അന്താരാഷ്ട്ര അഭയാർഥിസംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
International Refugee Organization.png

അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമാക്കി ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിൽ 1946-ൽ സ്ഥാപിച്ച അന്താരാഷ്ട്ര സംഘടനയാണ് അന്താരാഷ്ട്ര അഭയാർഥിസംഘടന. രണ്ടാം ലോകയുദ്ധത്തിനുശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ നിവൃത്തിയില്ലാതെ യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിലും കഴിഞ്ഞുവന്ന അഭയാർഥികളെയും അനാഥരേയും പുനരധിവാസത്തിനു സഹായിക്കുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അഭയാർഥികളെ ക്യാമ്പിൽ താമസിപ്പിക്കുക, അവർക്കുവേണ്ട ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, തൊഴിൽപരിശീലനം തുടങ്ങിയവ നൽകുക, പുനരധിവാസാർഥം അന്യരാജ്യങ്ങളിലേക്കയയ്ക്കുക എന്നിവ ഈ സംഘടനയുടെ പ്രവർത്തനപരിധിയിൽപ്പെടുന്നു. ആയിരക്കണക്കിന് കുട്ടികളെ അവരുടെ രക്ഷിതാക്കളെ കണ്ടുപിടിക്കുന്നതിനോ വളർത്തുഗൃഹങ്ങളിൽ ഏല്പിക്കുന്നതിനോ ഈ സംഘടന സഹായിച്ചിട്ടുണ്ട്. രോഗവിമുക്തരല്ലാത്തതുകൊണ്ട് അന്യരാജ്യങ്ങളിൽ പ്രവേശനം നിഷേധിച്ചവർക്കും പ്രായാധിക്യംകൊണ്ടു ബുദ്ധിമുട്ടുന്നവർക്കുംവേണ്ടി സ്ഥാപനങ്ങളുണ്ടാക്കി സഹായിക്കുന്നതിനും നേതൃത്വം നൽകിയത് ഈ സംഘടനയാണ്.

1947 ൽ പ്രവർത്തനം തുടങ്ങി[തിരുത്തുക]

1947 ജൂലൈ 1-ന് ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 18 രാഷ്ട്രങ്ങൾ സജീവമായി പങ്കെടുക്കുകയും സംഘടനയുടെ ചെലവിനുവേണ്ട സാമ്പത്തികസഹായം നൽകുകയും ചെയ്തു. അമേരിക്ക, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ഇറ്റലി, ഐസ്‌ലാൻഡ്, കാനഡ, ഗ്വാട്ടിമാല, ചൈന, ഡെൻമാർക്ക്, ഡൊമിനിക്കൻ റിപ്പബ്ളിക്ക്, നെതർലൻഡ്സ്, ന്യൂസിലൻഡ്, നോർവേ, ഫ്രാൻസ്, ബൽജിയം, ബ്രസീൽ, ലക്സംബർഗ്, വെനിസുല എന്നീ 18 രാഷ്ട്രങ്ങളാണ് സംഘടനയെ സഹായിച്ചുവന്നത്. 1947-ൽ ഈ സംഘടന അതിന്റെ മുൻഗാമിയായ അൺറാ (United Nations Relief and Rehabilitation Administration)യുടെ പ്രവർത്തനങ്ങളുടെയും 1939-ൽ സ്ഥാപിച്ച അഭയാർഥികൾക്കായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റി നടത്തിവന്ന പുനരധിവാസപ്രവർത്തനങ്ങളുടെയും അഭയാർഥികളുടെ സംരക്ഷണത്തിനും സുരക്ഷിതത്ത്വത്തിനുവേണ്ട ഉത്തരവാദിത്തങ്ങളുടെയും ചുമതല ഏറ്റെടുത്തു. ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ പ്രവർത്തനം അഭയാർഥിസംഘടനയുടെ ആവിർഭാവത്തോടെ അവസാനിപ്പിച്ചു.

1947 ജൂലൈ മുതൽ 1952 ജനുവരി വരെയുള്ള കാലത്ത് മറ്റു രാജ്യങ്ങളിൽ പുനരധിവാസത്തിനും സംരക്ഷണത്തിനും കാത്തുനിന്നിരുന്ന 15 ലക്ഷം ആളുകളെ ജർമനി, ആസ്ട്രിയ തുടങ്ങിയ യൂറോപ്യൻരാജ്യങ്ങളിൽ പ്രത്യേക ക്യാമ്പുകളിൽ താമസിപ്പിച്ച് സംരക്ഷണം നൽകിയത് ഈ സംഘടനയുടെ ശ്രമംമൂലമാണ്. 1952 ജനുവരിയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചപ്പോൾ അഞ്ച് ലക്ഷം ആളുകൾ പുനരധിവാസസൌകര്യങ്ങൾ കിട്ടാതെ യൂറോപ്പിൽ കഴിയുകയായിരുന്നു.

സംഘടനയുടെ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾക്ക് അംഗരാഷ്ട്രങ്ങൾ 40 കോടി ഡോളർ നൽകിയിരുന്നു. 10 ലക്ഷം ആളുകളെ ആസ്ട്രേലിയയിലും കാനഡയിലും അമേരിക്കയിലും ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങളിലും പുനരധിവസിപ്പിക്കുന്നതിനാണ് ഇതിൽ 19.5 കോടി ഡോളർ ചിലവിട്ടത്. ചൈനയിലുണ്ടായിരുന്ന യൂറോപ്യൻ വംശജരായ 23,000 ആളുകളെ മറ്റു രാഷ്ട്രങ്ങളിൽ പുനരധിവസിപ്പിക്കുകയും ചെയ്തു.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര അഭയാർഥി സംഘടന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.