Jump to content

അണ്ണാമലൈയാർ ക്ഷേത്രം

Coordinates: 12°13′53.76″N 79°4′1.92″E / 12.2316000°N 79.0672000°E / 12.2316000; 79.0672000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അണ്ണാമലൈയാർ ക്ഷേത്രം
അരുൾമിഗു അരുണാചലേശ്വര ക്ഷേത്രം,
തിരുവണ്ണാമലൈ
Set of temple towers with urban centre and hill range in the background
അരുണാചല കുന്നിൽ നിന്നുള്ള
അണ്ണാമലൈയാർ ക്ഷേത്ര ഗോപുരങ്ങളുടെ കാഴ്ച
അണ്ണാമലൈയാർ ക്ഷേത്രം is located in India
അണ്ണാമലൈയാർ ക്ഷേത്രം
തമിഴ്‌നാട്ടിനുള്ളിലെ സ്ഥാനം
അണ്ണാമലൈയാർ ക്ഷേത്രം is located in Tamil Nadu
അണ്ണാമലൈയാർ ക്ഷേത്രം
അണ്ണാമലൈയാർ ക്ഷേത്രം (Tamil Nadu)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംതിരുവണ്ണാമലൈ
നിർദ്ദേശാങ്കം12°13′53.76″N 79°4′1.92″E / 12.2316000°N 79.0672000°E / 12.2316000; 79.0672000
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിഅണ്ണാമലൈർ (ശിവൻ) ഉണ്ണമലൈ അമ്മൻ (അപിട്ടകുച്ചംബാൾ - പാർവതി)
ആഘോഷങ്ങൾകാർത്തിഗൈ ദീപം
ജില്ലതിരുവണ്ണാമലൈ ജില്ല
സംസ്ഥാനംതമിഴ്നാട്
രാജ്യംഇന്ത്യ
വെബ്സൈറ്റ്www.arunachaleswarartemple.tnhrce.in
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംദ്രാവിഡ വാസ്തുവിദ്യ[1]
പൂർത്തിയാക്കിയ വർഷംഒൻപതാം നൂറ്റാണ്ട്

ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്ത് തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് അരുണാചലേശ്വര ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന അണ്ണാമലൈയാർ ക്ഷേത്രം (Annamalaiyar Temple). തമിഴ്നാട് സംസ്ഥാനത്തെ ഏറ്റവും ആദരണീയമായി കരുതപ്പെടുന്ന പ്രദേശങ്ങളിലൊന്നാണിത്. "അപ്രാപ്യമായ മല" എന്നാണ് അണ്ണാമലൈ എന്ന പദത്തിനർത്ഥം. പ്രത്യേകിച്ച് അഗ്നിയുമായി ബന്ധപ്പെട്ട പഞ്ചഭൂത ക്ഷേത്രങ്ങളിലൊന്നാണിത്. ശിവൻ അണ്ണാമലൈയാർ അഥവാ അരുണാചലേശ്വർ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഇവിടത്തെ പ്രതിഷ്ഠ അഗ്നി ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. പാർവതിയെ ഇവിടെ ഉണ്ണാമലൈ അമ്മൻ എന്നു വിശേഷിപ്പിക്കുന്നു.[2][3] ഏഴാം നൂറ്റാണ്ടിൽ തമിഴ് ശൈവർ കൊത്തുപണികൾ ചെയ്തെടുത്തതാണ് ഇവിടുത്തെ പ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ് കവികളായ നായന്മാർ എഴുതിയ തേവാരം എന്ന കവിതയിലെ സ്തുതിക്കപ്പെട്ട സ്ഥലങ്ങളിൽ പ്രതിപാദിക്കപ്പെടുന്ന 276[4] ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശൈവ സന്യാസിയായ കവി മാണിക്കവാചകർ തന്റെ തിരുവമ്മാനൈ എന്ന കൃതി ചിട്ടപ്പെടുത്തിയതും ഇവിടെ വച്ചായിരുന്നു.

ഏകദേശം 10 ഹെക്ടർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രസമുച്ചയം ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്.[5] ക്ഷേത്രത്തിൽ പ്രവേശിക്കാാൻ ഗോപുരങ്ങൾ എന്നറിയപ്പെടുന്ന പ്രവേശനദ്വാരത്തോടുകൂടിയ നാല് നിർമ്മിതികൾ ഉള്ളവയിൽ 11 അടി വീതിയും 66 മീറ്റർ ഉയരവുമുള്ള ഏറ്റവും ഉയരമേറിയ കിഴക്കൻ ഗോപുരം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിനുള്ളിലായി നിരവധി ഉപക്ഷേത്രങ്ങളും കാണപ്പെടുന്നു. അണ്ണാമലൈയ്യരും ഉണ്ണാമലൈ അമ്മനുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. ക്ഷേത്രസമുച്ചയത്തിൽ നിരവധി മണ്ഡപങ്ങളും കാണപ്പെടുന്നു. വിജയനഗര സമ്രാജ്യ കാലഘട്ടത്തിൽ പണികഴിപ്പിക്കപ്പെട്ട ആയിരത്തോളം തൂണുകളുള്ള മണ്ഡപമാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയമായത്. വർഷത്തിലൊരിക്കൽ വിവിധ ദിവസങ്ങളിലായി ഇവിടെ നടക്കുന്ന ഉത്സവത്തിൽ പ്രഭാതത്തിൽ 5:30 മുതൽ രാത്രി 10 മണി വരെയുള്ള സമയങ്ങളിൽ ആറ് മണിക്കൂർവരെ ദൈർഘ്യമുള്ള ആചാരങ്ങൾ നടന്നുവരുന്നു. നവംബറിനും ഡിസംബറിനും ഇടയിൽ വരുന്ന പൂർണ്ണിമ ദിവസം കാർത്തിക ദീപം ഇവിടെ ഉത്സവമായി ആചരിക്കുന്നു. ഇത് വലിയ ഒരു ദീപമായി കുന്നിൽമുകളിൽ വെളിച്ചം പരത്തുന്നു.[6] ഈ കാഴ്ചയ്ക്ക് ഏകദേശം മൂന്നു ദശലക്ഷത്തോളം തീർഥാടകർ സാക്ഷ്യം വഹിക്കാറുണ്ട്. ഓരോ പൂർണ്ണചന്ദ്രനു ശേഷമുള്ള ദിവസവും ഗിരിവലം എന്നറിയപ്പെടുന്ന ഒരു ആരാധനയിൽ ഓരോ വർഷവും ഒരു ദശലക്ഷത്തോളം തീർത്ഥാടകരാണ് പങ്കെടുക്കുന്നത്.[7] 9-ാം നൂറ്റാണ്ടിൽ ചോള സാമ്രാജ്യത്തിന്റെ പ്രാഭവ കാലത്ത് നിർമ്മിക്കപ്പെട്ട ഇവിടുത്തെ കൊത്തുപണികൾ പിൽക്കാലത്ത് വിജയനഗര രാജാക്കന്മാർ (1336-1485 CE), സാലുവ രാജവംശം, തുളുവ രാജവംശം (1491-1570) എന്നിവരാണ് പൂർത്തിയാക്കിയത്. തമിഴ്നാട്ടിലെ ഹിന്ദു റിലീജിയൻ ആന്റ് ചാരിറ്റബിൾ എൻഡോവ്മെൻറ് ഡിപ്പാർട്ട്മെന്റ് ആണ് ഈ ക്ഷേത്രത്തിന്റെ പരിപാലനം നിർവ്വഹിക്കുന്നത്.

ഐതിഹ്യം

[തിരുത്തുക]
അണ്ണാമലൈ ക്ഷേത്രഗോപുരങ്ങൾ alt=see caption

ഹിന്ദു ഐതിഹ്യങ്ങളൊന്നിൽ, ഭഗവാൻ ശിവന്റെ പത്നി പാർവ്വതി ഒരിക്കൽ തമാശയ്ക്കായി കൈലാസപർവ്വതത്തിലെ പൂന്തോട്ടത്തിലുള്ള ഒരു പുഷ്പം കൊണ്ട് ഭർത്താവിന്റെ കണ്ണുകൾ പൊത്തി. തുടർന്ന് ലോകം മുഴുവൻ വർഷങ്ങളോളം ഇരുട്ടിലായി. ദേവന്മാരെ സംബന്ധിച്ചിടത്തോളം ഒരു നിമിഷം മാത്രമേ ഇരുട്ട് അനുഭവപ്പെടുകയുള്ളൂ. എന്നാൽ പ്രപഞ്ചത്തിൽ നിന്ന് വെളിച്ചം മുഴുവൻ മാറുകയും ഭൂമി വർഷങ്ങളായി ഇരുട്ടിൽ മുങ്ങിപ്പോകുകയും ചെയ്തു. ഭൂമിയിലുള്ള ശിവഭക്തന്മാർ ബുദ്ധിമുട്ടിയപ്പോൾ പാർവ്വതിക്ക് താൻ ചെയ്ത പ്രവൃത്തിയിൽ പശ്ചാത്താപം തോന്നി. അവർ ശിവനെത്തന്നെ തപസ്സ് ചെയ്തു അഭയം പ്രാപിച്ചു. [8] തുടർന്ന് അണ്ണാമലൈ കുന്നുകളുടെ മുകളിൽ പരമേശ്വരനായ ശിവൻ ഒരു അഗ്നിഗോളമായി പ്രത്യക്ഷപ്പെടുകയും ഭൂമിയിൽ ഇരുട്ടുമാറി വെളിച്ചം ലഭിക്കുകയും ചെയ്തു.[9] പിന്നീട് അർദ്ധനാരീശ്വര ദേവനായ ശിവൻ അർദ്ധനാരീശ്വരരൂപത്തിൽ പാർവ്വതിദേവിയിൽ ലയിച്ചു.[10] അരുണഗിരി അഥവാ ചുവന്ന പർവ്വതം എന്നറിയപ്പെടുന്ന അണ്ണാമലൈ ഈ ക്ഷേത്രത്തിനു പുറകിലാണ് സ്ഥിതിചെയ്യുന്നത്. ശിവലിംഗത്തിന്റെ പ്രതീകമായാണ് അണ്ണാമലൈ കുന്നുകൾ കണക്കാക്കപ്പെടുന്നത്[11].

ഒരിക്കൽ വിഷ്ണുവും ബ്രഹ്മാവും തങ്ങളിൽ ആർക്കാണ് മേൽക്കോയ്മ എന്നറിയുവാനായി മത്സരിച്ചപ്പോൾ ശിവൻ അഗ്നിരൂപത്തിൽ പ്രത്യക്ഷപ്പെട്ട് തന്റെ ഉത്പത്തി എവിടെയെന്ന് കണ്ടുപിടിക്കാൻ അവരെ വെല്ലുവിളീച്ചു എന്ന മറ്റൊരു ഐതിഹ്യംപറയുന്നു. [12][13] അഗ്നിമലയിലെ ശിവലിംഗത്തിന്റെ അടിസ്ഥാനം ഏതിന്മേൽ ആണ് ഉറപ്പിച്ചിരിക്കുന്നതെന്ന് അറിയാനായി ബ്രഹ്മാവ് ഒരു അരയന്നമായി ആകാശത്തേക്കു പറന്നു. വിഷ്ണുരൂപമായ വരാഹം ഭൂമിയ്ക്കടിയിലേയ്ക്കുപോകുകയും ചെയ്തു. ഈ സംഭവത്തെ ലിംഗോത്ഭവ സങ്കല്പം എന്നു വിളിക്കുന്നു. മിക്ക ശിവക്ഷേത്രങ്ങളുടെയും പടിഞ്ഞാറേ ഭിത്തിയിലെ പവിത്രമായസ്ഥലത്ത് ലിംഗോത്ഭവ സങ്കല്പം പ്രതിഷ്ഠിക്കപ്പെടുന്നു. ബ്രഹ്മാവിനോ വിഷ്ണുവിനോ ശിവലിംഗത്തിന്റെ സ്രോതസ്സ് കണ്ടെത്താനായില്ല. വിഷ്ണു തന്റെ തോൽവി സമ്മതിച്ചപ്പോൾ ബ്രഹ്മാവ് ആകാശത്തിന്റെ അത്യുന്നതങ്ങളിൽ ആ സ്ഥാനം കണ്ടെത്തിയെന്ന് നുണ പറഞ്ഞു. ഇതിനുള്ള ശിക്ഷയായി ഭൂമിയിൽ ആരാലും ആരാധിക്കപ്പെടാതെ പോകട്ടെയെന്നുള്ള ശിവന്റെ ശാപവും ബ്രഹ്മദേവന് ലഭിക്കുകയുണ്ടായി.[14]

ചരിത്രം

[തിരുത്തുക]

ക്രിസ്തുവർഷം ഒൻപതാം നൂറ്റാണ്ടോടു കൂടി ആ കാലഘട്ടത്തിലെ ഭരണകർത്താക്കളായിരുന്ന ചോളരാജാക്കന്മാർ നടത്തിയ നിർമ്മിതികളിലെ ഒരു ശിലാലിഖിതത്തിൽനിന്ന് ഇവിടത്തെ കൊത്തുപണികളെയും ഗോപുരങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട്. [15][16] ഒൻപതാം നൂറ്റാണ്ടിനുമുമ്പ് കാഞ്ചീപുരം ഭരിച്ചിരുന്ന പല്ലവ രാജാക്കന്മാരുടെ കീഴിലായിരുന്നു തിരുവണ്ണാമലയെന്നാണ് കുറേ ലിഖിതങ്ങൾ സൂചിപ്പിക്കുന്നു. [17] ഏഴാം നൂറ്റാണ്ടിലെ നായനാർ സന്യാസിമാരായിരുന്ന സംബന്ധർ, അപ്പർ എന്നിവർ തങ്ങളുടെ കാവ്യ രചനകളായിരുന്ന തേവാരം കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അപ്പർ, സംബന്ധർ എന്നിവർ അണ്ണാമലയ്യയെ ക്ഷേത്രത്തിൽ ആരാധിച്ചിരുന്നതായി പെരിയപുരാണത്തിന്റെ രചയിതാവായ സെക്കിഴാർ എഴുതിയിട്ടുണ്ട്.[18] ക്രി.വ. 850 മുതൽ ക്രി.വ. 1280 വരെ നാലുനൂറ്റാണ്ടുകളിൽ ഈ പ്രദേശം ഭരിച്ചിരുന്ന ചോള രാജാക്കന്മാർ ക്ഷേത്രരക്ഷാധികാരികളായി നിലകൊണ്ടു. രാജവംശത്തിന്റെ വിവിധ വിജയങ്ങളുടെ സ്മരണയ്ക്കായി ക്ഷേത്രത്തിന് ഭൂമി, ആട്, പശു, എണ്ണ എന്നിങ്ങനെ വിവിധ ദാനങ്ങൾ നൽകിയിരുന്നതായി ചോളന്മാരുടെ ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.[19] വിജയനഗരസാമ്രാജ്യത്തിലെ സംഗമ വംശകാലത്തെ 48 ലിഖിതങ്ങളും, സലുവാ വംശകാലത്തെ രണ്ട് ലിഖിതങ്ങളും, തുളുവാ വംശകാലത്തെ 55 ലിഖിതങ്ങളും (1491-1570 CE )ആ ഭരണാധികാരികൾ വിജയനഗര സാമ്രാജ്യത്തിനുവേണ്ടി ക്ഷേത്രത്തിന് ഉപഹാരങ്ങൾ നൽകിയിരുന്നുവെന്ന് സൂചിപ്പിക്കുന്നു.[20] ഏറ്റവും ശക്തനായ വിജയനഗരരാജാവായ കൃഷ്ണദേവരായരുടെ (1509-1529 CE) ഭരണകാലത്തെ ലിഖിതങ്ങൾ ക്ഷേത്രരക്ഷാകർതൃത്വത്തെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുന്നു.[21] ലഭ്യമായ വിജയനഗര ലിഖിതങ്ങളിൽ ഭൂരിഭാഗവും തമിഴ് ഭാഷയിൽ ആണെങ്കിലും ചിലത് കന്നഡ, സംസ്കൃത ഭാഷകളിലും കാണാം.[22] ഭരണപരമായ കാര്യങ്ങൾക്കും പ്രാദേശികവിഷയങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന വിജയനഗര രാജാക്കന്മാരിൽ നിന്നുള്ള ഇവിടത്തെ ക്ഷേത്രലിഖിതങ്ങൾ തിരുപ്പതി പോലുള്ള മറ്റ് ക്ഷേത്രങ്ങളിലെ ഇതേ ഭരണാധികാരികളുടെ ലിഖിതങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ദാനങ്ങളുമായി ബന്ധപ്പെട്ട ലിഖിതങ്ങളിൽ ഭൂരിഭാഗവും ഭൂമി, ചരക്കുകൾ, ധനം, പശുക്കൾ, വിളക്കുകൾ തെളിക്കുന്നതിനുള്ള എണ്ണ എന്നിവയുടെ ദാനത്തെക്കുറിച്ചാണ് പറയുന്നത്.[23] വിജയനഗര സാമ്രാജ്യകാലത്ത് തീർത്ഥാടനകേന്ദ്രങ്ങളെയും സൈനികപാതകളെയും ബന്ധിപ്പിച്ചിരുന്ന തന്ത്രപ്രധാനമായ ഒരു പാതയുടെ വക്കിലായിരുന്നു തിരുവണ്ണാമല പട്ടണം സ്ഥിതിചെയ്തിരുന്നത്.[24] നായക്കന്മാർ ഭരിച്ച നഗരമായ മധുരയ്ക്ക് സമാനമായി ക്ഷേത്രത്തിന് ചുറ്റും ഒരു നഗരം വികസിച്ചുകൊണ്ടിരുന്നതിനാൽ, ഈ പ്രദേശത്തെ ഒരു നഗര കേന്ദ്രമായി കാണിക്കുന്ന പ്രാചീനലിഖിതങ്ങളും ഇവിടെ കാണാം. [24][25]

Gateway tower with multiple storeys
'രാജഗോപുരം' - കിഴക്കേ കവാടം, ഇവിടത്തെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരം, സമീപത്ത് ക്ഷേത്രക്കുളവും കാണാം

എ.ഡി പതിനേഴാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം ഉൾപ്പെടെയുള്ള തിരുവണ്ണാമലൈ പട്ടണം കർണാടിക് നവാബിന്റെ ആധിപത്യത്തിൻ കീഴിലായിരുന്നു. 1753 ന് ശേഷം മുഗൾ സാമ്രാജ്യത്തിന്റെ പതനത്തോടെ ആശയക്കുഴപ്പമുണ്ടാകുകയും അരാജകത്വം നടമാടുകയും ചെയ്തുതോടെ നവാബിന് പട്ടണത്തിന്റെ നിയന്ത്രണംതന്നെ നഷ്ടപ്പെടുന്നതിനിടയായി.[26] പിന്നീട് ഹിന്ദു-മുസ്ലിം മേൽനോട്ടങ്ങളുടെ ഒരു കാലഘട്ടവും ഉണ്ടായിരുന്നു. മുരാരുരായ, കൃഷ്ണ റായ, മ്രിത്തിസ് അലി, ബുർഖത് ഉല്ലാഖാൻ എന്നിവരുടെ പിൻഗാമികൾ തുടർച്ചയായി ക്ഷേത്രത്തെ ഉപരോധിച്ചിരുന്നു. യൂറോപ്യന്മാരുടെ കടന്നുകയറ്റം പുരോഗമിക്കുമ്പോൾ, ഫ്രഞ്ച് സൂപ്രീസ്, സാമ്പ്രിനേറ്റ്, ഇംഗ്ലീഷ് ക്യാപ്റ്റൻ സ്റ്റീഫൻ സ്മിത്ത് എന്നിവർ തിരുവണ്ണാമലയെ ആക്രമിച്ചു. ചിലർ ആക്രമണത്തിൽനിന്ന് പിന്മാറിയിരുന്നെങ്കിലും മറ്റുള്ളവർ വിജയികളായി. 1757-ൽ ഫ്രഞ്ചുകാർ ഈ പട്ടണം കൈവശപ്പെടുത്തുകയും പിന്നീട് 1760-ൽ ക്ഷേത്രവും പട്ടണവും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിത്തീരുകയും ചെയ്തു.[27] എ.ഡി. 1750-99 കാലഘട്ടത്തിൽ മൈസൂർ ഭരിച്ചിരുന്ന ടിപ്പു സുൽത്താൻ 1790-ൽ തിരുവണ്ണാമലൈ നഗരം പിടിച്ചെടുത്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഈ പട്ടണവും ക്ഷേത്രവും ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു. 1951 മുതൽ, ഹിന്ദു മത-ചാരിറ്റബിൾ എൻ‌ഡോവ്‌മെൻറ് നിയമപ്രകാരം, ക്ഷേത്രപരിപാലനം തമിഴ്‌നാട് സർക്കാരിന്റെ ഹിന്ദു മത-എൻ‌ഡോവ്‌മെൻറ് ബോർഡിൽ (എച്ച്ആർ & സിഇ) നിക്ഷിപ്തമായിരിക്കുന്നു. 2002-ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഈ ക്ഷേത്രത്തെ ഒരു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുകയും അതിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കുകയും ചെയ്തു. എന്നിരുന്നാലും, വ്യാപകമായ പ്രതിഷേധവും സുപ്രീംകോടതിയിൽ നടന്ന വ്യവഹാരവും ഏ എസ് ഐ യിൽനിന്ന് ക്ഷേത്രത്തെ ഹിന്ദു മത-എൻ‌ഡോവ്‌മെൻറ് ബോർഡിലേക്ക് തിരികെ എത്തിക്കുന്നന്നതിലേയ്ക്ക് നയിച്ചു.[28][29]

വാസ്തുവിദ്യ

[തിരുത്തുക]
Temple tower with people passing through.
ക്ഷേത്ര സമുച്ചയത്തിന്റെ ഒരു വീക്ഷണം.

ഗോപുരസമുച്ചയങ്ങൾ

[തിരുത്തുക]

അരുണാചല മലയുടെ അടിവാരത്തിൽ 25 ഏക്കർ പ്രദേശത്തായി കിഴക്കോട്ട് ദർശനമായാണ് ഈ ക്ഷേത്രം നിൽക്കുന്നത്. കിഴക്കും പടിഞ്ഞാറുമുള്ള ക്ഷേത്രമതിലുകൾ 700 അടി (210 മീറ്റർ), തെക്ക് 1,479 അടി (451 മീ), വടക്ക് 1,590 അടി (480 മീറ്റർ) എന്നിങ്ങനെ വിവിധ അളവുകളിലാണ് കാണപ്പെടുന്നത്. കൊത്തുപണികളും ക്ഷേത്രത്തിലെ ചില നിർമ്മിതികളും എ.ഡി. ഒൻപതാം നൂറ്റാണ്ടിലേതാണെന്ന് അക്കാലത്ത് ഭരിച്ചിരുന്ന ചോള സാമ്രാജ്യത്തിലെ രാജാക്കന്മാർ രേഖപ്പെടുത്തിയ ഒരു ലിഖിതത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.[30][31] ഒൻപതാം നൂറ്റാണ്ടിനുമുമ്പ് കാഞ്ചീപുരത്ത് നിന്ന് ഭരിച്ചിരുന്ന പല്ലവ രാജാക്കന്മാരുടെ കീഴിലായിരുന്നു തിരുവണ്ണാമലയെന്ന് കൂടുതൽ ലിഖിതങ്ങൾ സൂചിപ്പിക്കുന്നു.[23] ഇതിന്റെ നാല് വശങ്ങളിലായി പ്രവേശനകവാടങ്ങളോടുകൂടിയ നാലു ഗോപുരങ്ങൾ കാണപ്പെടുന്നു. കിഴക്കേ ഗോപുരമായ രാജഗോപുരമാണ് ഇവയിൽ ഏറ്റവും ഉയരം കൂടിയ ഗോപുരം. രാജഗോപുരത്തിന്റെ അടിത്തറ ഏകദേശം 135 അടി (41 മീറ്റർ), 98 അടി (30 മീറ്റർ) അളവുകളിൽ കരിങ്കല്ല് കൊണ്ട് നിർമ്മിക്കപ്പെട്ടതാണ്.[32] വിജയനഗര സാമ്രാജ്യത്തിലെ രാജാവായ കൃഷ്ണദേവരായർ (ക്രി.വ. 1509-29) തുടക്കം കുറിച്ച ഇത് പൂർത്തിയാക്കിയത് സേവപ്പ നായക (1532-80 CE) ആയിരുന്നു.[33][34][30] എ.ഡി 1572-ൽ ശിവനേശൻ അദ്ദേഹത്തിൻറെ സഹോദരൻ ലോകനാഥ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ഈ ഗോപുരം നിർമ്മിക്കപ്പെട്ടതെന്ന് ലിഖിതങ്ങൾ സൂചിപ്പിക്കുന്നു.[35] തെക്കേഗോപുരം തിരുമംജൻ ഗോപുരമെന്നും പടിഞ്ഞാറൂള്ളത് പൈ ഗോപുരമെന്നും വടക്കേ ഗോപുരം അമ്മണി അമ്മൻ ഗൌരമി ഗോപുരം എന്നുമാണ് അറിയപ്പെടുന്നത്. നായക് തിരുവെഴുത്തുകളായ രഘുനാഥാഭ്യൂദയവും സംഗീതസുധയും ഈ ഗോപുരങ്ങളെക്കുറിച്ചു വിവരിക്കുന്നു.[35] കൃഷ്ണദേവരായർക്ഷേത്രത്തിന്റെ ഗോപുരവും പുറം അതിരുകളും നിർമ്മിച്ചതായി തഞ്ചാവൂരി ആന്ധ്രരാജചരിതമുവിൽ പരാമർശിക്കുന്നു.[35] ഈ ക്ഷേത്രത്തിൽ ആകെ ചുറ്റുമതിലുള്ള അഞ്ച് പ്രദക്ഷിണവഴികൾ കാണപ്പെടുന്നു. ഇവയിൽ ഓരോന്നിലും ശിവവാഹനമായ കാളരൂപത്തിലുള്ള നന്ദിയുടെ ബൃഹത് രൂപങ്ങളും കാണാം. വള്ളാള മഹാരാജഗോപുരം, കിളിഗോപുരം, അല്ലെങ്കിൽ തത്തഗോപുരം എന്നിവയും ഇവിടെയുള്ള ഗോപുരങ്ങളിൽ ഉൾപ്പെടുന്നു.[36]

ക്ഷേത്രത്തിലെ ഏറ്റവും പഴക്കമുള്ള കെട്ടിടമായ പ്രധാന കോവിലിലെ അരുണാചലേശ്വരയുടെ മുഖം കിഴക്കോട്ട് ദർശനമായാണ് കാണപ്പെടുന്നത്. നന്ദി, സൂര്യൻ എന്നീ ദേവന്മാരുടെ കോവിലുകളും ഇവിടെ കാണപ്പെടുന്നു.[36] ക്ഷേത്രത്തിന്റെ മതിലുകൾക്ക് പിന്നിൽ വിഷ്ണുവിന്റെ അവതാരമായ വേണുഗോപാലസ്വാമിക്ക് ഒരു പ്രതിഷ്ഠയുണ്ട്. ശ്രീകോവിലിനുള്ളിൽ സോമസ്കന്ദർ, ദുർഗ്ഗ, ചണ്ഡികേശ്വരൻ, ഗജലക്ഷ്മി, അറുമുഖസ്വാമി, ദക്ഷിണാമൂർത്തി, സ്വർണ്ണഭൈരവർ, നടരാജൻ, ലിംഗോത്ഭവർ തുടങ്ങിയ പ്രതിഷ്ഠകൾ കൂടാതെ ശിവലിംഗവും കാണപ്പെടുന്നു. പ്രതിഷ്ഠകൾ വിശ്രമിക്കുന്ന പവിത്ര അറയായ പള്ളിയറയും കാണപ്പെടുന്നു. ശ്രീകോവിലിനു ചുറ്റുമുള്ള ആദ്യ പ്രദക്ഷിണവഴിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. രണ്ടാമത്തെ പ്രദക്ഷിണവഴിയിൽ ഉണ്ണാമലൈ അമ്മന്റെ മന്ദിരവും സ്ഥിതി ചെയ്യുന്നു. അമ്മനെ നില്ക്കുന്ന നിലയിൽ ചിത്രീകരിച്ചിരിക്കുന്നു. സംബന്ധവിനായകർ ബലിപീഠത്തിൻറെയും കൊടിമരത്തിൻറെയും വടക്ക്ഭാഗത്ത് സ്ഥിതിചെയ്യുന്നു.[37] ആയിരംകാൽ മണ്ഡപത്തിന്റെ തെക്കുഭാഗത്തായി സുബ്രഹ്മണ്യനുവേണ്ടിയുള്ള ഒരു ചെറിയ കോവിലും ഒരു വലിയ കുളവും കാണപ്പെടുന്നു. [38] ഭൂഗർഭശിവലിംഗം ആയ പാതാളലിംഗം ഇരിക്കുന്നസ്ഥലം രമണ മഹർഷി (1879 – 1950 CE) പ്രായശ്ചിത്തം അനുഷ്‌ഠിച്ച സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു.[39][40] ശിവഗംഗ എന്നറിയപ്പെടുന്ന കുളത്തിൻറെ വടക്കൻ തീരത്ത് ശിവഗംഗ വിനായകക്ഷേത്രം സ്ഥിതിചെയ്യുന്നു.[37]

മണ്ഡപങ്ങൾ

[തിരുത്തുക]
ക്ഷേത്രപരിസരത്തെ ആയിരംകാൽ മണ്ഡപം
തിരുവണ്ണാമലൈ.

മൂന്നാമത്തെ ചുറ്റും മതിലിനരികിൽ പതിനാറ് തൂണുകളുള്ള ഒരു ദീപ ദർശന മണ്ഡപം ഉണ്ട്. പവിത്രവും ഔഷധഗുണമുള്ളതുമായി കണക്കാക്കുന്ന ഇവിടത്തെ ക്ഷേത്രവൃക്ഷം ആയ ഒരു ഇലഞ്ഞിമരത്തിന്റെ ശാഖകളിൽ കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ ചെറുതൊട്ടിലുകൾ ഭക്തിപൂർവ്വം കെട്ടിത്തൂക്കി പ്രാർഥിക്കാറുണ്ട്. പ്രപഞ്ചസൃഷ്ടിക്ക് ശേഷം ഭൂമിയും ആകാശവും വേർപിരിഞ്ഞ സമയത്ത് ഈ മരം ക്ഷേത്രത്തിലെത്തിയതാകാമെന്ന് പുരാണങ്ങളിൽ എഴുതിയിരിക്കുന്നു.[41] കല്യാണമണ്ഡപം, വിവാഹഹാൾ, എന്നിവ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. വിജയനഗരശൈലിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പുറമെയുള്ള തുറന്ന ആരാധനാലയത്തിൽ കല്ല് കൊണ്ടുള്ള ഒരു ത്രിശൂലം കാണപ്പെടുന്നു, ക്ഷേത്രവൃക്ഷത്തിന്ന് ചുറ്റും കാണപ്പെടുന്നതുപോലെ ഇരുമ്പുകമ്പികൊണ്ടുള്ള സംരക്ഷണവലയം ഇവിടെ നിർമ്മിച്ചിരിക്കുന്നു[42]. മൂന്നാമത്തെ ചുറ്റുമതിലിനരികിലുള്ള വസന്തകാലമണ്ഡപം എന്നറിയപ്പെടുന്ന വസന്തമണ്ഡപത്തിൽ കാളസ്തേശ്വര ക്ഷേത്രവും ക്ഷേത്ര ഓഫീസും കാണപ്പെടുന്നു.[43]നാലാമത്തെ മതിലിനരികിൽ നന്ദി, ബ്രഹ്മ തീർത്ഥം എന്നിവ കാണപ്പെടുന്നു. ക്ഷേത്രക്കുളം, യാനൈ തിരൈ കൊണ്ട വിനായക ക്ഷേത്രം, ആറ് അടി ഉയരമുള്ള നന്ദിയുടെ ഒരു മണ്ഡപം എന്നിവ വല്ലാല മഹാരാജാവ് സ്ഥാപിച്ചതാണ്.[37]

ആരാധനയും ഉത്സവങ്ങളും

[തിരുത്തുക]
Temple towers ornamented with lights
കാർത്തിഗൈ ദീപം ഉത്സവ വേളയിൽ ക്ഷേത്രം
Decorated sooden car of a temple drawn by devotees
ഒരു ഉത്സവ വേളയിൽ ക്ഷേത്ര കാർ ഘോഷയാത്ര

ക്ഷേത്രപൂജകൾ ക്ഷേത്രത്തിലെ പൂജാരികൾ (അനുഷ്ഠാനങ്ങൾ) ഉത്സവ ആഘോഷങ്ങളുടെ ഭാഗമായും അല്ലാതെയും ദിവസേന നടത്തുന്നു. തമിഴ് നാട്ടിലെ മറ്റു ശിവക്ഷേത്രങ്ങളെപ്പോലെ തന്നെ, പൂജാരികൾ ബ്രാഹ്മണ ഉപജാതിക്കാരായ ശൈവസമുദായത്തിൽ നിന്നുള്ളവരാണ്. രാവിലെ 5:30 ന് ഉഷഃകാലം, 8 മണിക്ക് കാലശാന്തി, രാവിലെ 10 മണിക്ക് ഉച്ചികാലം, വൈകിട്ട് 6:00 ന് സായരക്ഷയ്, വൈകിട്ട് 8 മണിക്ക് രണ്ടാംകാലം, രാത്രി 10:00 മണിക്ക് അർദ്ധജാമം എന്നിങ്ങനെ ക്ഷേത്രാചാരപ്രകാരമുള്ള പൂജാവിധികളും ആചാരങ്ങളും ദിവസത്തിൽ ആറു തവണ നടത്താറുണ്ട്. [44] ഓരോ ആചാരാനുഷ്ഠാനത്തിൻറെയും ഭാഗമായി അരുണാചലേശ്വര, ഉണ്ണാമലൈ അമ്മൻ എന്നിവർക്കായി അഭിഷേകം (പുണ്യസ്നാനം), അലങ്കാരം (അലങ്കാരത്തിന്), നെവേദ്യം (ഭക്ഷണ വഴിപാട്), ദീപാരാധനയ്ക്കായി വിളക്കുകൾ തെളിയ്ക്കുക തുടങ്ങിയ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു: നാഗസ്വര സംഗീതത്തിന് ചുറ്റുമായി പുരോഹിതന്മാർ വേദമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ആരാധിക്കുന്നു. ആഴ്ചതോറുമുള്ള ആചാരങ്ങളായ സോമവാരം, ശുക്രാവാരം, രണ്ടാഴ്ചയിലൊരിക്കൽ പ്രദോഷം പോലുള്ള ആഘോഷങ്ങൾ, അമാവാസി പോലുള്ള പ്രതിമാസ ഉത്സവങ്ങൾ, പൂർണ്ണിമ, ചതുർത്ഥി എന്നിവയും ഇവിടെ നടത്തുന്നുണ്ട്.[44]

വർഷം മുഴുവൻ ഇവിടെ നിരവധി ഉത്സവങ്ങൾ നടക്കാറുണ്ട്. ബ്രഹ്മോത്സവം നാലു പ്രധാന ഉത്സവങ്ങളായാണ് പ്രതിവർഷം ആഘോഷിക്കുന്നത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് നവംബർ മാസത്തിലും ഡിസംബർ മാസങ്ങളിലുമായി കാർത്തികൈ മാസത്തിൽ കാർത്തിക ദീപത്തിന്റെ ആഘോഷത്തോടനുബന്ധമായി നടക്കുന്ന ഉത്സവമാണ്. അരുണാചല കുന്നിൻറെ മുകളിലായി മൂന്ന് ടൺ നെയ്യ് ഉപയോഗിച്ച് അണ്ടാവ് പോലുള്ള വലിയൊരു പാത്രത്തിൽ കാർത്തികദീപം തെളിയിക്കുന്നു.[38][45] ഉത്സവ ചടങ്ങുകളുടെ ഭാഗമായി അലംകൃതമായ ഒരു ദാരുരഥത്തിൽ അരുണാചലേശ്വരയുടെ ബിംബവും വഹിച്ചുകൊണ്ട് മലക്ക് ചുറ്റും പ്രദക്ഷിണവും വക്കുന്നു.[46] ചോള കാലഘട്ടത്തിനു (850 മുതൽ എ.ഡി. 1280 വരെ) മുമ്പുതന്നെ ആഘോഷം ആരംഭിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോൾ ഇത് പത്തു ദിവസം വരെ നീണ്ടു.[36]

എല്ലാ പൗർണ്ണമിയിലും, പതിനായിരക്കണക്കിന് തീർത്ഥാടകർ അരുണാചലമല ചുറ്റി നഗ്നപാദരായി അരുണാചലേശ്വരനെ ആരാധിക്കാനെത്തുന്നുണ്ട്[38] ഈ പ്രദക്ഷിണം ഏകദേശം 14 കിലോമീറ്ററോളം (8.7 മൈൽ)ദൈർഘ്യമുള്ളതാണ്. ഗിരിവലം എന്നാണ് ഇത് അറിയപ്പെടുന്നത്.[47][48] ഹിന്ദു ഐതിഹ്യമനുസരിച്ച്, ഈ നടത്തം പാപങ്ങളെ നീക്കുകയും, ആഗ്രഹങ്ങൾ പൂർത്തീകരിക്കുകയും, [പുനർജന്മം|പുനർജന്മത്തിൽ]] നിന്നും മോക്ഷം നേടാൻ സഹായിക്കുകയും ചെയ്യുന്നു.[32] മലമുകളിലുള്ള കുന്ന് കുളങ്ങൾ, കോവിലുകൾ, ധ്യാനമണ്ഡപങ്ങൾ, ഉറവകൾ, ഗുഹകൾ എന്നിവയിലെല്ലാം നേർച്ചകൾ അർപ്പിച്ചുകൊണ്ടാണ് പ്രദക്ഷിണം നടത്തുന്നത്. ഒരു മാസത്തോളം ഇതു തുടരുന്നു. തമിഴ് കലണ്ടറിലെ പൗർണ്ണമി ദിനത്തിൽ നൂറുകണക്കിന് തീർത്ഥാടകർ ലോകമെമ്പാടും നിന്ന് അരുണചേലേശ്വരനെ കാണാൻ എത്തുന്നുണ്ട്. തടിയിൽ കൊത്തുപണിചെയ്ത അഞ്ച് തേരുകൾ പ്രദക്ഷിണത്തിനായുപയോഗിക്കുന്നു.[32]

എല്ലാ വർഷവും ജനുവരിമാസം പകുതിയോടെ തമിഴ്മാസം തായ് വരുമ്പോൾ ആദ്യ ആഴ്ചയിൽ മറ്റൊരു ആഘോഷം തിരൂഡൽ ആഘോഷിക്കുന്നു. ജനുവരി 15 നും 16 നും ഇടയിലുള്ള മാട്ടുപ്പൊങ്കലിൽ, രാവിലെ പഴങ്ങൾ, പൂമാലകൾ, മധുരപലഹാരങ്ങൾ എന്നിവ കൊണ്ട് നന്ദിയെ അലങ്കരിക്കുന്നു.[49][32]

മതപരമായ പ്രാധാന്യം

[തിരുത്തുക]

ഭൂമി, ജലം, വായു, ആകാശം, തീ എന്നിങ്ങനെ പ്രകൃതിയുടെ മൂലഘടകങ്ങളിൽ ഓരോന്നിന്റെ സാക്ഷാൽക്കാരമെന്ന് കരുതപ്പെടുന്ന പഞ്ചഭൂതസ്ഥലങ്ങൾ എന്നറിയപ്പെടുന്ന അഞ്ച് ശിവക്ഷേത്രങ്ങളിൽ ഒന്നായി അരുണാചലേശ്വരക്ഷേത്രം കണക്കാക്കപ്പെടുന്നു. ബൃഹത്തായ ഒരു അഗ്നിസ്തംഭമായി ഇവിടെ പ്രത്യക്ഷനായ ശിവൻറെ തലയും കാല്പാദവും ബ്രഹ്മാവിനും, വിഷ്ണുവിനും കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നു പറയപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന ശിവലിംഗമായ അഗ്നിലിംഗം കർമ്മം, നന്മ, ആത്മത്യാഗമനോഭാവം എന്നിവയെയും അഗ്നികല്പത്തിൻറെ അവസാനം സന്യാസജീവിതത്തിൽനിന്നുള്ള മുക്തിയെയും പരാമർശിക്കുന്നു.[50]

മനുഷ്യ ശരീരഘടനയുടെ താന്ത്രികചക്രങ്ങളെ പ്രതിധാനം ചെയ്യുന്ന ശിവക്ഷേത്രങ്ങൾ “ആധാരസ്ഥലങ്ങൾ“ എന്നറിയപ്പെടുന്നു. അരുണാചലേശ്വര ക്ഷേത്രം മണിപുര ചക്രവുമായി ബന്ധപ്പെട്ട് മണിപൂരകസ്ഥലം എന്നാണ് വിളിക്കപ്പെടുന്നത്.[43] സോളാർ പ്ലെക്സസുമായി ബന്ധപ്പെട്ട ചക്രമാണ് മണിപൂരകം.

ശൈവ സിദ്ധാന്തികളും സാഹിത്യ പരാമർശവും

[തിരുത്തുക]
ക്ഷേത്രദേവതകൾ ഘോഷയാത്രാവേളയിൽ.

ഏഴാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് ശൈവകവിയായിരുന്ന തിരുജ്ഞാനസംബന്ധർ ആദ്യത്തെ തിരുമുറൈ ആയി സമാഹരിച്ച തേവാരത്തിലെ പത്ത് വാക്യങ്ങളിൽ അരുണാചലേശ്വരനെയും ഉണ്ണാമല അമ്മനെയും നമസ്‌ക്കരിക്കുന്നു[51]. സംബന്ധരുടെ സമകാലികനായിരുന്ന അപ്പർ, അഞ്ചാം തിരുമുറൈ ആയി സമാഹരിച്ച തേവാരത്തിലെ 10 വാക്യങ്ങളിലും അരുണാചലേശ്വരനെ നമസ്‌ക്കരിക്കുന്നു[52]. തേവാരങ്ങളിൽ പ്രകീർത്തിക്കപ്പെടുന്നതിനാൽ ഈ ക്ഷേത്രത്തെ ശൈവവിശ്വാസത്തിൽ പരാമർശിക്കുന്ന 276 സ്തുതിക്കപ്പെട്ട സ്ഥലങ്ങളിൽ​ ഉൾപ്പെടുത്തിയിരിക്കുന്നു. [53]

ഒൻപതാം നൂറ്റാണ്ടിലെ തമിഴ് സന്യാസിയും കവിയുമായ മാണിക്കവാചകർ തന്റെ രചനയിൽ അരുണാചലേശ്വരനെ പുകഴ്ത്തുകയും ദേവനെ "അണ്ണാമലൈ" [54] എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. തമിഴ് കലണ്ടർ അനുസരിച്ചുള്ള മാർകഴി മാസത്തിൽ അദ്ദേഹം ക്ഷേത്രത്തിൽവച്ച് തിരുവേമ്പവായ് എന്ന കൃതി രചിച്ചു. [55] ഇരുപത് സ്തുതിഗീതങ്ങളുടെ സമാഹാരമായ തിരുവേമ്പവായിൽ അദ്ദേഹം സ്വയം ഒരു സ്ത്രീയായി സങ്കൽപ്പിച്ചുകൊണ്ട് പാവൈ നോമ്പ് ആചരിച്ചുകൊണ്ട് ശിവനെ സ്തുതിക്കുന്നു. മാർകഴി മാസത്തിൽ തമിഴകത്ത് സ്ത്രീകൾ എടുക്കുന്ന നോമ്പാണ് പാവൈ നോമ്പ്. തിരുവേമ്പവായിലെ ഇരുപത് ഗാനങ്ങളും തിരുപ്പള്ളുന്തുറൈ പ്രഭുവിന്റെ തിരുപ്പള്ളിയെഴുച്ചിയിലെ പത്ത് ഗാനങ്ങളും പുണ്യമാസമായ മാർഗഴിയിൽ തമിഴ്‌നാടിലുടനീളം ആലപിക്കപ്പെടുന്നു (തമിഴ് കലണ്ടറിന്റെ ഒമ്പതാം മാസം, ഡിസംബർ, ജനുവരി). തിരുവണ്ണാമലൈയിൽ ജനിച്ച പതിനഞ്ചാം നൂറ്റാണ്ടിലെ തമിഴ് കവിയായിരുന്നു അരുണഗിരിനാഥർ. അദ്ദേഹത്തിന്റെ സഹോദരി സഹോദരനെ സന്തോഷിപ്പിക്കാൻ എപ്പോഴും താൻ സമ്പാദിച്ചതെല്ലാം അദ്ദേഹത്തിന്ന് നൽകുകയും ചെയ്തിരുന്നു. എന്നാൽ വഴക്കാളിയും സ്ത്രീലമ്പടനുമായാണ് അദ്ദേഹം തന്റെ ആദ്യകാലം ചെലവഴിച്ചത്. ഒടുവിൽ തൻ്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നറിഞ്ഞപ്പോൾ ഗോപുരത്തിൽ നിന്ന് ചാടി ആത്മഹത്യ[56][57] ചെയ്യാൻ അദ്ദേഹം ശ്രമിച്ചുവെങ്കിലും മുരുകന്റെ കൃപയാൽ രക്ഷപ്പെട്ടു.[58] അദ്ദേഹത്തിന് പിടിപെട്ട കുഷ്ഠം, മനപ്പരിവർത്തനത്തിൻ്റേ ഭക്തിയുടെയും ഒരു വഴി തുറന്നുകൊടുക്കുകയും മനുഷ്യരാശിയുടെ പ്രയോജനത്തിനായി ഭക്തിഗാനങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. തുടർന്ന് കടുത്ത ഭക്തനായിത്തീർന്ന അദ്ദേഹം മുരുകനെ മഹത്ത്വപ്പെടുത്തുന്ന അനവധി തമിഴ് ഗാനങ്ങൾ രചിച്ചു. അതിൽ ഏറ്റവും ശ്രദ്ധേയമായത് തിരുപ്പുകഴ്[59] ആണ്.[34][60] തന്നെ ആത്മഹത്യയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയതിന് ശേഷം അരുണഗിരി അണ്ണാമലൈയിൽ വച്ച് തന്റെ ആദ്യഗാനമായ 'മുത്തായ് തരൂ' രചിച്ചു. അരുണഗിരി ദക്ഷിണേന്ത്യയിലുടനീളമുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുകയും 16,000 ഗാനങ്ങൾ രചിക്കുകയും ചെയ്തെങ്കിലും അവയിൽ രണ്ടായിരത്തോളം ഗാനങ്ങൾ മാത്രമേ ഇന്ന് ലഭ്യമായിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഗാനങ്ങൾ പുണ്യത്തിന്റെയും നീതിയുടെയും ജീവിതത്തിലേക്കുള്ള വഴി കാണിക്കുകയും ഒരു പുതിയ ആരാധനാരീതിയായി സംഗീതാരാധനയ്ക്ക് രൂപം നൽകുകയും ചെയ്തു.[61]

ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ രമണമഹർഷിയുടെ (ജീവിതകാലം: എ.ഡി. 1879-1950) കൃതിയിലൂടെ പാശ്ചാത്യ ലോകം തിരുവണ്ണാമലയെക്കുറിച്ച് അറിയാനിടയായി.[62][63] തിരുവണ്ണാമലയിൽ എത്തിയ മഹർഷി അരുണാചലേശ്വര ക്ഷേത്രത്തിൽ പോകുകയും[64] ആദ്യ ഏതാനും ആഴ്ചകൾ അദ്ദേഹം അവിടെയുള്ള ആയിരംകാൽ മണ്ഡപത്തിൽ ചെലവഴിക്കുകയും ചെയ്തു. തുടർന്ന് ക്ഷേത്രത്തിലെ മറ്റ് സ്ഥലങ്ങളിലേക്കും ഒടുവിൽ പാതാള-ലിംഗം നിലവറയിലേക്കും മാറി. അവിടെ, കീടങ്ങളുടെയും മറ്റും കടിയെക്കുറിച്ച് അറിയാനാവാത്ത വിധം ആഴത്തിലുള്ള ഒരു സമാധിയിൽ ലയിച്ച് ദിവസങ്ങളോളം ചെലവഴിച്ചു. പ്രാദേശികസന്യാസിയായ ശേഷാദ്രി സ്വാമികൾ അദ്ദേഹത്തെ ഭൂഗർഭ നിലവറയിൽ കണ്ടെത്തി സംരക്ഷിക്കാൻ ശ്രമിച്ചു.[65] അവിടെ ധ്യാനനിരതനായ രമണമഹർഷിയുടെ ജീവനുള്ള ശരീരം ഉറുമ്പുകൾക്ക് വരെ ഭക്ഷണമായി മാറിക്കൊണ്ടിരുന്നപ്പോൾ ആ ധ്യാനത്തിൽ നിന്ന് അദ്ദേഹത്തിന് പരമമായ അറിവ് ലഭിക്കാനിടയായി.[66] രമണമഹർഷി ധ്യാനിച്ച ഗുഹ അരുണാചല കുന്നുകളുടെ താഴത്തെ ചരിവുകളിലാണുള്ളത്. അതിന്റെ താഴ്‌വരയിൽ അദ്ദേഹത്തിന്റെ ഒരു ആശ്രമവുമുണ്ട് [40][66] മോക്ഷം നേടാനാകുന്ന സ്ഥലം എന്ന അർത്ഥത്തിൽ മുക്തിസ്ഥാനം എന്നും ഈ സ്ഥലത്തെ വിളിക്കുന്നു. ശേഷാദ്രി സ്വാമികൾ, ഗുഗായ് നമശ്ശിവായർ, യോഗി രാംസുരത്കുമാർ തുടങ്ങിയ വിശുദ്ധന്മാർ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.[39]

അവലംബം

[തിരുത്തുക]
  1. Melton, J. Gordon (2014). Faiths Across Time: 5,000 Years of Religious History [4 Volumes]: 5,000 Years of Religious History (in ഇംഗ്ലീഷ്). ABC-CLIO. p. 610. ISBN 9781610690263. Retrieved 26 February 2019.
  2. "Hindu Religious and Endowment Board". Hindu Religious and Endowment Board. 2011. Retrieved 27 December 2012.
  3. "Annamalaiyar Temple rituals". Annamalaiyar Temple. 2011. Retrieved 27 December 2012.
  4. "Understanding some aspects of Hinduism". Colombo, Sri Lanka: Daily News. 24 March 2011. Retrieved 26 July 2015 – via HighBeam. (Subscription required (help)).
  5. Bajwa & Kaur 2008, p. 1069.
  6. Bradnock & Bradnock 2009, pp. 827–828.
  7. Tiruvannamalai - Places of interest 2011.
  8. V. 1974, p. 42.
  9. Hunter 1908, pp. 129–130.
  10. Kingsbury & Phillips 1921, p. 13.
  11. Goodman 2002, pp. 38–39.
  12. Aiyar 1982, pp. 190–191.
  13. History of Tiruvannamalai 2011.
  14. Aiyar 1982, പുറങ്ങൾ. 190–191.
  15. History of Tiruvannamalai 2011.
  16. Southern Circle 1903, p. 5.
  17. Mack 2002, pp. 88–90.
  18. Arunachaleswarar Thirukoil 2012.
  19. Aiyar 1982, pp. 191–203.
  20. Mack 2002, p. 82.
  21. Mack 2002, pp. 88–90.
  22. Mack 2002, p. 81.
  23. 23.0 23.1 Mack 2002, പുറങ്ങൾ. 88–90.
  24. 24.0 24.1 Mack 2002, പുറങ്ങൾ. 71–72.
  25. Tiruvannamalai - About the town 2011.
  26. Hunter 1908, pp. 129–130.
  27. Aiyar 1982, pp. 191–203.
  28. Gaur 2006, p. 126.
  29. HR&CE website.
  30. 30.0 30.1 History of Tiruvannamalai 2011.
  31. Southern Circle 1903, പുറം. 5.
  32. 32.0 32.1 32.2 32.3 Arunachaleswarar Thirukoil 2012.
  33. V. 1995, പുറം. ii.
  34. 34.0 34.1 Aiyar 1982, പുറങ്ങൾ. 191–203.
  35. 35.0 35.1 35.2 V. 1995, പുറം. 31.
  36. 36.0 36.1 36.2 Mack 2002, പുറങ്ങൾ. 72–74.
  37. 37.0 37.1 37.2 Nārāyaṇasvāmi 1992, പുറം. 24.
  38. 38.0 38.1 38.2 Bradnock & Bradnock 2009, പുറങ്ങൾ. 827–828.
  39. 39.0 39.1 Various 2006, പുറം. 79.
  40. 40.0 40.1 Ebert 2006, പുറങ്ങൾ. 35–46.
  41. Elgood 1999, പുറം. 23.
  42. Elgood 1999, പുറം. 48.
  43. 43.0 43.1 Kamalabaskaran 1994.
  44. 44.0 44.1 Arunachalesvara Temple rituals.
  45. The Hindu & 14 December 2005.
  46. V., Shanmuganathan (2014). A Remarkable Political Journey. Prabhat Prakashan. p. 121. ISBN 9788184302578.
  47. Tiruvannamalai temple - Girivalam 2011.
  48. Tiruvannamalai - Places of interest 2011.
  49. Anantharaman 2006, പുറം. 28.
  50. Blavatsky 1892, പുറം. 189.
  51. Tirugnanasambadar 2004, പുറങ്ങൾ. 27–28.
  52. Appar 2004, പുറങ്ങൾ. 8–11.
  53. Muthalam Thirumurai Translation 2012.
  54. Pope 2004, പുറം. 150.
  55. The Hindu & 21 June 2002.
  56. "Excess indulgence will result in pain". The Hindu. India. 14 November 2002. Archived from the original on 2012-07-12. Retrieved 31 October 2011.
  57. Arunagirinathar
  58. V.K. 2007, പുറം. 109.
  59. ഗൂഗിൾ ബുക്സ്
  60. Zvelebil 1975, പുറം. 217.
  61. Arunagirinathar Archived March 24, 2008, at the Wayback Machine.
  62. Singh et al. 2009, പുറം. 418.
  63. Melton 2002.
  64. Osborne 2002, പുറം. 30.
  65. Sri Ramanasramam 1981.
  66. 66.0 66.1 Abram et al. 2011, പുറം. 972.

കുറിപ്പുകൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അണ്ണാമലൈയാർ_ക്ഷേത്രം&oldid=4012549" എന്ന താളിൽനിന്ന് ശേഖരിച്ചത്