അനുരണനം (സാഹിത്യത്തിൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാവ്യത്തിന്റെ ആത്മാവായ ധ്വനിയുടെ ഒരു പ്രഭേദമാണ് അനുരണം (സാഹിത്യത്തിൽ). ധ്വനി, സാമാന്യമായി അവിവക്ഷിതവാച്യം എന്നും വിവക്ഷിതാന്യപരവാച്യം (ഇഷ്ടാന്യപരവാച്യം) എന്നും രണ്ടു വിധത്തിലുണ്ട്. അവിവക്ഷിതമായ, അതായത് അപ്രധാനീകൃതമായ വാച്യത്തോടുകൂടിയത് അവിവക്ഷിതവാച്യം; ഇത് ലക്ഷണാമൂലകമായ ധ്വനിയാണ്. വിവക്ഷിതവും അന്യപരവുമായ-അന്യപരമായി വിവക്ഷിക്കപ്പെട്ട-വാച്യത്തോടുകൂടിയത് വിവക്ഷിതാന്യപരവാച്യം. ഇത് അഭിധാമൂലകമായ ധ്വനിഭേദമാണ്. ഈ രണ്ടു വിഭാഗങ്ങൾക്കും പിന്നെയും ഉൾപിരിവുകൾ ഉണ്ട്. അർഥാന്തരസംക്രമിതവാച്യം, അത്യന്തതിരസ്കൃതവാച്യം എന്നിവയാണ് അവിവക്ഷിതവാച്യധ്വനിയുടെ പ്രഭേദങ്ങൾ. അസംലക്ഷ്യക്രമം, സംലക്ഷ്യക്രമം എന്നിവ വിവക്ഷിതാന്യപരവാച്യത്തിന്റെ പ്രഭേദങ്ങളാണ്. ഇവയിൽ സംലക്ഷ്യക്രമത്തിന് അനുരണനം അഥവാ അനുസ്വാനം എന്നും പറയും. മണി അടിക്കുമ്പോൾ ആദ്യം കേൾക്കുന്ന ശബ്ദത്തെ തുടർന്ന് ഒരു സൂക്ഷ്മമായ നാദം കേൾക്കുംപോലെ വാച്യാർഥം കഴിഞ്ഞ് അതിന് പുറകെ വ്യംഗ്യാർഥം ഉദിച്ചുവരിക എന്നുള്ളതാണ് അനുരണന ധ്വനിയുടെ സമ്പ്രദായം. വാച്യാർഥത്തിനുശേഷം വ്യംഗ്യാർഥം എന്ന ക്രമം സംലക്ഷ്യമായിരിക്കും എന്നതാണ് ഇതിന്റെ സവിശേഷത. അസംലക്ഷ്യക്രമത്തിൽ ഈ ക്രമം സംലക്ഷ്യമല്ല.

ശബ്ദം, അർഥം, ശബ്ദാർഥങ്ങൾ എന്നിങ്ങനെ ഓരോന്നിന്റെയും ശക്തിയെ ആശ്രയിച്ച് അനുരണനധ്വനി ഉദ്ഭവിക്കാവുന്നതിനാൽ അതു വീണ്ടും മൂന്നായി വിഭജിക്കപ്പെട്ടിട്ടുണ്ട്:

  1. ബ്ദശക്ത്യുദ്ഭവം
  2. അർഥശക്ത്യുദ്ഭവം
  3. ഉഭയശക്ത്യുദ്ഭവം എന്നിങ്ങനെ.

ശബ്ദശക്ത്യുദ്ഭവമായ വ്യംഗ്യത്തിനു വിഷയം വസ്തുവാകാം, അലങ്കാരവുമാകാം. ആകയാൽ അത് ഒരിക്കൽകൂടി പ്രഭിന്നമായിത്തീരുന്നു.

  1. ശബ്ദശക്തിമൂലവസ്തുധ്വനി
  2. ശബ്ദശക്തിമൂലാലങ്കാരധ്വനി
  3. അർഥശക്ത്യുദ്ഭവത്തിന്നാകട്ടെ വ്യംഗ്യവ്യഞ്ജകങ്ങൾ രണ്ടിലും ഈ ഭേദം സംഭവിക്കുന്നതിനാൽ നാലുൾപ്പിരിവുകൾ ഉണ്ട്.
  1. വസ്തുകൊണ്ട് വസ്തുധ്വനി
  2. വസ്തുകൊണ്ട് അലങ്കാരധ്വനി
  3. അലങ്കാരംകൊണ്ട് വസ്തുധ്വനി
  4. അലങ്കാരംകൊണ്ട് അലങ്കാരധ്വനി എന്നിങ്ങനെ.

ഉഭയശക്ത്യുദ്ഭവം ഒരു വിധമേയുള്ളു. ഇപ്രകാരമാണ് അനുരണനം (അനുസ്വാനം) അഥവാ സംലക്ഷ്യക്രമം എന്ന ധ്വനിഭേദത്തിന്റെ പ്രഭേദങ്ങൾ.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുരണനം_(സാഹിത്യത്തി%E0%B4%B2%E0%B5%8D%E2%80%8D) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുരണനം_(സാഹിത്യത്തിൽ)&oldid=1004248" എന്ന താളിൽനിന്ന് ശേഖരിച്ചത്