്യങ്ങളിലെയും വിദ്യാലയങ്ങളിൽ ചരിത്രം, ഭൂമിശാസ്ത്രം മുതലായ സാമൂഹികപാഠങ്ങളുടെ പരിധിയിൽ അന്താരാഷ്ട്രബോധം വളർത്താൻ ഉപകരിക്കുന്ന പല സംഗതികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അവയിൽ പ്രധാനം താഴെപറയുന്ന മൂന്നു വിജ്ഞാനമേഖലകളെ കേന്ദ്രീകരിച്ചുള്ളവയാണ്.
- ഐക്യരാഷ്ട്ര സമിതിയും അതിന്റെ ഘടകസമിതികളും
- ലോകത്തിലെ ഇതരരാഷ്ട്രങ്ങൾ
- മനുഷ്യാവകാശങ്ങൾ.
ലക്ഷ്യം
[തിരുത്തുക]മറ്റു രാഷ്ട്രങ്ങളോടും ജനതകളോടും സഹിഷ്ണുതാമനോഭാവം ഉണ്ടാക്കുകയാണ് അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ലക്ഷ്യം. പാഠ്യപദ്ധതിയിൽ തദനുസരണമായ പല വിഷയങ്ങളും ഉൾപ്പെടുത്തിയാലും അവ പഠിപ്പിക്കുന്ന അധ്യാപകരെ ആശ്രയിച്ചാണ് ആ പരിപാടിയുടെ ജയാപജയങ്ങൾ നിലകൊള്ളുന്നത്. ജപ്പാന്റെയോ റഷ്യയുടെയോ മറ്റോ ഭൂമിശാസ്ത്രമോ ചരിത്രമോ പഠിപ്പിക്കുന്ന ഒരു അധ്യാപകന് ആ രാഷ്ട്രങ്ങളിലെ ജീവിതരീതി, ആചാരമര്യാദകൾ, വസ്ത്രധാരണം മുതലായവയോട് ഒരു അനുഭാവവും വിശാലസമീപനവും ഇല്ലെങ്കിൽ അധ്യേതാക്കളിൽ അവയെക്കുറിച്ച് അവജ്ഞയും പുച്ഛവും ജനിക്കുവാൻ ഇടയുണ്ട്. ആയതിനാൽ അന്താരാഷ്ട്ര വിഷയങ്ങളോടുള്ള അധ്യാപകന്റെ മനോഭാവം അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ വിജയത്തിന് അവശ്യം ആവശ്യമായ ഒരു ഘടകമാണ്. ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഭൂകമ്പമോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന മനുഷ്യദുരിതങ്ങളിൽ സ്വന്തം ജനതയ്ക്കും രാഷ്ട്രത്തിനും സംഭവിക്കുന്ന കെടുതികളിലെന്നപോലെ സഹതാപം ഉണ്ടാകത്തക്കവണ്ണം അധ്യേതാക്കളുടെ മാനസികനിലവാരം ഉയർത്തുവാൻ അത്തരം അധ്യാപകർക്കേ സാധ്യമാകയുള്ളു. കലയുടെയും ശാസ്ത്രത്തിന്റെയും നേട്ടങ്ങൾ ഒരു രാജ്യത്തിന്റെയോ ഒരു ജനവിഭാഗത്തിന്റെയോ മാത്രമല്ല എന്നും അവയെല്ലാം മനുഷ്യവർഗത്തിനു മുഴുവൻ അവകാശപ്പെട്ടവയാണെന്നുമുള്ള ബോധം അന്താരാഷ്ട്രവിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ വളർത്തുവാനും അത്തരം അധ്യാപകരുടെ സേവനം ഒഴിച്ചുകൂടാത്തതാണ്.
ലോകത്തെ അറിയുക
[തിരുത്തുക]ലോകത്തിലെ ഇളം തലമുറയ്ക്ക്, ലോകരാഷ്ട്രങ്ങളെക്കുറിച്ചുള്ള അറിവു വർധിപ്പിക്കുകയാണെങ്കിൽ മാത്രമേ ഓരോ ലോകപ്രശ്നത്തെയും മുൻവിധികളും വിദ്വേഷങ്ങളും കൂടാതെ അവലോകനം ചെയ്യാൻ സാധിക്കൂ. അന്താരാഷ്ട്ര സഹകരണം വഴി മാത്രമേ ആഗോള പ്രശ്നങ്ങൾ പരിഹരിച്ച് ലോകസമാധാനം ഉറപ്പുവരുത്താൻ പറ്റുകയുള്ളു എന്ന ബോധം കുട്ടികൾക്ക് ഉണ്ടാകണമെങ്കിൽ മനുഷ്യാവകാശങ്ങളെപ്പറ്റിയും സാമൂഹികവും ധാർമികവുമായ തലങ്ങളിൽ മനുഷ്യന്റെ കർത്തവ്യങ്ങളെപ്പറ്റിയും അവർ വിശാലമായി ചിന്തിക്കുവാൻ പരിശീലിക്കണം. അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ ശ്രദ്ധ ആ വഴിക്കാണ് തിരിഞ്ഞിട്ടുള്ളത്. അധ്യാപകരെയും വിദ്യാർഥികളെയും കായികാഭ്യാസികളെയും, പുസ്തകങ്ങളെയും രാഷ്ട്രങ്ങൾ തമ്മിൽ കൈമാറുക, അവികസിത രാജ്യങ്ങളിലേക്ക് സാങ്കേതിക വിദഗ്ദ്ധന്മാരെ അയയ്ക്കുക, ഓരോ രാഷ്ട്രവും മറ്റു രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യദിനം മുതലായവ കൊണ്ടാടുക, അന്യജനങ്ങളുടെ ആചാരങ്ങൾ, വസ്ത്രധാരണം, ഭാഷ എന്നിവയെപ്പറ്റി പഠിക്കുക എന്നിങ്ങനെ പല കാര്യങ്ങളും അന്താരാഷ്ട്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി യുനെസ്കോ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലോകത്തെ സ്കൂളുകളിലും ക്ലാസുകളിലും കൊണ്ടുവരുവാൻ സഹായിക്കുന്ന ഡൽഹിയിലെ അന്താരാഷ്ട്ര വിദ്യാഭ്യാസകേന്ദ്രത്തെപോലുള്ള സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യങ്ങളെ യഥായോഗ്യം നിറവേറ്റുന്നതിന് പര്യാപ്തമായിരിക്കും.
ഏകലോകാദർശം
[തിരുത്തുക]ഏകലോകം എന്നത് അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ ഏറ്റവും മഹനീയമായ ഒരു ആദർശമാണ്. അതിനുവേണ്ടി എസ്പെരാന്റോ[1] (ഡോ. ലുഡ്വിഗ് സാമെൻ ഹോഫ് 1887-ൽ ആവിഷ്കരിച്ച ആഗോളഭാഷ)യെ ലോകഭാഷയായി അംഗീകരിക്കുവാൻ യുനെസ്കോ 1954-ൽ ലോകരാഷ്ട്രങ്ങളോട് അഭ്യർഥിച്ചിരുന്നു. പിന്നീട് എസ്പരാന്റോയ്ക്ക് ലഭിച്ച പ്രചാരം കണക്കിലെടുത്ത് 1985-ലും അതിന്റെ സാധ്യതകളെയും പ്രാധാന്യത്തെയും കുറിച്ച് പ്രഖ്യാപിക്കുന്ന ഒരു പ്രമേയം യുനെസ്കോ പാസ്സാക്കുകയുണ്ടായി. ആധുനികയുഗത്തിൽ അന്താരാഷ്ട്ര വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിച്ചിരിക്കുന്നു. കാലോചിതമായ പരിഷ്കാരങ്ങളിലൂടെ ലോകരാഷ്ട്രങ്ങൾ അന്താരാഷ്ട്രവിദ്യാഭ്യാസം ശക്തിപ്പെടുത്തുകയും ആഗോള സമാധാനത്തിന് ഉതകുന്ന രീതിയിൽ പാഠ്യപദ്ധതി ചിട്ടപ്പെടുത്തുകയും വേണമെന്ന ചിന്താഗതി ഉടലെടുത്തിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-17. Retrieved 2011-08-15.
പുറംകണ്ണികൾ
[തിരുത്തുക]- http://www.iie.org/
- http://www.ciis.ac.in/int_edu.html Archived 2011-08-16 at the Wayback Machine.
- http://www.koreaherald.com/national/Detail.jsp?newsMLId=20110814000234 Archived 2011-08-15 at the Wayback Machine.
- http://www.esperanto.ca/kurso/esperanto.htm Archived 2011-08-17 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര വിദ്യാഭ്യാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |