അതിപൂരിതലായനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൂരിതം (saturated) ആകുന്നതിനു വേണ്ടതിനെക്കാൾ അധികം ലേയം (solute) ഉൾക്കൊള്ളുന്ന ലായനിയാണ് അതിപൂരിതലായനി. ലായകത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ലേയത്തിന്റെ അളവ് അതാതു വസ്തുക്കളുടെ പ്രത്യേകതകളെയും താപനിലയെയും മർദത്തെയും ആശ്രയിച്ചിരിക്കും; അതിന് ഒരു പരിധിയുമുണ്ട്. പരിധിയോളം ലേയമുൾക്കൊള്ളുന്ന ലായനിയാണ് പൂരിതലായനി. അതിപൂരിതലായനിയിലാകട്ടെ, ലേയം ഈ സാധാരണ പരിധിയിലധികം അലിഞ്ഞുചേർന്നു കിടക്കുന്നു. ഒരു ഉദാഹരണം എടുക്കാം. ജലം ലായകമായുപയോഗിച്ച് 20oC താപനിലയിൽ ഹൈപ്പോ(Hypo)വിന്റെ ഒരു പൂരിതലായനിയുണ്ടാക്കിയാൽ അതിലെ ലായക-ലേയ-അനുപാതം 100 : 84.5 ആയിരിക്കും. എന്നാൽ 100oC താപനിലയിൽ ഒരു പൂരിതലായനിയുണ്ടാക്കി മുൻകരുതലോടെ അതിനെ 20oc വരെ തണുപ്പിച്ചാൽ ലായക-ലേയത്തിന്റെ അനുപാതം 100 : 428 ആയ ഒരു അതിപൂരിതലായനി ലഭിക്കുന്നതാണ്. അപ്പോൾ അതിൽ 343.5 ഗ്രാം ഹൈപ്പോ വീതം (100 ഗ്രാം ജലത്തിന്) പരിധിയിലും കവിഞ്ഞ് ഉണ്ടായിരിക്കും.

അതിപൂരിതലായനിയിലെ ലായക-ലേയ-സന്തുലനം (solvent-solute-equilibrium) മിതസ്ഥായി (meta stable) ആണ്. ഭാജനത്തിന്റെ ഉൾഭിത്തികളിൽ ഒരു സ്ഫടികദണ്ഡുകൊണ്ട് ഉരച്ചാൽ പോലും അതിനു ഭംഗം നേരിടുന്ന അതിപൂരിതലായനിയിലേക്കു ലേയത്തിന്റെ അത്യല്പമായ ഒരു തരി ഇട്ടുനോക്കുക. ലേയത്തിന്റെ ക്രിസ്റ്റലുകൾ ആ ലായനിയുടെ എല്ലാ ഭാഗത്തുനിന്നും ആവിർഭവിക്കുന്നതു കാണാം.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിപൂരിതലായനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിപൂരിതലായനി&oldid=1960241" എന്ന താളിൽനിന്നു ശേഖരിച്ചത്