അന്താരാഷ്ട്രബന്ധങ്ങൾ, മനഃശാസ്ത്രപരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മതം, വർഗം, ആദർശം, സംസ്കാരം എന്നിവയുടെ അടിസ്ഥാനത്തിൽ രാഷ്ട്രങ്ങൾ തമ്മിൽ ഉടലെടുക്കുന്ന അനൌപചാരികമായ സമ്പർക്കം മനഃശാസ്ത്രപരായ അന്താരാഷ്ട്രബന്ധങ്ങളുടെ പരിധിയിൽപ്പെടുന്നു.

രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം[തിരുത്തുക]

രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ രണ്ടായി വിഭജിക്കാം:

  1. ഔപചാരികമായ പ്രഖ്യാപിതബന്ധം
  2. അനൌപചാരികമായ വൈകാരികബന്ധം

ഔപചാരികബന്ധം ഭൂമിഃശാസ്ത്രപരമായ കാരണങ്ങൾകൊണ്ടോ സാമ്പത്തിക കാരണങ്ങൾകൊണ്ടോ രാഷ്ട്രീയ പരിഗണനകൾകൊണ്ടോ ഉടലെടുക്കുന്നു. വൈകാരികബന്ധം സൌഹാർദത്തിലോ ശത്രുതയിലോ അധിഷ്ഠിതമാകാം. സൌഹൃദത്തിൽ കഴിയുന്ന രാഷ്ട്രങ്ങൾ തമ്മിൽ ഔപചാരികമായ സംഘട്ടനങ്ങൾ ഉണ്ടായേക്കാം. അതുപോലെതന്നെ ഔപചാരികമായി സംഘട്ടനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാഷ്ട്രങ്ങൾ തമ്മിൽ വൈകാരികമായ സുഹൃദ്ബന്ധം വളർന്നുകൂടെന്നുമില്ല. രാജ്യങ്ങളുടെ അതിർവരമ്പുകളെ അതിലംഘിച്ച് പടർന്നുകിടക്കുന്ന സംഘടനകൾ സംസ്കാരം, മതം, ആദർശം തുടങ്ങിയ ഘടകങ്ങൾ വൈകാരികബന്ധം ഉളവാക്കാൻ സഹായിക്കുന്നു.

രാഷ്ട്രങ്ങൾ തമ്മിലുള്ള ശത്രുതയ്ക്ക് വൈകാരികമായ പല കാരണങ്ങളുണ്ട്. ഒരു രാഷ്ട്രത്തിലെ ജനങ്ങൾക്കു മറ്റൊരു രാഷ്ട്രത്തിലെ ജനങ്ങളെ അന്യരായിട്ടല്ലാതെ കാണാൻ സാധ്യമല്ല. ഭാഷ, മതം, ആദർശം, പേര്, വസ്ത്രധാരണം, ആഹാരരീതി തുടങ്ങിയവയിലുള്ള വ്യത്യാസം ഇത്തരം മനോഭാവമുണ്ടാക്കാൻ പ്രേരിപ്പിക്കുന്നു. അതിർത്തി സംരക്ഷണ ഏർപ്പാടുകൾ, ചുങ്കവ്യവസ്ഥകൾ, പാസ്പോർട്ടു നിബന്ധനകൾ മുതലായവ ഈ അന്യർ എന്നുള്ള ചിന്താഗതിയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഈ അന്യരെ അവർ സ്നേഹിക്കുമോ ഭയപ്പെടുമോ സംശയദൃഷ്ടിയോടെ നോക്കുമോ വെറുക്കുമോ എന്നുള്ളത് പ്രധാനമായും പല കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

അതൃപ്തി[തിരുത്തുക]

അതൃപ്തനായി, നിരാശനായി ജീവിക്കുന്ന മനുഷ്യൻ എല്ലാറ്റിനെയും വെറുക്കുന്നു എന്നുള്ളത് മനഃശാസ്ത്രസത്യമാണ്. ഒരു രാഷ്ട്രത്തിലെ ഭൂരിപക്ഷം ജനങ്ങളും, ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ അസംതൃപ്തരായിരിക്കുകയും ഇതിൽനിന്നും അവരുടെ മനസ്സിൽ ഉടലെടുക്കുന്ന വെറുപ്പിനെയും ക്ഷോഭത്തെയും അന്യരാജ്യക്കാരുടെ നേരെ തിരിച്ചുവിട്ട് സ്വയം രക്ഷനേടുന്ന ഒരു രാഷ്ട്രത്തലവൻ അവിടെ ഉണ്ടായിരിക്കുകയും ചെയ്താൽ ഈ പ്രക്രിയ പൂർണമാകുന്നു.

രാഷ്ട്രത്തലവന്റെ മാനസികാരോഗ്യം[തിരുത്തുക]

രാഷ്ട്രങ്ങൾ തമ്മിലുള്ള ഇടപാടുകളിൽ സാധാരണ ജനങ്ങളുടെ പ്രതിനിധികളായി രാഷ്ട്രത്തലവന്മാർ തമ്മിൽ കാര്യങ്ങൾ ചർച്ചചെയ്തു തീരുമാനിക്കുകയാണ് ചെയ്യുന്നത്. ഈ രാഷ്ട്രത്തലവന്മാർ വർധിച്ച പ്രതാപത്തിലും അന്താരാഷ്ട്രരംഗത്തെ അന്തസ്സിലും ശക്തിപ്രകടനത്തിലും താത്പര്യമുള്ളവരാകുമ്പോഴും അപകർഷബോധം മുതലായ മാനസികദുർബലതകൾകൊണ്ട് വസ്തുനിഷ്ഠമായി കാര്യങ്ങൾ ചർച്ചചെയ്യാൻ അശക്തരാകുമ്പോഴും അവർ തമ്മിലുള്ള ഭിന്നത വർധിക്കുന്നു. അതിന്റെ പ്രതികരണങ്ങൾ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കുന്നു.

മൂഢവിശ്വാസങ്ങൾ[തിരുത്തുക]

അതിരുകടന്ന സ്വരാജ്യസ്നേഹം, സ്വവർഗത്തിന്റെ സംസ്കാരത്തെയും മേൻമയെയും കുറിച്ചുള്ള മൂഢവിശ്വാസങ്ങൾ എന്നിവ അന്യരാജ്യക്കാരെ വെറുക്കുന്നതിന് ഒരു ജനതയെ പ്രേരിപ്പിക്കുന്നു.

മുൻവിധികൾ[തിരുത്തുക]

വിവിധ രാഷ്ട്രങ്ങളിലെ സാധാരണ ജനങ്ങൾ തമ്മിൽ സമ്പർക്കം പുലർത്തുക വളരെ വിരളമാണ്. എങ്കിലും ഓരോ രാജ്യത്തിലെ ജനങ്ങളുടെ ഇടയിലും മറ്റു രാജ്യക്കാരെക്കുറിച്ച് ചില ധാരണകൾ പ്രചാരത്തിലിരിക്കും. ഈ ധാരണകൾ ശരിയോ തെറ്റോ ആകാമെങ്കിലും അന്യരാജ്യക്കാരോടുള്ള മനോഭാവത്തെ ഇവ പ്രബലമായി സ്വാധീനിക്കുന്നു.

പ്രചാരണം[തിരുത്തുക]

സാധാരണ ജനങ്ങൾക്ക് അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ച് യഥാർഥ വസ്തുതകൾ ലഭിക്കാതിരുന്നാൽ സൌഹൃദ ബന്ധങ്ങൾ തകരാനിടയാകും. അന്താരാഷ്ട്രപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പ്രശ്നങ്ങളുടെയും സംഭവവികാസങ്ങളുടെയും യഥാർഥ വിവരം സാധാരണ ജനങ്ങൾക്ക് ലഭിക്കാതെവരും. ഇങ്ങനെ വരുമ്പോൾ സ്ഥാപിത താത്പര്യക്കാരുടെ പ്രചാരണങ്ങൾ വിശ്വസിക്കുന്ന സാധാരണ ജനങ്ങൾ വസ്തുനിഷ്ഠമായി കാര്യങ്ങൾ വീക്ഷിച്ച് നീതിപൂർവമായ തീരുമാനം എടുക്കാൻ സാധിക്കാതെ ചേരിതിരിഞ്ഞ് അന്യരാജ്യക്കാരെ വെറുക്കുന്നു.

യുദ്ധം[തിരുത്തുക]

രാഷ്ട്രങ്ങൾ തമ്മിലുള്ള ശത്രുതാമനോഭാവത്തിന്റെ മൂർധന്യാവസ്ഥയാണ് യുദ്ധം. യുദ്ധത്തിന് അല്ലെങ്കിൽ നശീകരണത്തിന് ഉള്ള വാസന മനുഷ്യപ്രകൃതിയുടെ ഒരു വശമെന്നനിലയ്ക്ക് യുദ്ധം ഭൂമുഖത്ത് അനിവാര്യമാണെന്നും ചരിത്രം അതു തെളിയിക്കുന്നുണ്ടെന്നും അന്താരാഷ്ട്രബന്ധങ്ങളുടെ മനഃശാസ്ത്രവശം വിശകലനം ചെയ്യുന്ന ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നശീകരണത്തിനുള്ള വാസന മനുഷ്യപ്രകൃതിയുടെ ഒരു വശമല്ലെന്നും അസംതൃപ്തിയും നൈരാശ്യവും ബാധിച്ച മനസ്സിന്റെ ഒരു ചാപല്യം മാത്രമാണെന്നും അതുകൊണ്ട് ഇവ രണ്ടും ഭൂമുഖത്തുനിന്നും മാറ്റിയാൽ യുദ്ധം ഇല്ലാതാക്കാൻ സാധിക്കുമെന്നും മറ്റൊരു വിഭാഗം ചിന്തകന്മാർ വിശ്വസിക്കുന്നു. ചില പ്രത്യേക മനുഷ്യവർഗവും രാജ്യക്കാരും അന്യരെ അപേക്ഷിച്ച് അക്രമസ്വഭാവം ഉള്ളവരാണ് എന്നൊരു സിദ്ധാന്തവും നിലവിലുണ്ട്. പക്ഷെ അവരുടെ പരിതഃസ്ഥിതിയാണോ പാരമ്പര്യമാണോ ഇതിന് കാരണമെന്ന് അസന്ദിഗ്ധമായി തെളിയിക്കപ്പെട്ടിട്ടില്ല.

പരിഹാരം[തിരുത്തുക]

രാഷ്ട്രീയവും സാമ്പത്തികവുമായ നടപടികളോടൊപ്പം മാനസികാരോഗ്യവും ശാരീരികാരോഗ്യം പോലെതന്നെ പ്രാധാന്യം അർഹിക്കുന്നു എന്നു ഗ്രഹിച്ചു ലോകത്തെങ്ങും എല്ലാത്തരത്തിലുമുള്ള മനുഷ്യരിലും അതു വളർത്തിയെടുക്കാൻ ശ്രമിക്കുക, യുവതലമുറകളിൽ അന്താരാഷ്ട്ര ചിന്താഗതി വളർത്തിയെടുക്കുക, മറ്റു രാഷ്ട്രങ്ങളിലെ ജനങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അറിവു ലഭ്യമാക്കുക തുടങ്ങിയ മനഃശാസ്ത്രപരമായ നടപടികൾകൂടി സ്വീകരിച്ചാൽ മാത്രമേ ശാശ്വതമായ അന്താരാഷ്ട്രസൌഹാർദം നിലനില്ക്കുകയുള്ളൂ എന്ന് മനഃശാസ്ത്രജ്ഞൻമാർ വിശ്വസിക്കുന്നു.

ഇതുകൂടി കാണുക[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര ബന്ധങ്ങൾ, മനഃശാസ്ത്രപരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.