Jump to content

അണ്ഡാശയ ഹോർമോണുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അണ്ഡാശയ ഹോർമോണുകൾ

അണ്ഡാശയത്തിൽനിന്ന് സ്രവിക്കുന്ന ഹോർമോണുകളാണ് അണ്ഡാശയ ഹോർമോണുകൾ. അണ്ഡാശയം ഒരു അന്തഃസ്രാവിഗ്രന്ഥി (endocrine gland)[1] ആണെന്ന് എമിൽ നോയർ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി സമർഥിച്ചത് (1896). പക്ഷേ, 26 വർഷങ്ങൾക്കുശേഷം മാത്രമേ അതിൽ നിന്നു ഹോർമോൺ വേർപെടുത്തിയെടുക്കാൻ കഴിഞ്ഞിട്ടുള്ളു. അല്ലൻ, ഡോയിസി എന്നീ ശാസ്ത്രജ്ഞരാണ് അക്കാര്യത്തിൽ വിജയം വരിച്ചവർ. അവർ അതിനെ അടിസ്ഥാനപരമായ ഹോർമോൺ എന്നു വിളിച്ചു. യഥാർഥത്തിൽ അത് ഈസ്ട്രോൺ (Estrone),[2] ഈസ്ട്രിയോൾ (Estriol), ഈസ്ട്രാഡൈയോൾ (Estradiol)[3] എന്നിങ്ങനെ മൂന്നു രാസവസ്തുക്കളുടെ മിശ്രിതമാണെന്നു പിന്നീടു മനസ്സിലായി. ഈസ്ട്രോജനുകൾ (oestrogens)[4] എന്നാണ് ഈ മൂന്നിനും കൂടിയുള്ള പേര്.

അണ്ഡം നീക്കിയതിനുശേഷം അണ്ഡാശയത്തിൽ അവശേഷിക്കുന്ന കോർപസ് ലൂട്ടിയ (പീതപിണ്ഡം)ത്തിന് ഗർഭധാരണം സാധിപ്പിക്കുന്നതിനും ഭ്രൂണം സംരക്ഷിക്കുന്നതിനും കഴിവുണ്ടെന്നു മനസ്സിലായപ്പോൾ അതിനുള്ള കാരണം ഗവേഷണവിഷയമായി. കോർപസ് ലൂട്ടിയത്തിൽ നിന്ന് പ്രത്യേകമായി ഉണ്ടാകുന്ന ഒരു ഹോർമോൺ ആണ് അതിനു കാരണമെന്ന് 1929-ൽ കോർണർ എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചു. ഈ ഹോർമോണിന്റെ പേര് പ്രൊജസ്റ്റിറോൺ (Progesterone)[5] എന്നാണ്.

കോർപസ് ലൂട്ടിയത്തിൽ നിന്ന് പ്രൊജസ്റ്റിറോണിനു പുറമേ റിലാക്സിൻ (Relaxin)[6] എന്ന ഒരു ഹോർമോൺകൂടി ഉണ്ടാകുന്നുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. രാസപരമായി ഇത് ഒരു പോളിപെപ്റ്റൈഡ് ആണ്. തൻമാത്രാഭാരം ഏകദേശം 9000 ആയിരിക്കും. ഗർഭിണികളായ എലികളിലും ഗിനിപന്നികളിലും ആണ് ഈ ഹോർമോൺ ആദ്യം കണ്ടുപിടിക്കപ്പെട്ടത്. ഇത് പ്ലാസന്റയിലും കാണാം. പ്രസവകാലത്ത് മാംസപേശികൾക്ക് അയവുവരുത്തുകയാണ് ഇതിന്റെ ധർമം.

ഈസ്റ്റ്ട്രോജനുകൾ, പ്രൊജസ്റ്റിറോൺ, റിലാക്സിൻ എന്നിവയാണ് അണ്ഡാശയ ഹോർമോണുകൾ.

സംശ്ളേഷിത-ഈസ്ട്രോജനുകൾ. പ്രകൃതിയിലുള്ളവയെക്കാൾ കൂടുതൽ വീര്യമുള്ള ഈസ്ട്രോജനുകൾ സംശ്ലേഷണം ചെയ്തുണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്. ഡൈ ഈതൈൽ സ്റ്റിൽ ബിസ്റ്റിറോൾ ഒരു ഉദാഹരണമാണ്. വായ്‌വഴി കൊടുക്കാമെന്നത് ഇതിന്റെ മറ്റൊരു മേൻമയാണ്. ഇതിന്റെ സംരചനയിൽ വ്യതിയാനങ്ങൾ വരുത്തി ഹെക്സെസ്ട്രോൾ, ബെൻസെസ്ട്രോൾ, ഡൈ ഈൻസ്ട്രോൾ എന്നിങ്ങനെ വേറെയും സംശ്ലേഷിത-ഈസ്ട്രോജനുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

അണ്ഡാശയങ്ങൾ നീക്കിയ എലികളിൽ കുത്തിവച്ചാണ് അണ്ഡാശയ ഹോർമോണുകളുടെ വീര്യം (potency) തിട്ടപ്പെടുത്തുന്നത്.

അവലംബം

[തിരുത്തുക]
  1. "അന്തഃസ്രാവിഗ്രന്ഥി (endocrine gland)". Archived from the original on 2011-04-27. Retrieved 2011-05-07.
  2. "ഈസ്ട്രോൺ (Estrone)". Archived from the original on 2011-06-19. Retrieved 2011-05-07.
  3. "ഈസ്ട്രാഡൈയോൾ (Estradiol)". Archived from the original on 2011-06-19. Retrieved 2011-05-07.
  4. ഈസ്ട്രോജനുകൾ (oestrogens)
  5. "പ്രൊജസ്റ്റിറോൺ (Progesterone)". Archived from the original on 2008-06-18. Retrieved 2011-05-07.
  6. "റിലാക്സിൻ (Relaxin)". Archived from the original on 2012-01-22. Retrieved 2011-05-07.


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അണ്ഡാശയ ഹോർമോണുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അണ്ഡാശയ_ഹോർമോണുകൾ&oldid=3800934" എന്ന താളിൽനിന്ന് ശേഖരിച്ചത്