അനന്ത് കന്ദളി
15-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അസമിയ കവിയായിരുന്നു അനന്ത് കന്ദളി. അസമിയ (ആസാമീസ്) സാഹിത്യത്തിൽ പ്രബലമായിത്തീർന്ന വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ പ്രണേതാവെന്നറിയപ്പെടുന്ന ശങ്കരദേവ കവിയുടെ ശിഷ്യൻമാരിൽ മുഖ്യനാണ് ഇദ്ദേഹം. ആസാമിലെ കാമരൂപ് ജില്ലയിൽപ്പെട്ട ഹജോ എന്ന ഗ്രാമത്തിൽ ഒരു സാധാരണ ബ്രാഹ്മണകുടുംബത്തിൽ ജനിച്ചു. ജനനത്തീയതിയെപ്പറ്റി വ്യക്തമായ അറിവില്ല. കാമരൂപ് രാജ്യം (ഇന്നത്തെ ആസാമിൽപ്പെട്ട ഒരു പ്രദേശം) ഭരിച്ചിരുന്ന നരനാരായണ രാജാവിന്റെ (15-ആം നൂറ്റാണ്ട്) ഡർബാറിലെ കവികളുടെ കൂട്ടത്തിൽ ശങ്കരദേവനും അദ്ദേഹത്തിന്റെ ശിഷ്യനായ അനന്ത് കന്ദളിയും ഉണ്ടായിരുന്നതായി പരാമർശങ്ങൾ ഉണ്ട്.[1]
കന്ദളിയുടെ യഥാർഥ നാമം ഹരിചരൺ എന്നായിരുന്നു. അനന്ത് കന്ദളി എന്നത് ഇദ്ദേഹത്തിന്റെ തൂലികാനാമമാണ്. കന്ദളിയുടെ പ്രകൃഷ്ട കൃതിയായി കരുതപ്പെട്ടു പോരുന്നത് ഭാഗവത പുരാണം ഉത്താരാർധത്തിന്റെ അസമിയ പരിഭാഷയാണ്. ഭാഗവതപുരാണത്തിന്റെ പൂർവഭാഗം ശങ്കരദേവകവി പരിഭാഷപ്പെടുത്തിയിരുന്നു. ബാക്കി ഭാഗം കന്ദളി തന്നെ പരിഭാഷപ്പെടുത്തി തന്റെ യത്നത്തിനൊരു പൂർണത വരുത്തണമെന്ന് ശങ്കരദേവ് ശിഷ്യനെ സ്വപ്നത്തിൽ ഉപദേശിച്ചുവെന്നും അതനുസരിച്ച് കന്ദളി ഗുരുവിന്റെ ആഗ്രഹം സഫലമാക്കിയെന്നുമാണ് ഐതിഹ്യം.
കന്ദളി നിരവധി കൃതികൾ രചിച്ചിട്ടുള്ളതായി പരാമർശങ്ങൾ കാണുന്നുണ്ടെങ്കിലും ഭാഗവത തർജുമ കൂടാതെ മഹിരാവണബദ്ധ, ഹരിഹരയുദ്ധ, വൃത്താസുരബധ, ഭരത സാവിത്രി, ജീവസ്തുതി, കുമാര ഹരണകാവ്യ എന്നീ കൃതികൾ മാത്രമേ ലഭ്യമായിട്ടുള്ളു. ഉഷയുടെയും അനിരുദ്ധന്റെയും പ്രേമകഥയെ ആസ്പദമാക്കി രചിച്ച കുമാരഹരണ കാവ്യം അസമിയ സാഹിത്യത്തിലെ ഒരു ഉത്കൃഷ്ട കൃതിയാണെന്ന് നിരൂപകൻമാർ അഭിപ്രായപ്പെടുന്നു.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനന്ത് കന്ദളി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |