അന്താരാഷ്ട്ര ഭൂമിശാസ്ത്ര സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1871-ൽ ആദ്യമായി ആന്റ്വെർപിൽ സമ്മേളിച്ച ഭൂമിശാസ്ത്രജ്ഞൻമാരുടെ അന്താരാഷ്ട്രസമിതിയാണ് അന്താരാഷ്ട്ര ഭൂമിശാസ്ത്ര സമിതി (International Geographical Congress). അതിനുശേഷം മൂന്നോ നാലോ വർഷങ്ങളിലൊരിക്കൽ നിയുക്തസ്ഥലങ്ങളിൽ ഇതു സമ്മേളിച്ചുവരുന്നു.

ഓരോ സമ്മേളനവും സമിതിയുടെ അടുത്ത യോഗം എപ്പോൾ എവിടെവച്ചു കൂടണമെന്നു തീരുമാനിക്കുന്നു. സമ്മേളനം നടത്തിക്കുന്ന ചുമതല ആതിഥേയരാജ്യത്തിലെ ഒരു നിർവാഹകസമിതിയായിരിക്കും വഹിക്കുക. 1922-ൽ അന്താരാഷ്ട്ര ഭൂമിശാസ്ത്ര യൂണിയൻ (I.G.U) എന്ന പേരിൽ ഒരു സ്ഥിരസംഘടന രൂപവത്കരിച്ചിട്ടുണ്ട്. ഇതിലെ അംഗരാഷ്ട്രങ്ങൾ ഓരോ സമ്മേളനത്തിലും പ്രതിനിധിസംഘങ്ങളെ അയയ്ക്കുന്നു. ഇതു കൂടാതെ ലോകത്തെവിടെയുമുള്ള ഭൂമിശാസ്ത്ര വിദ്യാർഥികൾക്കു സ്വന്തനിലയിൽ സമ്മേളനത്തിൽ പങ്കെടുക്കാവുന്നതാണ്.

സമിതിയുടെ ഔദ്യോഗികസമ്മേളനകാലം സാധാരണയായി ഒരാഴ്ച മുതൽ 10 ദിവസം വരെ ആയിരിക്കും. ഭൂമിശാസ്ത്രത്തിന്റെ വിവിധ ശാഖകളെ അധികരിച്ചുള്ള വിശേഷാൽ സമ്മേളനങ്ങളായിരിക്കും ഏറിയകൂറും നടത്തുക. ഇവകൂടാതെ ഔദ്യോഗിക സമ്മേളനത്തിന്റെ മുമ്പും പിമ്പുമായി ആതിഥേയ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വച്ചു ചർച്ചായോഗങ്ങൾ നടത്തുന്നു. സഞ്ചാരപരിപാടികൾ, സ്ഥലീയ അധ്യയനം (Field Study) തുടങ്ങിയവയും ആസൂത്രണം ചെയ്യപ്പെടാറുണ്ട്. സമിതിയുടെ ഔദ്യോഗികഭാഷകൾ ഇംഗ്ലീഷും ഫ്രഞ്ചുമാണ്.

ഈ സമിതിയുടെ 21-ആം സമ്മേളനം 1968 ഡിസമ്പറിൽ ഡൽഹിയിൽ നടന്നു. അന്താരാഷ്ട്രഭൂമിശാസ്ത്ര യൂണിയന്റെ 12-ആം സമ്മേളനവും അതോടൊത്തു നടക്കുകയുണ്ടായി. പ്രധാന സമ്മേളനത്തിൽ 66 രാജ്യങ്ങളിൽനിന്നുള്ള 1,172 പ്രതിനിധികൾ പങ്കെടുത്തു; 1085 പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഭൂമിശാസ്ത്രത്തിന്റെ വിവിധ ശാഖകളെ അധികരിച്ച് ഒൻപതു വിശേഷാൽ സമ്മേളനങ്ങളുംകൂടി. പുസ്തകങ്ങൾ,പ്രബന്ധസംഗ്രഹങ്ങൾ, അറ്റ്ലസ് തുടങ്ങി ഒട്ടുവളരെ പ്രസിദ്ധീകരണങ്ങളും ഇതോടൊത്തുണ്ടായി. വമ്പിച്ച തോതിലുള്ള ഭൂമിശാസ്ത്ര-പ്രദർശനമായിരുന്നു ഈ സമ്മേളനത്തിന്റെ മറ്റൊരു സവിശേഷത. കോമൺ വെൽത്ത് രാഷ്ട്രങ്ങളിലെയും ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിലെയും പ്രതിനിധികൾ വെവ്വേറെ സമ്മേളിച്ച് അവരവരുടേതായ പ്രത്യേക സമിതികൾ രൂപവത്കരിച്ചു.

2004-ൽ യു.കെ.യിലെ ഗ്ളാസ്ഗോവിൽ അന്താരാഷ്ട്രഭൂമിശാസ്ത്രസമിതി സമ്മേളിക്കുകയുണ്ടായി. 2008-ലെ സമ്മേളനം ടുണീഷ്യയിലെ ടൂണിസ്സിലായിരിക്കും നടക്കുന്നത്.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര ഭൂമിശാസ്ത്ര സമിതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.