അനുപ്രാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പദ്യത്തിൽ വ്യഞ്ജനാക്ഷരങ്ങളുടെ ആവർത്തനമാണ് പ്രാസം. ഒരേ വ്യഞ്ജനത്തിന്റെ ആവർത്തനം നാലു പാദത്തിലും പ്രഥമാക്ഷരം, അന്ത്യാക്ഷരം മുതലായ ക്ലുപ്തസ്ഥാനങ്ങളിൽ വന്നാൽ അവയ്ക്ക് ആദിപ്രാസം, ദ്വിതീയാക്ഷരപ്രാസം, അന്ത്യപ്രാസം തുടങ്ങിയ പേരുകൾ. ഈ വിധത്തിലല്ലാതെ ഒരു പാദത്തിലോ ഒന്നിലധികം പാദങ്ങളിലോ ഒന്നോ അധികമോ വ്യഞ്ജനം ആവർത്തിക്കപ്പെടുന്നതാണ് അനുപ്രാസം.

അനുപ്രാസം വ്യഞ്ജനത്തെ-
യാവർത്തിക്കിലിടയ്ക്കിടെ (ഭാഷാഭൂഷണം)

അനുപ്രാസം പ്രധാനമായി മൂന്നിനമാണ്: ഛേകാനുപ്രാസം. കൂട്ടക്ഷരത്തെ ഇരട്ടയായി ആവർത്തിക്കുന്നത്.

ഉദാ.

അണ്ടർകോൻ മുമ്പരാമുമ്പർ
സത്യലോകത്തിലെത്തിനാർ

വൃത്ത്യനുപ്രാസം. കൂട്ടക്ഷരത്തെ ഒന്നിലേറെത്തവണയോ ഒറ്റയക്ഷരത്തെ ഒന്നോ അധികമോ തവണയോ ആവർത്തിക്കുന്നത്.

ഉദാ.

വലാഹകശ്യാമളകോമളാംഗനീ
വിലാസിവിദ്യുത്സമഡംബരാംബരൻ
സുലാള്യവേണൂജ്വലപാണിപല്ലവൻ
കലാപിബർഹാങ്കിതകമ്രകുന്തളൻ

(ശിഷ്യനും മകനും)

ഉപനാഗരികാവൃത്തി തുടങ്ങിയ വൃത്തി(രീതി)കളെ ജനിപ്പിക്കുകയാലാണ് വൃത്താനുപ്രാസം എന്നു പേരുണ്ടായത്. മധുരവ്യഞ്ജനപ്രാസം, വൈദർഭീരീതി എന്ന് തുടങ്ങിയ ഭാഷാഭൂഷണത്തിലെ രീതി വിവരണങ്ങളും അവയ്ക്കു കാണിച്ചിട്ടുള്ള പ്രാസബഹുലമായ ലക്ഷ്യങ്ങളും കുട്ടിക്കൃഷ്ണമാരാരുടെ സാഹിത്യഭൂഷണത്തിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.

ലാടാനുപ്രാസം. താത്പര്യത്തിൽ മാത്രം ഭേദം കല്പിച്ച് ഒരേ പദസമൂഹത്തെ ആവർത്തിക്കുന്നത്.

ഉദാ.

പഥ്യമുണ്ടെങ്കിൽ രോഗിക്ക്
ഫലമെന്തൌഷധത്തിനാൽ
പഥ്യമില്ലെങ്കിൽ രോഗിക്ക്
ഫലമെന്തൌഷധത്തിനാൽ
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുപ്രാസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുപ്രാസം&oldid=1000218" എന്ന താളിൽനിന്ന് ശേഖരിച്ചത്