അന്താരാഷ്ട്ര ഭൂപടശാസ്ത്ര സംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂപടശാസ്ത്രജ്ഞൻമാരുടെ (Cartographers)[1] അന്താരാഷ്ട്ര സംഘടനയാണ് അന്താരാഷ്ട്ര ഭൂപടശാസ്ത്ര സംഘടന (ഐ.സി.എ). 1959 ജൂൺ 9ന് സ്വിറ്റ്സർലാന്റിലെ ബേണിൽ വച്ച് രൂപം കൊണ്ടെങ്കിലും ആദ്യ ഔദ്യോഗിക സമ്മേളനം നടത്തിയത് 1961-ൽ പാരിസിൽ ആയിരുന്നു. ഈ സംഘടനയിൽ സ്ഥാപകാംഗങ്ങളായി 13 രാഷ്ട്രങ്ങളുണ്ടായിരുന്നു; പിന്നീട് 12 രാഷ്ട്രങ്ങളെക്കൂടി അംഗങ്ങളായി തിരഞ്ഞെടുക്കുകയുണ്ടായി. ഭൂപടങ്ങളുടെ നിർമ്മാണത്തിനാവശ്യമായ സ്ഥിതി വിവരങ്ങൾ അന്താരാഷ്ട്ര തലത്തിൽ കൈമാറുവാനും അതിനു യുനെസ്കോയുടെ സഹായം ലഭിക്കാനും വ്യവസ്ഥ ചെയ്യപ്പെട്ടു. അന്താരാഷ്ട്ര ഭൂപട (International map)[2] നിർമ്മാണത്തെ സംബന്ധിച്ച വിശദ വിവരങ്ങൾ ചർച്ച ചെയ്യുവാൻ 1962-ൽ വിവിധ രാജ്യങ്ങളിലെ ഭൂപടശാസ്ത്രജ്ഞൻമാർ സമ്മേളിക്കുകയുണ്ടായി.

അദ്ധ്യക്ഷന്മാർ[തിരുത്തുക]

ഐ.സി.എ. യുടെ ആദ്യ അദ്ധ്യക്ഷൻ പ്രൊഫസർ എഡ്വേർഡ് ഇംഹോഫ്, സ്വിറ്റ്സർലാന്റ് (1961-1964) ആയിരുന്നു. തുടർന്ന് ബ്രിഗ് ഡെന്നിസ് താക്വെൽ, ഇംഗ്ലണ്ട് (1964-1968), പ്രൊഫസർ കോൺസ്റ്റന്റാറ്റിൻ സാലിച്ച്ചേവ്, റഷ്യ (1968-1972), പ്രൊഫസർ ആർതർ എച്. റോബിൻസൺ, വടക്കേ അമേരിക്ക (1972-1976), പ്രൊഫസർ ഫെർഡിനാന്റ് ഒർമലിങ്, ഹോളണ്ട് (1976-1984), പ്രൊഫസർ ജോയൽ മോറിസൺ, വടക്കേ അമേരിക്ക (1984-1987), പ്രൊഫസർ ഫ്രേസർ ടെയ്ലർ, കാനഡ (1987-1995), ഡോക്ടർ മൈക്കിൾ വുഡ് ഓബിഇ, ഇംഗ്ലണ്ട് (1995-1999), പ്രൊഫസർ ബെങ്ത് റൈസ്റ്റെഡ്, സ്വീഡൻ (1999-2003), പ്രൊഫസർ മിലാൻ കൊണൻസി, ചെക്ക് റിപ്പബ്ലിക് (2003-2007), പ്രൊഫസർ വില്യം കാർട്ട് റൈറ്റ്, ആസ്ത്രേലിയ (2007-2011) എന്നിവർ അദ്ധ്യക്ഷസ്ഥാനം വഹിച്ചു. ഇപ്പോഴത്തെ അദ്ധ്യക്ഷൻ ആസ്ത്രിയയിൽ നിന്നുമുള്ള പ്രൊഫസർ ജോർജ് ഗാർട്ണർ ആണ്.

രണ്ടാം ഔദ്യോഗിക സമ്മേളനം[തിരുത്തുക]

ഈ സംഘടനയുടെ രണ്ടാമത്തെ ഔദ്യോഗിക സമ്മേളനം നടന്നത് ലണ്ടനിലായിരുന്നു (1964). മൂന്നു കാര്യങ്ങളാണ് സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്:-

  1. മാനചിത്രകാരൻമാരുടെ വിദഗ്ദ്ധ പരിശീലനത്തിനായുള്ള അന്താരാഷ്ട്ര കൈമാറ്റ പദ്ധതി
  2. മാനചിത്രങ്ങളിൽ ഉപയോഗിക്കേണ്ട ചിഹ്നങ്ങളുടെയും പദാവലിയുടെയും നിർവചനം, വർഗീകരണം, അന്താരാഷ്ട്ര സമീകരണം എന്നിവ;
  3. ഭൂപടശാസ്ത്രത്തിലെ ആട്ടൊമേഷൻ (automation).[3] ഇവയ്ക്കായി പ്രത്യേകം പ്രത്യേകം കമ്മിഷനുകൾ ഉണ്ടാക്കി. ആറു പുതിയ രാഷ്ട്രങ്ങൾ കൂടി ചേർന്നു മൊത്തം അംഗസംഖ്യ 31 ആയി.

മൂന്നാം സമ്മേളനം[തിരുത്തുക]

ഈ സംഘടന മൂന്നാമതു സമ്മേളിച്ചത് ഡൽഹിയിലാണ് (1968). ഏഴു രാഷ്ട്രങ്ങൾ കൂടിച്ചേർന്നതോടെ അംഗ സംഖ്യ 38 ആയി ഉയർന്നു. നാനൂറോളം പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. വസ്തുവിവരണ ഭൂപടശാസ്ത്രത്തെ (Thematic Cartography)[4] അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സംഘടനയും അന്താരാഷ്ട്ര ഭൂമിശാസ്ത്ര യൂണിയനു (International Geographical Union) മായുള്ള[5] പരസ്പര ബന്ധം, അന്താരാഷ്ട്ര സഹകരണം എന്നിവയാണ് ചർച്ച ചെയ്യപ്പെട്ടത്. വസ്തു വിവരണ ഭൂപടശാസ്ത്രത്തെ സംബന്ധിച്ച പഠനത്തിനായി ഒരു കമ്മിഷൻ രൂപവത്കരിക്കപ്പെട്ടു. അന്താരാഷ്ട്ര ഭൂപടപദ്ധതി കൂടുതൽ പ്രാവർത്തികമാക്കാനും ഭൂമ്യാലേഖം സംബന്ധിച്ച വിവരങ്ങൾ സംഗ്രഹിച്ചു പ്രസിദ്ധീകരിക്കാനും ഈ സംഘടന ഗണ്യമായ ശ്രമം നടത്തുന്നു.

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് സമകാലിക പ്രശ്നങ്ങൾ അപഗ്രഥിക്കുവാനും പരിഹരിക്കുവാനുമുള്ള ഒരു ഉപാധിയാകാൻ ഭൂപട നിർമ്മാണ ശാസ്ത്രത്തെ സജ്ജമാക്കുക എന്നതും ഈ സംഘടനയുടെ ലക്ഷ്യമാണ്. മൂന്നാം സമ്മേളന കാലത്തേതിൽ നിന്ന് അംഗ സംഖ്യ അഞ്ചിരട്ടിയോളം വർധിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര ഭൂപടശാസ്ത്ര സംഘടന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.