അനന്തപുരവർണനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അനന്തപുരവർണ്ണനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രാചീനമലയാളസാഹിത്യം
മണിപ്രവാളസാഹിത്യം

ചമ്പുക്കൾ :

ഉണ്ണിയച്ചീചരിതംഉണ്ണിച്ചിരുതേവീചരിതംഉണ്ണിയാടീചരിതം

സന്ദേശകാവ്യങ്ങൾ :

ഉണ്ണുനീലിസന്ദേശംകോകസന്ദേശംകാകസന്ദേശം

സ്തോത്രകൃതികൾ :

ചെല്ലൂർനാഥസ്തവംവാസുദേവസ്തവം
ഭദ്രകാളീസ്തവംരാമായണകീർത്തനം
അവതരണദശകംദശാവതാരചരിതം

മറ്റുള്ളവ :

വൈശികതന്ത്രംലഘുകാവ്യങ്ങൾഅനന്തപുരവർണ്ണനം
ആലത്തൂർ മണിപ്രവാളംതാമരനല്ലൂർ ഭാഷചന്ദ്രോത്സവം

പാട്ട്

രാമചരിതംതിരുനിഴൽമാല
ഭാഷാഭഗവദ്ഗീതഭാരതമാല
കണ്ണശ്ശരാമായണംകണ്ണശ്ശഭാരതം
കണ്ണശ്ശഭാഗവതംശിവരാത്രിമാഹാത്മ്യം
രാമകഥപ്പാട്ട്
കൃഷ്ണഗാഥഭാരതഗാഥ

പ്രാചീനഗദ്യം

ഭാഷാകൗടലീയംആട്ടപ്രകാരംക്രമദീപിക
ദൂതവാക്യംബ്രഹ്മാണ്ഡപുരാണം
ഹോരാഫലരത്നാവലിഅംബരീഷോപാഖ്യാനംനളോപാഖ്യാനംരാമായണം തമിഴ്ഉത്തരരാമായണസംഗ്രഹംഭാഗവതഹംപുരാണസംഹിതദേവീമാഹാത്മ്യം

[//ml.wikipedia.org{{localurl:ഫലകം:പ്രാചീനമലയാളസാഹിത്യം|action=edit}

14-ആം നൂറ്റാണ്ടിലെ (കൊല്ലവർഷം അഞ്ചും ആറും നൂറ്റാണ്ടുകൾക്കിടയ്ക്ക്) തിരുവനന്തപുരം നഗരത്തെ വർണ്ണിക്കുന്ന ഒരു മണിപ്രവാളകൃതിയാണ്‌ അനന്തപുരവർണ്ണനം. മലയാളത്തിലെ ആദ്യ റിയലിസ്റ്റിൿകാവ്യമെന്ന് അനന്തപുരവർണ്ണനത്തെ വിശേഷിപ്പിക്കുന്നു.[1]

ചരിത്രം[തിരുത്തുക]

അനുഷ്ടുപ്പ് വൃത്തത്തിലാണ്‌ അനന്തപുരവർണ്ണനം എഴുതിയിട്ടുള്ളത്. 190 പദ്യങ്ങളാണുള്ളത്.

തിരുവനന്തപുരത്തെ ക്ഷേത്രങ്ങൾ, തീർത്ഥങ്ങൾ, അങ്ങാടി തുടങ്ങിയവയുടെ വർണ്ണനമാണ്‌ ഇതിന്റെ ഉള്ളടക്കം. വിഷ്ണുവിന്റെ ദശാവതാരവും കവി വർണ്ണിക്കുന്നു.അങ്ങാടിയെക്കുറിച്ച് സ്വഭാവോക്തിസുന്ദരമായ വർണ്ണന അന്നത്തെ സാമൂഹികചുറ്റുപാടുകളെക്കുറിച്ച് വിവരംനൽകുന്നതാണ്‌. തുലിംഗർ, മാണ്ഡകർ, കലിംഗർ, ചോനകർ (അറബികളും അവരുടെ സന്തതികളായ മലബാർ മാപ്പിളമാരും), ഗൌഡർ, കുടയാരിയർ (തുളുമലയാള ബ്രാഹ്മണർ), ചോഴിയർ (ചോളനാട്ടിലുള്ളവർ) എന്നിങ്ങനെ കച്ചവടസമൂഹങ്ങളെയും അവർ വിക്രയംനടത്തുന്ന നാനാവിധ സാധനങ്ങളെയും കാശ്, തിരമം, പണം എന്നീ നാണയങ്ങളെയും ഇവിടെ പരാമർശിക്കുന്നു. 'മരക്കല'ത്തിൽ (കപ്പലിൽ) പലമാതിരി ചരക്കുകൾ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു.

ശ്രീപദ്മനാഭക്ഷേത്രം, ശ്രീകണ്ഠേശ്വരക്ഷേത്രം, കാന്തളൂർ ശാല തുടങ്ങിയവയെക്കുറിച്ചുള്ള വർണ്ണനകളാണ്‌ പിന്നീട്. അഗ്രശാലയിലെ കാഴ്ച്ചകൾ ഫലിതരസത്തോടെയാണ്‌ കവി അവതരിപ്പിക്കുന്നത്.

ഈ പ്രാചീന കൃതിക്ക് ചരിത്രപരമായ പ്രാധാന്യം ഉണ്ട്. ഇത് സാഹിത്യഭംഗിയുള്ള ഒരു സ്ഥലവർണന എന്ന നിലയ്ക്കു മാത്രമല്ല, അക്കാലത്തെ ഭാഷയുടെയും സാഹിത്യത്തിന്റെയും സ്വഭാവം അറിയാൻ സഹായിക്കുന്ന ഒരു മാതൃക എന്ന നിലയ്ക്കും ശ്രദ്ധാർഹമാണ്.

കൂടല്ലൂർ മനയ്ക്കൽനിന്നു ലഭിച്ച ഒരേയൊരു ഹസ്തലിഖിത ഗ്രന്ഥത്തെ അവലംബമാക്കി തിരുവനന്തപുരം ഹസ്ത ലിഖിത ഗ്രന്ഥാലയത്തിൽ നിന്ന് ആദ്യം ഭാഷാ ത്രൈമാസികം മൂന്നും നാലും ലക്കങ്ങളിലൂടെയും പിന്നീട് പ്രത്യേക ഗ്രന്ഥമായും ഇതു പ്രസിദ്ധീകരിച്ചു.

എന്ന ഇതിലെ എട്ടാമത്തെ പദ്യം ലീലാതിലകത്തിൽ മണിപ്രവാളലക്ഷണം പരാമർശിക്കുന്നേടത്ത് ഉദ്ധരിച്ചിരിക്കുന്നതിൽനിന്നും കൃതിയുടെ പഴക്കവും പ്രാധാന്യവും അനുമേയമാണ്. തിരുവനന്തപുരം അന്ന് [[രാജധാനി|രാജധാനിയായിട്ടില്ല. ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം, വലിയശാലക്ഷേത്രം, ശ്രീകണ്ഠേശ്വരംക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളും കാന്തളൂർശാല എന്ന വിദ്യാപീഠവും കൊണ്ടുള്ള മേന്മയാണ് അതിനുണ്ടായിരുന്നത്. ഇന്ദ്രതീർഥം, ഭൃഗുതീർഥം, വരാഹതീർഥം, കണ്വതീർഥം, സോമതീർഥം, രാമതീർഥം, അനന്തതീർഥം എന്നിങ്ങനെ ഒട്ടേറെ തീർഥങ്ങളും ആപണശ്രേണിയും വാണിയർ വാണിഭവും കൃതിയിൽ പരാമൃഷ്ടമാവുന്നുണ്ട്. തീർഥങ്ങളെല്ലാം അന്നുണ്ടായിരുന്നവയോ കവികല്പിതമോ എന്നു നിശ്ചയമില്ല. അളിയും കിളിയും തമ്മിൽ കളമായ് വളരിന്റെനടക്കാവുകളാണ് വർണനാവിഷയമായിട്ടുള്ള മറ്റൊരു ദൃശ്യം. മണിപ്രവാള കവികൾക്കു പൊതുവേയുള്ള രചനാസാമർഥ്യത്തിൽ ഈ കൃതിയുടെ കർത്താവ് ഒട്ടും പുറകിലല്ല. തീർഥങ്ങൾ, അങ്ങാടികൾ, ദശാവതാരങ്ങൾ മുതലായവയുടെ ചിത്രണം ഉജ്ജ്വലമായിട്ടുണ്ട്.

ഇന്നു ലുപ്തപ്രചാരങ്ങളായിത്തീർന്നിരിക്കുന്ന നിരവധി പദങ്ങൾ ഈ കൃതിയിൽ കാണാം. ഇണ്ടമാല, പത്തിരം, ചിക്ക്, ചിക്കിരം, നെരിപ്പട, ഇപ്പി, കണ്ടിക, കാര, താരി, മഞ്ച, മഞ്ചണ, കമ്പായു, ഉപയ്ക്കുക (സ്നേഹിക്കുക), ചരതിക്കുക (സൂക്ഷിക്കുക), എൻക (എന്നു പറയുക), ഉഴയ്ക്കുക (ബുദ്ധിമുട്ടുക) മുതലായവ ആ ഇനത്തിൽപെടും. ചൂടിനാ (നീ ചൂടി), കൊടേൻ (ഞാൻ കൊടുക്കയില്ല) ഇത്യാദി പുരുഷപ്രത്യയം ചേർത്തു പ്രയോഗിച്ചിട്ടുള്ള ക്രിയാപദങ്ങളും അനന്തപുരമാളിന്റെ വനന്തനെ എന്നും മറ്റുമുള്ള സന്ധികളും സുലഭമാണ്. ഭാഷയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ഉണ്ണിച്ചിരുതേവീചരിതത്തിനും ഉണ്ണുനീലിസന്ദേശത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ഈ കൃതിയുടെ രചനയെന്ന് അനുമാനിക്കാം.

കവി, കാലം[തിരുത്തുക]

അനന്തപുരവർണ്ണനത്തിൽനിന്നുള്ള ഒരു ശ്ലോകം ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ലീലാതിലകത്തിന്റെ കാലം 14-ആം നൂറ്റാണ്ടിന്റെ അന്ത്യപാദമാണ്‌. 14-ആം ശതകത്തിന്റെ ആരംഭത്തിലാണ്‌ അനന്തപുരവർണ്ണനം രചിക്കുന്നതെന്ന് ഉള്ളൂർ പറയുന്നു.[2] എൻ. കൃഷ്ണപിള്ള 14-ആം ശതകത്തിന്റെ ദ്വിതീയപാദത്തിൽ, ഉണ്ണിച്ചിരുതേവീചരിതത്തിനും ഉണ്ണുനീലിസന്ദേശത്തിനും ഇടയ്ക്കുള്ളകാലഘട്ടത്തിൽ എഴിതിയതാണെന്ന് ഇത് വിശദീകരിക്കുന്നു.[3]

ഈ കൃതിയുടെ രചയിതാവിനെക്കുറിച്ച് അറിവില്ല. മയാശ്രുതം എന്നുംമറ്റും മറയുന്നതിൽനിന്ന് കവി തിരുവനന്തപുരത്തുകാരനല്ലെന്നും ദുസ്സ്, മുസ്രോളിപ്പ്(മൂത്രമൊഴിപ്പ്) മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നതിൽനിന്ന് ഒരു നമ്പൂതിരിയാണെന്നും മനസ്സിലാക്കാം എന്നാണ് കേരള സാഹിത്യചരിത്രത്തിൽ ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുള്ളത്.[2] അനന്തപുരവർണനം വ്യാഖ്യാനത്തോടുകൂടി ഡോ. കെ. രത്നമ്മ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉള്ളടക്കം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പി.കെ. പരമേശ്വരൻ നായർ - മലയാളസാഹിത്യചരിത്രം
  2. 2.0 2.1 ഉള്ളൂർ‍ - കേരളസാഹിത്യചരിത്രം
  3. എൻ. കൃഷ്ണപിള്ള‍ - കൈരളിയുടെ കഥ
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനന്തപുരവർണനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനന്തപുരവർണനം&oldid=1924838" എന്ന താളിൽനിന്ന് ശേഖരിച്ചത്