അനാഹതനാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഹനനം (അടിക്കൽ) കൊണ്ടല്ലാതെ ഉണ്ടാക്കപ്പെട്ട നാദത്തെ അനാഹതനാദം എന്നു പറയുന്നു. നാദം അഥവാ ശബ്ദം ഒരു ദ്രവ്യമാണെന്നും പൃഥ്വി, ജലം, തേജസ്സ്, വായു എന്നിങ്ങനെയുള്ള മറ്റു ദ്രവ്യങ്ങളുടേതുപോലെ ഇതിന്റെയും പരമാണുക്കൾ പ്രപഞ്ചത്തിൽ സർവത്ര വ്യാപിച്ചിരിപ്പുണ്ടെന്നും ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. സർവവ്യാപ്തമായ ഈ ശബ്ദാണുസമൂഹത്തെ അനാഹതനാദം എന്നു പറയുന്നു.

അനാഹതനാദം ശരീരത്തിനകത്തും സ്ഥിതിചെയ്യുന്നുണ്ട്. സുഷുമ്നയുടെ മേൽപ്പോട്ടുള്ള മാർഗ്ഗം അടഞ്ഞിരിക്കുന്നതുകൊണ്ടാണ് സാധാരണക്കാർക്ക് അത് കേൾക്കാൻ കഴിയാതിരിക്കുന്നത്. ഹഠയോഗപരിശീലനംമൂലം കുണ്ഡലിനിശക്തി ഉണരുമ്പോൾ ആ മാർഗ്ഗം തുറക്കപ്പെടുകയും നാദം കേൾക്കാൻ കഴിയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ആദ്യം ഇത് സമുദ്രഗർജനം, മേഘഗർജനം എന്നിവപോലെ സ്ഥൂലമായും പിന്നീട് ക്രമത്തിൽ ശംഖം, മണി, കിങ്ങിണി, ഓടക്കുഴൽ, വണ്ട് എന്നിവയുടെ നാദംപോലെ സൂക്ഷ്മമായും മധുരമായും അനുഭവപ്പെടുമെന്നു യോഗികൾ സ്വാനുഭവത്തിലൂടെ അറിഞ്ഞിട്ടുണ്ട്.

അനാഹതനാദം പ്രകൃതിയുടെ സംഗീതമാണ് അഥവാ പ്രപഞ്ചത്തിലെ നിസർഗസംഗീതമാണ്. അത് ആഹതമായിത്തീർന്ന്- അടിക്കപ്പെട്ട്-ഉപാധിഭേദമനുസരിച്ച് സംഗീതശാസ്ത്രത്തിനാധാരമായ സപ്തസ്വരങ്ങളായി പരിണമിക്കുന്നു. അനാഹതനാദത്തെ പ്രണവം, ഓംകാരം, ശബ്ദബ്രഹ്മം, സോഹംധ്വനി എന്നെല്ലാം സാധകന്മാരും യോഗികളും വ്യവഹരിച്ചുപോരുന്നു. വൈയാകരണന്മാർ ഇതിനെ സ്ഫോടമെന്നാണ് പറയുന്നത്.

ശരീരത്തിൽ സ്ഥിതിചെയ്യുന്നു എന്ന് സങ്കല്പിക്കപ്പെട്ടിരിക്കുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു ചക്രങ്ങളുള്ളതിൽ നാലാമത്തേതാണ് അനാഹതം. ഹൃച്ചക്രം എന്നും ഇതിനു പേരുണ്ട്. ഉദയസൂര്യന്റെ നിറമുള്ളതും പന്ത്രണ്ടു ദളങ്ങളുള്ളതുമായ പദ്മമായിട്ടാണ് ഈ ചക്രത്തെ സങ്കല്പിച്ചിട്ടുള്ളത്. അനാഹതചക്രമാണ് അനാഹതനാദത്തിന്റെ സ്ഥാനം എന്നു പറയപ്പെടുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനാഹതനാദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനാഹതനാദം&oldid=2279983" എന്ന താളിൽനിന്ന് ശേഖരിച്ചത്