അന്താരാഷ്ട്ര-രാഷ്ട്രതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരമാധികാര രാഷ്ട്രങ്ങളും അവയിലെ ജനസമൂഹങ്ങളും തമ്മിലുള്ള സംഘർഷങ്ങളും, അവയിൽ അവർ കൈവരുത്തുന്ന ഒത്തുതീർപ്പുകളുമാണ് അന്താരാഷ്ട്ര-രാഷ്ട്രതന്ത്രത്തിന്റെ സത്ത. 18-ആ നൂറ്റാണ്ടിനുശേഷമുളള കാലഘട്ടത്തിൽ വിവിധരാഷ്ട്രങ്ങളുടെ സ്വതന്ത്രസ്വഭാവം നിലനിർത്തുന്നതിലും ചില രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യാഭിലാഷത്തെ സാക്ഷാത്കരിക്കുന്ന കാര്യത്തിലും പാശ്ചാത്യരാജ്യങ്ങൾ ഒരതിർത്തിവരെ വിജയം പ്രാപിച്ചിട്ടുണ്ടെങ്കിലും, ഈ കാലത്തിനുള്ളിൽ നിരവധി ഏറ്റുമുട്ടലുകളും ഭീകരയുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ഇവയിൽ പലതിലും മഹാശക്തികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മിക്ക രാഷ്ട്രങ്ങളും ഭാഗഭാക്കുകൾ കൂടിയായിരുന്നു. ഈ രാഷ്ട്രീയപ്രക്രിയയിൽ യുദ്ധമോ യുദ്ധഭീഷണിയോ അനിവാര്യ ഘടകമായിട്ടുള്ളതിനാൽ അന്താരാഷ്ട്ര-രാഷ്ട്രതന്ത്രത്തെക്കുറിച്ചുള്ള പഠനത്തിന് ലോകത്തിൽ വർധമാനമായതോതിൽ പ്രസക്തി ഉണ്ടായിവരികയാണ്.

പ്രശ്നങ്ങൾ[തിരുത്തുക]

യുദ്ധത്തെയും സമാധാനത്തെയും സംഘട്ടനത്തെയും സഹകരണത്തെയും കുറിച്ചുള്ള പ്രശ്നങ്ങൾ പ്രാചീനകാലം മുതൽ രാജ്യതന്ത്രജ്ഞരെയും ചരിത്രകാരൻമാരെയും സാഹിത്യകാരൻമാരെയും ആകർഷിച്ചിട്ടുണ്ട്; പ്രാചീന ഇന്ത്യയിലും ചൈനയിലും ഗ്രീസിലെ നഗരരാഷ്ട്രങ്ങളിലും ഇറ്റലിയിലും പാശ്ചാത്യരാഷ്ട്രസംവിധാനത്തിലും ഇത് നിഷ്കൃഷ്ടപഠനത്തിന് വിഷയമായിട്ടുമുണ്ട്. ഒന്നാം ലോകയുദ്ധത്തിൽ തകർന്ന രാഷ്ട്രഘടനയിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ട ഒരു ലോകസംവിധാനത്തിനുവേണ്ടിയുള്ള പ്രതീക്ഷകളാണ്, ആധുനിക പാശ്ചാത്യചിന്തകർക്ക് ഈ വിഷയത്തിൽ ശക്തമായ പ്രചോദനം നൽകിയത്. ഇതിനുള്ള അന്വേഷണങ്ങൾക്ക് സമൂർത്തരൂപം നൽകിയ യു.എസ്. പ്രസിഡന്റ് വുഡ്രോ വിൽസൺ (1856-1924) ആസൂത്രണം ചെയ്ത പരിപാടിയിൽ ജനായത്തഭരണക്രമം, സാർവദേശീയധാരണ, അന്താരാഷ്ട്രമധ്യസ്ഥത, നിരായുധീകരണം, രാഷ്ട്രങ്ങളുടെ സ്വയം നിർണയാവകാശം, ഗൂഢവ്യസ്ഥകളില്ലാത്ത പരസ്യമായ നയതന്ത്രബന്ധങ്ങൾ, ആക്രമണകാരികൾക്കെതിരായി എല്ലാവരും ചേർന്നുള്ള സഖ്യം തുടങ്ങി നിരവധി ആശയങ്ങൾ ഉൾപ്പെട്ടിരുന്നു. ദേശീയനയങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ വ്യക്തമാക്കുന്നതിലും, സിദ്ധാന്തപരമായ സങ്കല്പങ്ങളെ വിശദീകരിക്കുന്നതിലും കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഒരു യുദ്ധരഹിതലോകത്തിന്റെ രൂപരേഖ വരയ്ക്കുന്നതിൽ ഇദ്ദേഹത്തിന്റെ അടുത്ത തലമുറയിലുള്ള രാഷ്ട്രതന്ത്രജ്ഞർ ശ്രദ്ധിക്കുകയും ചെയ്തു.

പാശ്ചാത്യരാജ്യങ്ങളിലെ രാഷ്ട്രഘടനാരീതി മിക്കവാറും സാർവലൌകികമായി തീർന്നുകൊണ്ടിരിക്കുന്നതിനാൽ വിവിധ രാഷ്ട്രങ്ങൾക്കും സംസ്കാരങ്ങൾക്കും തമ്മിലുള്ള സാജാത്യ വൈജാത്യങ്ങൾ ശരിക്കു ഗ്രഹിച്ച് വിലയിരുത്തേണ്ട കടമ അന്താരാഷ്ട്ര രാഷ്ട്രതന്ത്രത്തെപ്പറ്റി അന്വേഷണം നടത്തുന്ന ഒരു പഠിതാവിന് ഒഴിച്ചുകൂടാൻ പാടില്ലാത്തതായിരിക്കുന്നു. പക്ഷേ, ഈ പാശ്ചാത്യ രാഷ്ട്രസംവിധാനപദ്ധതികൾ തന്നെ വ്യതിയാനങ്ങൾക്ക് വിധേയമാണ്. ആധുനിക ലോകത്തിൽ യു.എസ്സും, റഷ്യയും, യൂറോപ്യൻ യൂണിയനും ഒരളവുവരെ ചൈനയും, ഇന്ത്യയും, ജപ്പാനും വഹിക്കുന്ന പങ്കിന് സമാന്തരമായ ഒരു പ്രതിഭാസം ചരിത്രത്തിൽ ഇന്നോളം കണ്ടെത്തിയിട്ടില്ല. ഈ ശക്തി കേന്ദ്രങ്ങളുടെ സ്ഥാനവ്യതിചലനങ്ങൾ ഏതെല്ലാം വിധത്തിൽ എങ്ങോട്ടൊക്കെയായിരിക്കും എന്നു തീർത്തു പ്രവചിക്കുക സാധ്യമല്ല.

സ്വയംനിർണയാവകാശം[തിരുത്തുക]

മറ്റുള്ളവരുടെ ഇടപെടൽകൊണ്ട് നിലനില്പില്ലാതായിപ്പോകുന്നതും ഒരിക്കലും ഒരു പ്രകാരത്തിലും മറ്റുള്ളവരുടെ നിയന്ത്രണത്തിന് വിധേയമാകാത്തതുമായ ശക്തിയാണ് പരമാധികാരമെന്ന് ഡച്ച് രാജ്യതന്ത്രജ്ഞനായ ഹ്യൂഗോ ഗ്രോഷ്യസ് (1583-1645) നിർവചിക്കുന്നു. ഇതാണ് അന്താരാഷ്ട്രബന്ധങ്ങളുടെ അടിസ്ഥാനശിലയെന്ന് അക്കാലങ്ങളിൽ കരുതപ്പെട്ടിരുന്നു. എന്നാൽ 19-ആം നൂറ്റാണ്ടായപ്പോഴേക്കും പരമാധികാരരാഷ്ട്രങ്ങൾ ദേശീയരാഷ്ട്ര (Nation-States)ങ്ങളായിത്തീർന്നു. ഭാഷ, മതം, സംസ്കാരം, ആചാരം, വർഗപരമായ പാരമ്പര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ ദേശീയരാഷ്ട്രമെന്ന സങ്കല്പത്തെ നിർവചിക്കാൻ ചിലർ നടത്തിയ ശ്രമങ്ങൾക്ക് അന്നും സാർവത്രികമായ അംഗീകാരം കിട്ടിയിരുന്നില്ല. എന്നാൽ ഈ സങ്കല്പം കേവലം ആത്മനിഷ്ഠമായി കുറെക്കാലം നിലനിന്നു. സ്വന്തം രാഷ്ട്രത്തിനുള്ളിൽ സ്വാഭിലാഷം അനുസരിച്ച് വസിക്കാനും തങ്ങൾ രൂപംകൊടുക്കുന്ന ആശയസങ്കല്പങ്ങൾക്കനുസൃതമായി സ്വയംഭരണം നടത്താനും അധികാരം നൽകുന്ന 19-ആം നൂറ്റാണ്ടിലെ സ്വയം നിർണയാവകാശസിദ്ധാന്തം തന്നെയാണ്, രണ്ടാം ലോകയുദ്ധത്തിനുശേഷമുളള ലോകത്തിലും, അല്പം വ്യത്യസ്തമായ രൂപത്തിലാണെങ്കിലും, നിലനില്ക്കുന്നത്. ആഗോള രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ സമീപകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, ദേശരാഷ്ട്രത്തിന്റെ പ്രാമുഖ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര രാഷ്ട്രതന്ത്രത്തിൽ രാഷ്ട്രങ്ങൾ സ്വന്തം സുരക്ഷിതത്വം മെച്ചപ്പെടുത്താനും സാമ്പത്തികമേൻമകൾ കൈവരുത്താനും ചിലപ്പോൾ ചില ക്ഷേമപരിപാടികൾ നടപ്പിലാക്കാനും സഖ്യങ്ങളെയും ഉടമ്പടികളെയും ഉപയോഗിക്കാറുണ്ട്. ഐക്യരാഷ്ട്രസംഘടനയ്ക്കും അതിന്റെ നിരവധി പോഷക സംഘടനകൾക്കും പുറമേ, പ്രത്യേക ലക്ഷ്യങ്ങളെ മുൻനിർത്തിയുള്ള ധാരാളം കൂട്ടുകെട്ടുകളുമുണ്ട്. ഉത്തര അറ്റ്ലാന്റിക് സഖ്യസംഘടന (NATO), ദക്ഷിണപൂർവേഷ്യൻ സഖ്യസംഘടന (SEATO), തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്; അറബി-ഐക്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളും സൌഹൃദത്തിനും സഹകരണത്തിനും വേണ്ടി ചില പരമാധികാരരാഷ്ട്രങ്ങൾ തമ്മിൽ ഏർപ്പെടുന്ന കരാറുകളും ഉദാ: ഇന്ത്യയും യു.എസ്സുമായി ഒപ്പിട്ട ആണവ പരീക്ഷണ കരാർ (ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ) ഇക്കൂട്ടത്തിൽപെടുന്നു. കമ്യൂണിസ്റ്റു നേതൃത്വത്തിലുള്ള ലോകതൊഴിലാളി യൂണിയൻ ഫെഡറേഷന്റെയും (WFTU)അതിന്റെ എതിർചേരിയിൽ നിൽക്കുന്ന അന്തർദേശീയ സ്വതന്ത്ര തൊഴിലാളിയൂണിയനുകളുടെ കോൺഫെഡറേഷന്റെയും (ICFTU) ഉദ്ദേശ്യലക്ഷ്യങ്ങൾ പോലും രാഷ്ട്രീയ സിദ്ധാന്തങ്ങൾക്ക് അടിവരയിട്ടുകൊണ്ടുളള കൂട്ടുകെട്ടുകളാണെന്ന് കാണാം.

ഏറ്റവും സമർഥമായി പ്രവർത്തനം നടത്തുന്ന അന്താരാഷ്ട്രീയ സംഘടനകളിൽപോലും, തീരുമാനമെടുക്കുന്ന കാര്യത്തിൽ ഓരോ രാഷ്ട്രത്തിന്റെയും ഇച്ഛാശക്തിക്ക് അന്യൂനമായ സ്ഥാനമുണ്ട്. പൊതുവായ ഭീഷണികളെ നേരിടാൻ പൊതുവായ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടി പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളിലെ ഓരോ രാഷ്ട്രവും ലോകകാര്യങ്ങളിൽ ഒരുമിച്ചുള്ള പ്രവർത്തനത്തിന് നിർണായകമായ ഒരു നില സ്വീകരിക്കുന്നതും അസാധാരണമല്ല.

യുദ്ധവും യുദ്ധഭീഷണിയും[തിരുത്തുക]

ഒരു രാഷ്ട്രശക്തിയുടെ ഭൌതികഘടകങ്ങൾ അന്താരാഷ്ട്ര-രാഷ്ട്രതന്ത്രത്തിൽ അത് വഹിക്കുന്ന ഭാഗഭാഗിത്വത്തിന്റെ ശരിക്കുള്ള സൂചികയല്ലെങ്കിലും, ശാസ്ത്രത്തിന്റെയും സാങ്കേതികവിജ്ഞാനത്തിന്റെയും വളർച്ചയും, അത് ആധുനിക യുദ്ധതന്ത്രത്തിൽ ഏല്പിക്കുന്ന ആഘാതവും അന്താരാഷ്ട്രബന്ധങ്ങളിൽ പുതിയ നിറപ്പകർച്ച കൊടുത്തുകൊണ്ടിരിക്കുന്നു. യുദ്ധം രാഷ്ട്രതന്ത്രത്തിന്റെ ഒരു തുടർച്ചയാണ് (War is an extension of politics ) എന്ന പ്രഷ്യൻ യുദ്ധതന്ത്രജ്ഞനായ കാൾ വോൺ ക്ലാസ്വിറ്റ്സ് (Karl von Clausewitz: 17801831)ന്റെ നിർവചനം എക്കാലവും സാധുവായി വർത്തിക്കുന്നു.

പക്ഷേ, ആധുനിക അണുയുഗത്തിൽ ഈ സങ്കല്പത്തിന് കോട്ടം തട്ടിയിട്ടുണ്ട്. ഒരു രാഷ്ട്രവും ഇന്ന് ഒരു ആണവായുധ സംഘർഷത്തിന് മുതിരാൻ ഇടയില്ല. അണ്വായുധം ഉപയോഗിക്കുന്നതിൽനിന്നു ശത്രുവിനെ പിന്തിരിപ്പിക്കാൻ ഏതാണ് ഉത്തമമായ മാർഗ്ഗമെന്ന അന്വേഷണത്തിലാണ് ഇന്നത്തെ ലോകമേധാവികൾ. 1972 മേയിൽ മോസ്കോവിൽവച്ച് യു.എസും. അന്നത്തെ യു.എസ്.എസ്.ആറും തമ്മിൽ തന്ത്രപരമായ ആയുധ-പരിമിതീകരണത്തിന് (SALT) വേണ്ടിയുണ്ടാക്കിയസഖ്യം സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്.

നയതന്ത്രനിപുണത[തിരുത്തുക]

മറ്റു രാഷ്ട്രങ്ങളെ സ്വന്തം സ്വാധീനവലയത്തിൽ കൊണ്ടുവരാനുള്ള കഴിവിൽ, യുദ്ധം ചെയ്യാനുള്ള സാമർഥ്യത്തെപ്പോലെ, നയതന്ത്രവും പ്രധാനമായ ഒരു പങ്കുവഹിക്കുന്നുണ്ട്. പ്രാചീന ജനപദങ്ങളിലും രാഷ്ട്രങ്ങൾ തമ്മിൽ കൂടിയാലോചനകൾ നടന്നിട്ടുണ്ടാവാം. രാമായണഭാരതേതിഹാസങ്ങളിൽ വിവരിച്ചിരിക്കുന്ന യുദ്ധങ്ങൾക്ക് മുമ്പുനടന്ന പല ദൌത്യങ്ങളുടെയും കഥകൾ പൌരാണിക ലോകത്തിനും ഇത് അപരിചിതമായിരുന്നില്ല എന്ന് തെളിയിക്കുന്നു. എന്നാൽ ആധുനികരീതിയിൽ നയതന്ത്ര പ്രതിനിധികളെയും സ്ഥാനപതികളെയും വിദേശങ്ങളിലേക്കയയ്ക്കുന്ന പതിവിന് 15-ആം നൂറ്റാണ്ടു മുതലുള്ള പഴക്കമേയുള്ളു. ഗവൺമെന്റുകൾതമ്മിൽ ആശയവിനിമയം നടത്തുകയും കൂടിയാലോചനകൾക്ക് രംഗം സൃഷ്ടിക്കുകയുമാണ്, പ്രതിപുരുഷൻമാരുടെ മുഖ്യകർത്തവ്യം. ഇതിൽ പല വിട്ടുവീഴ്ചകളും ഉൾപ്പെടും. 20-ആം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് തുറന്ന നയതന്ത്രത്തെ(Open Diplomacy)ക്കുറിച്ച് പ്രചരിച്ചിരുന്ന സിദ്ധാന്തങ്ങൾ പ്രായോഗികതലത്തിൽ ഒരു രാഷ്ട്രവും അനുവർത്തിച്ച് വിജയം നേടിയിട്ടില്ല. യുദ്ധത്തിലെ [[മനഃശാസ്ത്രംമനഃശാസ്ത്രപരമായ അംശത്തിന് (Psychological warfare) നേതൃത്വം കൊടുക്കുന്ന നയതന്ത്രജ്ഞൻമാരും യുദ്ധനേതാക്കളും, രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി സാമ്പത്തികമാധ്യമങ്ങളെ ഉപയോഗിച്ചുള്ള വിദേശസഹായപദ്ധതികളും, രണ്ടാംലോകയുദ്ധത്തിനുശേഷം അന്താരാഷ്ട്ര-രാഷ്ട്രീയനിയമസംഹിതയിൽ വർധമാനമായ പങ്കാണ് വഹിച്ചുവരുന്നത്.

രാഷ്ട്രാന്തരസംഘർഷങ്ങൾ കുറയ്ക്കുന്നതിലും അവയ്ക്ക് പരിഹാരമുണ്ടാക്കുന്നതിലും അന്താരാഷ്ട്രനിയമസംഹിത രാഷ്ട്രങ്ങളുടെ ഉറ്റചങ്ങാതിയായി വർത്തിക്കുന്നു. വിവിധ രാജ്യങ്ങൾ വിലമതിക്കുകയും അവർക്ക് ഒരുമിച്ചു നേടാൻ കഴിയുന്ന ലക്ഷ്യങ്ങളെ സഹായിക്കുകയും ചെയ്യുന്നതിൽ അന്താരാഷ്ട്ര നിയമത്തെപ്പോലെ അന്താരാഷ്ട്രസംഘടനകളിലെ അംഗത്വവും അന്താരാഷ്ട്രസമ്മേളനങ്ങളും ലോകജനതയുടെ മറ്റൊരു ആശാകേന്ദ്രമായിത്തീർന്നിരിക്കുകയാണ്.

ശക്തിസന്തുലനം[തിരുത്തുക]

(Balance of Power)

ഏത് രാഷ്ട്രീയപ്രക്രിയയിലും ശക്തിസന്തുലനം അന്തർഹിതമായിട്ടുണ്ട്. ഇതിൽ ഭാഗഭാക്കായ ഓരോ രാഷ്ട്രവും ചെലുത്തുന്ന സമ്മർദത്തിന്റെ ശക്തിയും ലക്ഷ്യവും അനുസരിച്ച് സന്തുലിതാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സന്തുലിതാവസ്ഥയെ സ്ഥായിയായി നിലനിർത്താൻ ഒരു നിർദിഷ്ട രാഷ്ട്രീയപ്രക്രിയയിലെ പ്രമുഖ പങ്കാളിയോ പങ്കാളികളോ അനുവർത്തിക്കുന്ന നയമാണ്, ശക്തിസന്തുലനത്തിന്റെ ഭദ്രതയ്ക്ക് ഉറപ്പുവരുത്തുന്നത്.

അന്താരാഷ്ട്രരാഷ്ട്രതന്ത്രത്തിന്റെ ഗതിവിഗതികളെ പറ്റി പഠിക്കാൻ അന്താരാഷ്ട്രനിയമസംഹിതയും അന്താരാഷ്ട്രനയതന്ത്ര ചരിത്രവും ചില ഉപകരണങ്ങൾ തരുന്നുണ്ടെന്നല്ലാതെ, അവയെ സംബന്ധിച്ച് സാർവത്രികമായ ഒരു സിദ്ധാന്തമോ ക്രമവത്കൃതമായ ഒരു സമീപനപദ്ധതിയോ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല; ശാശ്വതമൂല്യമുള്ള ഒരു തത്ത്വം ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനുള്ള വഴിയും വിരളമാണ്. അന്താരാഷ്ട്രരംഗത്തെ ഓരോ സംഭവവികാസത്തിനും പ്രതിഭാസത്തിനും വ്യാഖ്യാനമോ നീതീകരണമോ കണ്ടെത്താൻ ശ്രമിക്കുന്ന രാഷ്ട്രമീമാംസാവിദ്യാർഥികൾ തങ്ങളുടെ ഗവേഷണപരീക്ഷണങ്ങളെ അനിയതമായ വിവിധ ദിശകളിലേക്ക് കൊണ്ടുപോകുന്നതായാണ് പ്രായേണ കണ്ടുവരുന്നത്. ആഭ്യന്തര സംഭവവികാസങ്ങളെക്കുറിച്ചുള്ള സിദ്ധാന്തസ്ഥാപനവ്യഗ്രതയും അന്താരാഷ്ട്രബന്ധങ്ങളുടെ ഗതിക്രമങ്ങളെ ചില നിശ്ചിത ചട്ടക്കൂടുകളിൽ അടയ്ക്കാനുള്ള പ്രവണതയും തമ്മിലുള്ള അന്തരം, ഭാവിലോകത്തിൽ കുറഞ്ഞുവരുകയേ ഉള്ളു എന്നാണ് രാഷ്ട്രമീമാംസാപണ്ഡിതൻമാരുടെ സ്വാഭാവികമായ നിഗമനം.

സോഷ്യലിസ്റ്റു രാജ്യങ്ങളുടെ തകർച്ച, ആഗോള മുതലാളിത്തത്തിന്റെ അധീശത്വം; യു.എസ്സിന്റെ നേതൃത്വത്തിലുള്ള ഏക ധ്രുവലോകത്തിന്റെ ആവിർഭാവം; ചേരിചേരാ പ്രസ്ഥാനത്തിന്റെ അപചയം; ദേശരാഷ്ട്രങ്ങളെ നിഷ്പ്രഭമാക്കുമാറ് ആഗോളമൂലധനത്തിന്റെയും ബഹുരാഷ്ട്ര കമ്പനികളുടെയും ഉയർച്ച; രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് വ്യാപാര-വാണിജ്യതാത്പര്യങ്ങൾക്ക് പരമാധികാര രാഷ്ട്രങ്ങൾ നൽകുന്ന മുൻഗണന; പടിഞ്ഞാറൻ രാജ്യങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവുമായ അധീശത്വം; അവികസിത രാജ്യങ്ങളുടെ പ്രശ്നങ്ങൾ; യൂറോപ്യൻ‍-സാമ്പത്തികസമൂഹത്തിന്റെ സൃഷ്ടി, ഒരു അന്താരാഷ്ട്രഗവൺമെന്റ് സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള സങ്കല്പങ്ങൾ എന്നിവയാണ് 21-ആം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ അന്താരാഷ്ട്ര രാഷ്ട്രതന്ത്രത്തിൽ കണ്ടുവരുന്ന പുതിയ പ്രവണതകൾ.

ഇതുംകൂടി കാണുക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര-രാഷ്ട്രതന്ത്രം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.