അധോജനിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂവല്കത്തിലെ അഗാധസ്തരങ്ങളിൽ ഉന്നതോഷ്മാവിൽ തിളച്ചുമറിയുന്ന ശിലാദ്രവത്തിന്റെ (മാഗ്മയുടെ) പ്രവർത്തനഫലമായി, അന്തർവേധശിലകളുടെ ഭാഗമായോ അല്ലാതെയോ രൂപപ്പെടുന്ന ധാതുസഞ്ചയത്തെ അധോജനിതം (Hypogene) എന്നു പറയുന്നു. ഉപരിതലത്തിലോ വലിയ ആഴത്തിൽ അല്ലാതെയോ രൂപംകൊള്ളുന്ന നിക്ഷേപങ്ങളെ ഊർധ്വജനിതം (supergene) എന്നു വിശേഷിപ്പിക്കുന്നു.

അധോജനിത നിക്ഷേപങ്ങൾക്ക് നിദാനമായ പദാർഥങ്ങൾ ദ്രവരൂപത്തിലോ, വാതകരൂപത്തിലോ രണ്ടും കലർന്നോ ആവാം. ഇവ ജലീയ (aqueous) ലായനികളോ പെഗ്മട്ടൈറ്റിക് (pegmetitic) ലായനികളോ ആയിരിക്കും. ഇവയിൽ ഹൈഡ്രോക്ലോറിക്ക് ആസിഡ്, ഹൈഡ്രോ ഫ്ലൂറിക് ആസിഡ്, സൾഫ്യൂറിക് ആസിഡ്, ബോറിക് ആസിഡ് തുടങ്ങിയ ബാഷ്പീയ അമ്ലങ്ങൾക്കൊപ്പം കാർബൺഡൈഓക്സൈഡ്, ഹൈഡ്രജൻസൾഫൈഡ്, ഹൈഡ്രജൻ, ഓക്സിജൻ, ക്ലോറിൻ‍, ഫ്ളൂറിൻ തുടങ്ങിയ വാതകങ്ങളും, സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, ടൈറ്റാനിയം, അലൂമിനിയം, ടിൻ (തകരം), ഈയം, ചെമ്പ്, നാകം, വെള്ളി എന്നീ ലോഹങ്ങളും അടങ്ങിയിരിക്കും.

ബാഷ്പപ്രസർജന (gaseous emanation) ങ്ങളിലൂടെ രൂപംകൊള്ളുന്ന ഉന്നത ഊഷ്മാവിലുള്ള അമ്ലലായനികൾ വിവിധ ശിലാകാരകധാതു (rock-forming mineral) ക്കളുമായി പ്രതിപ്രവർത്തിക്കുന്നു. ക്വാർട്ട്സ്, ആൽക്കലിഫെൽസ്പാർ തുടങ്ങിയ ചുരുക്കം ചില ധാതുക്കളെ ഈ ലായനികൾ ബാധിക്കുന്നില്ല. കാർബണേറ്റ് ശിലകൾ, അല്പസിലിക ശിലകൾ (basic rocks), കായാന്തരിക ശിലകൾ (metamorphic rocks) എന്നിവ എളുപ്പം രാസപ്രവർത്തനത്തിനു വിധേയമാകുന്നു. ഇതിന്റെ ഫലമായി സൾഫൈഡുകളും ഘനധാതുക്കളും (heavy minerals) അമ്ലലായനികളിൽ രൂപംകൊള്ളുകയും തുടർന്ന് നിക്ഷിപ്തമാവുകയും ചെയ്യുന്നു.

പ്രാകൃതിക (natural) സ്വർണം, വെള്ളി, ചെമ്പ്, മാഗ്നട്ടൈറ്റ്, ഹേമട്ടൈറ്റ്, ഗലീന, സ്ഫാലെറൈറ്റ്, ക്രോമൈറ്റ്, പൈറോലുസൈറ്റ്, വുൾഫ്രമൈറ്റ് എന്നിവ അധോജനിതങ്ങൾക്ക് ഉദാഹരണങ്ങളാണ്. സാധാരണയായി ക്വാർട്ട്സ്, കാൽസൈറ്റ്, ബേറൈറ്റ്, ഫെൽസ്പാർ, ഗാർനൈറ്റ്, അപട്ടൈറ്റ്, പൈറൈറ്റ് തുടങ്ങിയവ ഇവയോട് ചേർന്ന് ഗാംഗ് (gangue) ധാതുക്കളായി കണ്ടുവരുന്നു.

പുറംകണ്ണി[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധോജനിതം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധോജനിതം&oldid=979753" എന്ന താളിൽനിന്ന് ശേഖരിച്ചത്