അന്തരാഷ്ട്ര സ്ഥിതിവിവര സംഘടനകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവിധരാഷ്ട്രങ്ങളിലെ സ്ഥിതിവിവരങ്ങളുടെ താരതമ്യപഠനം സുഗമമാക്കുവാൻ അവിടങ്ങളിലുള്ള ജനതകളുടെ സാമ്പത്തികവും സാമൂഹികവും മറ്റുമായ ഘടനകളെപ്പറ്റിയുള്ള കണക്കുകൾ സംഭരിക്കുക എന്ന പ്രധാന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് അന്തരാഷ്ട്ര സ്ഥിതിവിവര സംഘടനകൾ (International Statistical Organization).[1] ഇപ്രകാരമുള്ള താരതമ്യപഠനം ശരിയാകണമെങ്കിൽ വിവരങ്ങൾ ശേഖരിക്കുന്ന രീതികളിൽ സാമാന്യമായ ഐകരൂപ്യം ഉണ്ടാകേണ്ടതുണ്ട്. ഇവയെ സംബന്ധിക്കുന്ന ആശയങ്ങൾ, നിർവചനങ്ങൾ, വകുപ്പുവിഭജനം എന്നിവയെല്ലാം സാമാന്യമാനദണ്ഡങ്ങളെ അവലംബിച്ചായിരിക്കണം.

അന്താരാഷ്ട്ര സ്ഥിതിവിവര കോൺഗ്രസ്[തിരുത്തുക]

(International Statistical Congress)

ഉപയോഗപ്രദമായ മാനദണ്ഡങ്ങൾ ഈ മണ്ഡലത്തിൽ ഉണ്ടാക്കുവാനുള്ള ശ്രമങ്ങൾ 1853-ൽ ബ്രസൽസിൽ ചേർന്ന അന്താരാഷ്ട്ര സ്ഥിതിവിവര കോൺഗ്രസ്സിൽ ആരംഭിച്ചു.[2] വില്യംഫാർ, എണസ്റ്റ് എൻഗെൽ, എഡ്വേർഡ് ജാർവിസ് തുടങ്ങിയ ശാസ്ത്രജ്ഞന്മാർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിന്റെ പ്രമുഖ സംഘാടകൻ ബൽജിയൻ ജ്യോതിഃശാസ്ത്രജ്ഞനായ അഡോൾഫ് ക്വറ്റലേറ്റ് (1796-1874) ആയിരുന്നു. ഇരുപതോളം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഇതിൽ പങ്കെടുത്തു. അതിനെതുടർന്ന് 1855-ലും 1876-ലുമായി യൂറോപ്പിലെ വിവിധ നഗരങ്ങളിലായി എട്ടോളം ആലോചനായോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ഈ വിഷയം കൈകാര്യം ചെയ്യുവാൻ ഒരു സ്ഥിരം സംഘടനയുടെ ആവശ്യം പ്രകടമായെങ്കിലും 1872 വരെ അതിനുള്ള യത്നങ്ങൾ ഫലവത്തായില്ല. ജർമൻ ചാൻസലറായിരുന്ന ബിസ്മാർക്കിന്റെ (1815-98) നിസ്സഹകരണ മനോഭാവമായിരുന്നു ഇതിനുകാരണം എന്നു പറയപ്പെടുന്നു.

സ്ഥിരം സംഘടനയുടെ കാര്യം താത്കാലികമായി പരാജയപ്പെട്ടെങ്കിലും ഈ രംഗത്തുള്ള പ്രവർത്തനങ്ങൾ നിലച്ചില്ല. കാനേഷുമാരി കണക്കുകളിൽ ശേഖരിക്കേണ്ട വിവരങ്ങൾ എന്തൊക്കെയായിരിക്കണമെന്ന് ഇക്കാലത്ത് നിശ്ചയിക്കപ്പെട്ടു. പിൽക്കാലങ്ങളിൽ രോഗങ്ങൾ, അപകടങ്ങൾ, മരണകാരണങ്ങൾ എന്നിവയെപ്പറ്റി സുവ്യക്തമായ നിർവചനങ്ങൾ ആവശ്യമായിവന്നു. ഈ ഉദ്ദേശ്യത്തോടെ സംഘടനയുടെ വകുപ്പുകൾ വിഭജിക്കപ്പെട്ടു. വകുപ്പുവിഭജനത്തിന്നാധാരമായ കാര്യങ്ങൾ 1853-ൽ തന്നെ ചർച്ച ചെയ്തു തീരുമാനിച്ചിരുന്നു.

അന്താരാഷ്ട്ര സ്ഥിതിവിവര സ്ഥാപനം[തിരുത്തുക]

(International Statistical Institute:ISI)

സാമ്പത്തികവും സാമൂഹികവുമായ രംഗങ്ങളിലെ അന്താരാഷ്ട്രസഹകരണവും സഹപ്രവർത്തനവും സ്ഥിതിവിവരശേഖരണത്തിന്റെ പ്രാധാന്യം വർധിപ്പിക്കയാൽ 1885-ൽ ഒരു അന്താരാഷ്ട്ര സ്ഥിതിവിവരസ്ഥാപനം (International Statistical Institute) ജന്മമെടുത്തു.[3] മുൻപുണ്ടായിരുന്ന സ്ഥാപനത്തിനു നേരിട്ട കുഴപ്പങ്ങളൊഴിവാക്കാൻ ഇത് ഒരു സ്വകാര്യ (അനൌദ്യോഗിക) സംഘടനയാക്കി. 1887-ൽ റോമിൽ ആദ്യയോഗം ചേർന്ന ഈ സ്ഥാപനം 1913 വരെ രണ്ടു വർഷത്തിലൊരിക്കൽ സമ്മേളിക്കുക പതിവായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് ഈ പതിവിനു വിഘാതമുണ്ടായി. ഓരോ രാഷ്ട്രത്തിലെയും സ്ഥിതിവിവരവകുപ്പു മേധാവികൾ സ്വന്തം നിലയിലാണ് ഈ യോഗത്തിൽ ഹാജരായത്. പ്രവർത്തനമേഖല ചുരുക്കി, വ്യവസ്ഥയും ചിട്ടയും വരുത്തി ഈ സംഘടന 1923 മുതൽ 1938 വരെ വീണ്ടും പ്രവർത്തിച്ചു. ഒന്നാം ലോകയുദ്ധാനന്തരം സർവരാജ്യ സഖ്യത്തിന്റെയും അന്താരാഷ്ട്ര-തൊഴിലാളി സംഘടനയുടെയും ആഭിമുഖ്യത്തിൽ പ്രവർത്തനം നടത്തിയ ഈ സ്ഥാപനം അന്താരാഷ്ട്രകാർഷിക സംഘടനയുമായും നിരന്തരബന്ധം പുലർത്തിവന്നു. ഇതോടൊപ്പം ഐക്യരാഷ്ട്രസഭയുടെ ലോകാരോഗ്യസംഘടന (WHO)[4] യോടും ഈ സ്ഥാപനം ഭാഗികമായി സഹകരിച്ചുപോന്നു. മുകളിൽ പരാമൃഷ്ടങ്ങളായ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ തങ്ങളുടെ പ്രവർത്തനമേഖലകളിൽ സ്ഥിതിവിവരസംഭരണം നടത്തിവന്നതിനാൽ, ഈ സംഘടനയുടെ ജോലി ഇക്കാലങ്ങളിൽ വളരെ ചുരുങ്ങുകയുണ്ടായി.

രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇതിന്റെ പ്രവർത്തനം വീണ്ടും തടസ്സപ്പെട്ടു. യുദ്ധാനന്തര പുനഃസംവിധാനത്തിൽ ഈ സ്ഥാപനത്തിന്റെ പ്രയത്നങ്ങൾ പുനരാരംഭിക്കുന്നത് യുനെസ്കോ (UNESCO)[5] യുടെ ഒരു ശാഖയായിട്ടാണ്. എല്ലാ രാഷ്ട്രങ്ങളിലെയും സ്ഥിതിവിവരവകുപ്പുകളുടെ പ്രവർത്തനഫലങ്ങളെ സംയോജിപ്പിക്കുക എന്നത് ഇതിന്റെ പരിപാടിയുടെ മുഖ്യഭാഗമായിട്ടുണ്ട്. നെതർലൻഡ്സിലെ ഹേഗിനടുത്തുള്ള വൂർബർഗ് ആണ് ഇതിന്റെ ആസ്ഥാനം.

അവലംബം[തിരുത്തുക]

  1. http://www.statcan.gc.ca/reference/internation-eng.htm
  2. http://ehq.sagepub.com/content/41/1/50.abstract?rss=1
  3. http://isi-web.org/
  4. http://www.who.int/en/
  5. http://www.unesco.org/new/en/unesco/

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര സ്ഥിതിവിവര സംഘടനകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.