അനിച്ഛിതസ്മരണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിത്യ ജീവിതത്തിലെ സന്ദർഭങ്ങൾ നൾകുന്ന സൂചനകളുടെ പ്രേരണയിൽ ഭൂതകാല സംഭവങ്ങൾ അബോധമായി അനായാസം അനുസ്മരിക്കപ്പെടുന്നതിനാണ് അനിച്ഛിതസ്മരണ (Involuntary Memory) എന്നു പറയുന്നത്. ഇതിനു നേർവിപരീതമായ ഇച്ഛിത സ്മരണയിൽ ബോധപൂർവമായ ശ്രമത്തിൽ പൂർവകാല സംഭവങ്ങൾ അനുസ്മരിക്കപ്പെടുന്നു.

സാഹിത്യത്തിൽ[തിരുത്തുക]

അലിയുന്ന ബിസ്കറ്റ് അനിച്ഛിതസ്മരണയ്ക്ക് അവസരമാകാം

സാഹിത്യത്തിൽ അനിച്ഛിതസ്മരണയുടെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു ചിത്രീകരണം ഫ്രഞ്ച് എഴുത്തുകാരനായ മാർസെൽ പ്രൂസ്തിന്റെ "കഴിഞ്ഞ കാലം അയവിറക്കുമ്പോൾ" (Remembrance of Things Past) എന്ന ബൃഹദ് നോവലിന്റെ ആദ്യ ഖണ്ഡമായ സ്വാനിന്റെ വഴിയിൽ(Swan's Way) ആണ്. ഒരു ശീതകാല ദിവസം, വെളിയിൽ നിന്ന് തണുത്ത് വിറച്ച് വീട്ടിൽ എത്തിയ നോവലിലെ മുഖ്യ കഥാപാത്രമായ സ്വാനിന് അമ്മ ഒരു കോപ്പ ചായയും ഒരു മാഡലൈൻ കേക്കും കൊടുക്കുന്നതാണ് സന്ദർഭം. കേക്കിന്റ ഒരു മുറിയും ഒരു കവിൾ ചായയും അകത്താക്കിയപ്പോൾ സ്വാനിനുണ്ടായ അനുഭവം നോവലിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു:-

വിവരണാതീതമായ ഒരു സന്തുഷ്ടി എന്റെ ഇന്ദ്രിയങ്ങളെ ഗ്രസിച്ചു. അത് വേറിട്ടുനിന്നതും സ്വന്തം ഉറവിടത്തെപ്പറ്റി ഒരു സൂചനയും തരാത്തതും ആയിരുന്നു. ഈ പുതിയ അനുഭവം പ്രേമമെന്നപോലെ, അതിന്റെ അമൂല്യസത്ത കൊണ്ട് എന്നെ നിറച്ചതോടെ, ജീവിതത്തിലെ സംഭവഗതികൾ അപ്രധാനമെന്നും അതിലെ ദുരന്തങ്ങൾ നിസ്സാരങ്ങളെന്നും അതിന്റെ ക്ഷണികത മായാസൃഷ്ടമെന്നും എനിക്ക് തോന്നി. ആ അനുഭവത്തിന്റെ സത്ത എന്നിലായിരുന്നു എന്നുപറയുന്നതിനേക്കാൾ, അത് ഞാൻ തന്നെയായിരുന്നു എന്നു പറയുന്നതാവും ശരി. അതോടെ, ശരാശരിക്കാരനെന്നും യാദൃച്ഛികതയുടെ സൃഷ്ടിയെന്നും, നശ്വരനെന്നുമുള്ള തോന്നൽ എന്നെ വിട്ടുമാറി. അതിശക്തമായ ഈ സന്തുഷ്ടി, അത് എവിടെ നിന്ന് വന്നതാണാവോ? അതിന് കേക്കിന്റേയും ചായയുടേയും രുചികളുമായി ബന്ധമുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ആ രുചികളെ ബഹുദൂരം അതിശയിക്കുന്നതും, സ്വഭാവത്തിൽ അവയിൽ നിന്ന് വ്യത്യസ്തവും ആയിരുന്നു അത്. അതെവിടെനിന്ന് വന്നു? അതിന്റെ അർത്ഥമെന്താണ്? അതിനെ പിടികൂടാനും നിർവചിക്കാനും എനിക്കാവുമോ? [1]

ഈ സന്തുഷ്ടിയുടെ കാരണം അതനുഭവിച്ച അയാൾക്ക് കണ്ടെത്താനായത്, ദീർഘമായ മനനത്തിനു ശേഷമാണ്. കുട്ടിക്കാലത്ത് ഞായറാഴ്ചകളിൽ, സുപ്രഭാതം ആശംസിക്കാൻ അമ്മായിയുടെ മുറിയിൽ അയാൾ പോകുമായിരുന്നു. അപ്പോൾ അവർ, താൻ കുടിച്ചു കൊണ്ടിരുന്ന ചായയിൽ മുക്കി, അതേ തരം കേക്കിന്റെ ഒരു കഷണം അയാൾക്ക് തിന്നാൻ കൊടുക്കുമായിരുന്നു. ശൈശവത്തിലെ ആ സ്മരണയുടെ തള്ളിക്കയറ്റമാണ് ഇപ്പോൾ അതേ തരം കേക്ക് ചായയോടൊപ്പം കഴിച്ചപ്പോൾ അയാളെ ആഹ്ലാദം കൊണ്ട് നിറച്ചത്. എന്നാൽ അതിന്റെ കാരണം കണ്ടു പിടിക്കാൻ അയാൾക്ക് പണിപ്പെടേണ്ടി വന്നു.

അവലംബം[തിരുത്തുക]

  1. Swan's Way Text Online - http://www.gutenberg.org/dirs/etext04/7swnn10.txt
"https://ml.wikipedia.org/w/index.php?title=അനിച്ഛിതസ്മരണ&oldid=2376510" എന്ന താളിൽനിന്നു ശേഖരിച്ചത്