അനുമേയ-കൈവശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉടമയുടെ വസ്തു അന്യകൈവശത്തിലാണെങ്കിലും അയാൾക്ക് വസ്തുവിന്റെ ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന നിയമപരമായ 'കൈവശം'. നിയമശാസ്ത്രതത്ത്വം അനുസരിച്ച് ഏതെങ്കിലും വസ്തു സംബന്ധിച്ച് ഒരാൾക്കുള്ള കൈവശം യഥാർഥമോ അനുമേയമോ ആകാം. ഒരാൾ ഏതെങ്കിലും വസ്തു തന്റേതാണെന്ന നിലയിൽ അധീനതയിൽ വയ്ക്കുമ്പോൾ അത് അയാളുടെ യഥാർഥമായ കൈവശത്തിലാണെന്ന് പറയപ്പെടുന്നു. ഒരു വസ്തുവിന്റെ ഉടമസ്ഥൻ അതു തന്റെ ജോലിക്കാരനെയോ ഏജന്റിനെയോ ഏല്പിച്ചാൽ യഥാർഥ-കൈവശം ജോലിക്കാരനോ ഏജന്റിനോ ആയിരിക്കും. അതുപോലെ ഭൂമി ഒരുവനെ കൃഷി ചെയ്യുവാൻ ഏല്പിച്ചാൽ അതിന്റെ യഥാർഥ-കൈവശം അയാൾക്കായിരിക്കും. എന്നാൽ ഉടമസ്ഥന് അനുമേയ-കൈവശമുണ്ടായിരിക്കും; ആ നിലയിലുള്ള നിയമപരമായ അധികാരങ്ങളുണ്ടായിരിക്കുകയും ചെയ്യും. അതിനെ സംബന്ധിച്ച് അവകാശങ്ങൾ പ്രയോഗിക്കുകയും നിവൃത്തികൾ നേടുകയും ചെയ്യാം. അവയുടെ അടിസ്ഥാനം യഥാർഥത്തിൽ അയാൾക്കു കൈവശം ഇല്ലെന്നിരിക്കിലും കൈവശം അയാൾക്കുണ്ട് എന്ന നിയമസങ്കല്പമാണ്. തരിശായി കിടക്കുന്ന ഭൂമിയെ സംബന്ധിച്ചും വെള്ളം കയറിക്കിടക്കുന്ന ഭൂമിയെ സംബന്ധിച്ചും അനുമേയ-കൈവശം മാത്രമേ സാധ്യമാവുകയുള്ളു. ഒരു ഉടമസ്ഥന്റേതായ അധികാരങ്ങൾ അപ്പോഴും അയാൾക്കു പ്രയോഗിക്കാവുന്നതാണ്; അവയിൽ അന്യരായ ആളുകൾ കൈയേറ്റം നടത്തുന്നതിനെതിരായി നടപടികളെടുക്കുക മുതലായ അധികാരങ്ങൾ അയാളുടെ അവകാശത്തിൽ ഉൾപ്പെടുന്നു. 'കൈവശം' എന്നത് ഇന്ദ്രിയഗോചരമായ ഒരു മൂർത്തവസ്തുവല്ല, വസ്തുതകളിൽനിന്നും സാഹചര്യങ്ങളിൽ നിന്നും അനുമാനിക്കാനുള്ള ഒന്നാണ്. ഒരു ക്രിമിനൽ കുറ്റം ചെയ്തവൻ അതിനുപയോഗിച്ച സാധനങ്ങളോ കുറ്റത്തിന്റെ ഫലമായി കൈവശപ്പെടുത്തിയ സാധനങ്ങളോ വേറെ ഒരുവനെ ഏല്പിച്ചിരുന്നാൽത്തന്നെയും അവ കുറ്റം ചെയ്തവന്റെ അനുമേയ-കൈവശത്തിലാണെന്നതായിരിക്കും നിയമപരമായ സങ്കല്പം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുമേയ-കൈവശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുമേയ-കൈവശം&oldid=1294051" എന്ന താളിൽനിന്ന് ശേഖരിച്ചത്