അന്താരാഷ്ട്ര വികസന സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അല്പവികസിതരാഷ്ട്രങ്ങൾക്കു സാമ്പത്തികസഹായം നൽകുന്നതിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള ഒരു യു.എൻ.സംഘടനയാണ് അന്താരാഷ്ട്ര വികസന സമിതി (International Development Association). അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്കിന്റെ (ലോകബാങ്ക്) ഒരു കൂട്ടുസ്ഥാപനമെന്ന നിലയിൽ 1960 സെപ്റ്റമ്പറിൽ ഈ സംഘടന രൂപംകൊണ്ടു. മൂലധനം ഫലപ്രദമായി ഉപയോഗിക്കാൻ കഴിവുള്ള അല്പവികസിതരാഷ്ട്രങ്ങളെയാണ് ഈ സംഘടന സഹായിക്കുന്നത്. ലോകബാങ്കിന്റെ തത്ത്വങ്ങൾ അനുകരിച്ചുകൊണ്ട് ഈ സംഘടനയും പ്രോജക്ടുകൾ വിലയിരുത്തുകയും വായ്പകൾക്കു വേണ്ട കൂടിയാലോചന നടത്തുകയും ചെയ്യുന്നു. ഈ സംഘടനയുടെ പ്രവർത്തനപരിധി ലോകബാങ്കിന്റേതിനെക്കാൾ വിപുലമാണ്. ഉദാ. വിദ്യാഭ്യാസസംബന്ധമായുള്ള പ്രോജക്ടുകൾക്കും ഇത് സാമ്പത്തികസഹായം നൽകുന്നുണ്ട്. ഈ വായ്പകൾക്ക് പലിശ അടയ്ക്കേണ്ടതില്ല. എന്നാൽ 0.75 ശ.മാ. നിരക്കിൽ ഒരു ഇടപാടുകൂലി വസൂലാക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ സംഘടനയെ ലോകബാങ്കിന്റെ മൃദുവായ്പാ ജാലകം (Softloan window) എന്ന് വിളിക്കുന്നു. ലോകബാങ്കിലെ എല്ലാ അംഗങ്ങൾക്കും ഈ സംഘടനയിൽ അംഗത്വം നേടാവുന്നതാണ്. ഏഷ്യ, ആഫ്രിക്ക, മധ്യപൌരസ്ത്യദേശം, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ രാഷ്ട്രങ്ങൾക്ക് ഈ സംഘടന സാമ്പത്തികസഹായം നൽകുന്നു. ഈ സംഘടനയുടെ ആസ്ഥാനം വാഷിങ്ടൺ ഡി.സി.യാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര വികസന സമിതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.