അധിഷ്ഠാപന സ്മാരകനാണ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The US bicentennial quarter is an example of a true commemorative coin.
The king Tutankhamen Egyptian one pound coin might properly be classified as thematic rather than commemorative.
റോമൻ നാണയം (161-169) റോമൻ ചക്രവർത്തി ലൂസിയസ്സ് വേറസിന്റെ വിജയവേളയിൽ പ്രസിദ്ധീകരിച്ചത്

ചക്രവർത്തിമാരുടെയോ, രാജകുടുംബാംഗങ്ങളുടെയോ സ്ഥാനാഭിഷേകമുഹൂർത്തത്തിൽ അതിന്റെ സ്മരണ നിലനിർത്തുവാൻ പ്രത്യേകമായി മുദ്രണം ചെയ്തിറക്കുന്ന നാണയങ്ങളെ അധിഷ്ഠാപന സ്മാരകനാണ്യം എന്നു പറയുന്നു. പ്രാചീന റോമാക്കാരാണ് ഈ സമ്പ്രദായം നടപ്പാക്കിയതെന്ന് കരുതപ്പെടുന്നു. അവർ പുരുഷന്മാരുടെ സ്മാരകമായി ഡൈവസ് (Divus) എന്നും സ്ത്രീകൾക്ക് ഡിവ (Diva) എന്നും രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. ഇവയിൽ ഭൂരിഭാഗവും സ്ഥാനാഭിഷേകമണ്ഡപത്തിൽ (Campus Martins) നടന്ന സാക്ഷാൽ അഭിഷേകത്തെക്കുറിക്കുന്നതാണ്. നാലു നിലയുള്ള ശവപ്പെട്ടിയുടെ പൂർണ രൂപവും അതിന്റെ അഗ്രഭാഗത്ത് ആത്മാവ് ദൈവത്തിങ്കൽ സായൂജ്യം പ്രാപിക്കാനെത്തുന്ന ചിത്രവും മുദ്രിതമായിരിക്കും.

തിരുവിതാംകൂർ ഭരിച്ചിരുന്ന വിശാഖം തിരുനാൾ രാമവർമ രാജാവ് (ഭ.കാ. 1880-86) തുലാപുരുഷദാനം നടത്തിയപ്പോൾ ഇത്തരത്തിലുള്ള സുവർണനാണയങ്ങൾ (മുഴുപ്പവനും അരപ്പവനും) ഇവിടത്തെ കമ്മട്ടത്തിൽനിന്ന് പുറപ്പെടുവിച്ചിരുന്നു. ഒരു വശത്ത് കിരീടം ധരിച്ച മഹാരാജാവിന്റെ ശിരസ്സും മറുവശത്ത് ലതാവിതാനവും ആണ്ടും മുദ്രണം ചെയ്തിരുന്നു. ഇവയുടെ മാതൃകകൾ പദ്മനാഭപുരം ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ചരിത്രഗവേഷണത്തിൽ അത്യധികം പ്രാധാന്യം അർഹിക്കുന്നവയാണ് നാണയങ്ങൾ; പ്രത്യേകിച്ചും ഇത്തരം സ്ഥാനാരോഹണ സ്മാരകനാണയങ്ങൾ. ചരിത്രത്തിൽ അന്ധകാരാവൃതമായിരുന്ന പല കോണുകളും ഈ നാണയങ്ങളുടെ സഹായത്താൽ പ്രകാശമാനമായി തീർന്നിരിക്കുന്നു. സംസ്കാരത്തിന്റെ പഴമ നിർണയിക്കുന്നതിന് നാണയങ്ങളെപ്പോലെയുള്ള അവിതർക്കിതസാക്ഷ്യങ്ങൾ അപൂർവമാണ്. മോഹൻജദാരോ, ഹാരപ്പ, ചാൻഹുദാരോ, തക്ഷശില, ലോഥാൽ മുതലായ പുരാതന സംസ്ക്കാരകേന്ദ്രങ്ങളിൽ ഖനനം നടത്തിയപ്പോൾ ലഭിച്ച നാണയങ്ങൾ കാലനിർണയത്തിന് സഹായകമായിട്ടുണ്ട്. ഇന്ത്യാ ചരിത്രത്തിലെ ചില അധ്യായങ്ങൾ രചിക്കാൻ നാണയങ്ങൾ മാത്രമാണ് അവലംബം. പ്രാചീന ലിപികൾ വായിക്കാൻ സഹായിച്ചതുതന്നെ നാണയപഠനമാണെന്നു പറയാം. വളരെക്കാലം വിസ്മൃതമായിക്കിടന്ന ബ്രാഹ്മി, ഖരോഷ്ഠി ലിപികൾ വായിക്കാൻ ജെയിംസ് പ്രിൻസെപ്പിനെ സഹായിച്ചത് ഏതാനും ദ്വിഭാഷ നാണയങ്ങളായിരുന്നു.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധിഷ്ഠാപന സ്മാരകനാണ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.