അതിക്രമണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏതെങ്കിലും കുറ്റകൃത്യം ചെയ്യുന്നതിനായി ഒരാൾ മറ്റൊരാളുടെ വസ്തുവിൽ പ്രവേശിക്കുന്ന നടപടിക്ക് അതിക്രമണം എന്നു പറയുന്നു. മറ്റൊരാളിന്റെ നേർക്കു നടത്തുന്ന ആക്രമണങ്ങളും നിയമത്താൽ സംരക്ഷിക്കപ്പെടുന്ന അന്യന്റെ താത്പര്യത്തിൻമേലുള്ള കൈയേറ്റവും അതിക്രമണത്തിന്റെ വ്യാപ്തിയിൽപ്പെടുന്നു. മറ്റൊരാളിന്റെ വസ്തുവിൻമേലുള്ള അതിക്രമണം സിവിൽ അവകാശത്തിൻമേലുള്ള കൈകടത്തലും ക്രിമിനിൽ കുറ്റവുമാണ്. അവകാശമില്ലാത്തതും അന്യന്റെ കൈവശത്തിൽ ഉള്ളതുമായ വസ്തുവിൻമേലുള്ള അതിക്രമണത്തെയാണ് ഇത് കുറിക്കുന്നത്. അതിക്രമണം ഉടമസ്ഥാവകാശത്തിൻമേൽ എന്നതിനെക്കാൾ കൈവശാവകാശത്തിൻമേലുള്ള കൈയേറ്റമാണ്. മറ്റൊരാളിന്റെ വസ്തുവിൽ ബലംപ്രയോഗിച്ചോ അല്ലാതെയോ കൈയേറി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ, അഥവാ ഉണ്ടാക്കാതിരിക്കുകയാണെങ്കിൽ തന്നെയും അങ്ങനെ കൈയേറുകയോ ചെയ്യുന്നത് അതിക്രമണമാണ്. ഇത് ഒരാൾ സ്വയം ചെയ്യണമെന്നില്ല. മറ്റൊരാളിന്റെ വസ്തുവിൽ മരം മുറിച്ചിടുക, വെള്ളം കയറ്റുക, വേലക്കാരെക്കൊണ്ട് നാശനഷ്ടങ്ങളുണ്ടാക്കുക മുതലായ പ്രവൃത്തികൾ ആയാലും അതിക്രമണമാണ്. അന്യന്റെ കെട്ടിടത്തിന്റെ മേല്പുരയിൽ കൂടിയോ, തറയുടെ അടിയിൽകൂടിയോ ഉള്ള പ്രവേശനവും അതിക്രമണത്തിന്റെ വ്യാപ്തിയിൽ പെടുന്നു. ഉചിതമായ രീതിയിൽ ഒരു പരിധിവരെയുള്ള വ്യോമസഞ്ചാരം അതിക്രമണമാകുന്നതല്ല. എന്നാൽ പരിധിക്കപ്പുറമുള്ള വ്യോമയാനം അനുവദനീയമല്ല. അന്യവസ്തുവിൽ അനുവാദമില്ലാതെ കരുതിക്കൂട്ടി പ്രവേശിക്കുകയാണെങ്കിലും നിയമപരമായ വിശേഷാധികാരമുണ്ടെങ്കിൽ അത് അതിക്രമണമാകുകയില്ല. കേടുപാടുകൾ തീർക്കുന്നതിന് അധികാരമുള്ളവരോ, അപകടങ്ങൾ ഒഴിവാക്കുന്നതിനു പൌരജനങ്ങളോ ഒരു വീട്ടിൽ പ്രവേശിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും മറ്റുമായി പൊലീസധികാരികൾ പ്രവേശിക്കുന്നതിനും നിയമസംരക്ഷണമുണ്ട്. എന്നാൽ നിയമവിധേയമായി പ്രവേശിക്കുന്ന പൌരനോ, ഉദ്യോഗസ്ഥനോ പ്രവേശനത്തിനുശേഷം കുറ്റകരമായ പ്രവൃത്തി ചെയ്യുന്നപക്ഷം അത് അതിക്രമണമാകുന്നതാണ്.

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യയിൽ, ഒരാൾ മറ്റൊരാളിന്റെ വസ്തുക്കളിൽ നടത്തുന്ന അതിക്രമണം സിവിൽ അവകാശത്തിൻമേലുള്ള ലംഘനവും ക്രിമിനൽ കുറ്റവുമാണ്. ഇന്ത്യൻ ശിക്ഷാ നിയമം 441-ആം വകുപ്പിൽ[1] അതിക്രമണത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത വകുപ്പനുസരിച്ച് ഒരു വ്യക്തിയോ, അയാളുടെ നിർദ്ദേശാനുസരണം മറ്റാളുകളോ അന്യന്റെ വസ്തുവിൽ കുറ്റകൃത്യം ചെയ്യുന്നതിനോ ഒരാളിനെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ വേണ്ടി നിയമരഹിതമായി പ്രവേശിക്കുകയോ അല്ലാത്തപക്ഷം നിയമപരമായി പ്രവേശിച്ചശേഷം മേല്പറഞ്ഞ രീതിയിൽ കുറ്റകരമായ പ്രവൃത്തികൾ ചെയ്യുന്നതിനൊരുമ്പെടുകയോ ചെയ്യുന്നത് അതിക്രമണമായി കണക്കാക്കുന്നതാണ്.

കുറ്റം ചെയ്യുന്നതിനുള്ള ഉദ്ദേശ്യത്തോടല്ലാതെയുള്ള പ്രവേശനം അതിക്രമണമാകുന്നതല്ല. ദുരുദ്ദേശ്യമാണ് ഈ കുറ്റത്തിന്റെ പ്രധാനഘടകം.

ഇവിടെ വസ്തു എന്ന വാക്കുകൊണ്ട് സ്ഥാവരവസ്തു എന്നു മാത്രമല്ല വിവക്ഷ. കടത്തുവള്ളം, കപ്പൽ മുതലായ വാഹനങ്ങളും അതിക്രമണത്തിന് വിധേയമാകുന്നതാണ്. നിയമപരമായി കൈവശമുള്ള വസ്തു അതിക്രമണത്തിനു വിധേയമാകുന്നതുകൊണ്ട് ഉടമസ്ഥന് നഷ്ടമാകുന്നതല്ല. അന്യനെ പുറത്താക്കുന്നതിനർഹതയുള്ള കൈവശത്തെയാണ് കൈവശമെന്നു പറയുന്നത്.

അതിക്രമണത്തെ സിവിലായും ക്രിമിനലായും കാണാവുന്നതാണ്. അതിക്രമണം ക്രിമിനൽ കുറ്റമായിത്തീരുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമം 441 അനുസരിച്ചുള്ള കൃത്യം നടന്നിട്ടുണ്ടോ എന്നു മാത്രമാണ് കോടതി പരിശോധിക്കുന്നത്. കൈവശത്തെ സംബന്ധിച്ചോ, വസ്തുവിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ തീർപ്പു കല്പിക്കുന്നത് ക്രിമിനൽ കോടതിയുടെ അധികാരപരിധിയിൽ പെടുന്നതല്ല. ഉടമസ്ഥാവകാശങ്ങളെയും തർക്കസ്വഭാവങ്ങളോടുകൂടിയ കൈവശങ്ങളെയും കുറിച്ച് തീർപ്പു കല്പിക്കേണ്ടത് സിവിൽ കോടതികളാണ്.

അവലംബം[തിരുത്തുക]

  1. "ഇന്ത്യൻ ശിക്ഷാ നിയമം 441-ആം വകുപ്പ്". Archived from the original on 2011-08-30. Retrieved 2011-05-12.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിക്രമണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിക്രമണം&oldid=3622861" എന്ന താളിൽനിന്ന് ശേഖരിച്ചത്