അഡ്വക്കേറ്റ് ജനറൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ബാർകൌൺസിൽ നിയമമനുസരിച്ച് അഭിഭാഷകരുടെ ഔദ്യോഗികമേധാവിയാണ് അഡ്വക്കേറ്റ് ജനറൽ. ഇന്ത്യൻ ഭരണഘടന 165-ആം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറൽ ഉണ്ട്. ഈ ഉദ്യോഗസ്ഥനെ അതതു സംസ്ഥാനത്തെ ഗവർണറാണ് നിയമിക്കുന്നത്. സംസ്ഥാന ഹൈക്കോടതികളിൽ ജഡ്ജിമാരായി നിയമിക്കപ്പെടുവാൻ യോഗ്യതയുള്ളവർക്കു മാത്രമേ അഡ്വക്കേറ്റ് ജനറലാകാൻ അർഹതയുള്ളൂ. ഓരോ സംസ്ഥാനത്തിലെയും ഗവർണറുടെ നിയമോപദേഷ്ടാവാണ് അഡ്വക്കേറ്റ് ജനറൽ. ഗവർണർ നിശ്ചയിക്കുന്ന ശമ്പളത്തിൽ, അദ്ദേഹത്തിന് വിശ്വാസമുള്ളിടത്തോളം കാലം, ഒരാൾക്ക് ഈ ഉദ്യോഗം വഹിക്കാവുന്നതാണ്. ഗവർണറുടെ വിശ്വാസമെന്നു പറയുന്നത് അതതുകാലത്ത് അധികാരത്തിൽ വരുന്ന ഗവൺമെന്റിന്റെ വിശ്വാസമാണ്.

അതതു സംസ്ഥാനനിയമസഭയിൽ ഹാജരാകുന്നതിനും ആവശ്യാനുസരണം പ്രത്യേക നിയമകാര്യങ്ങളെ സംബന്ധിച്ച് സഭയെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിന് അധികാരമുണ്ട്. എന്നാൽ നിയമസഭയിൽ ഇദ്ദേഹത്തിന് വോട്ടവകാശമുണ്ടായിരിക്കുന്നതല്ല.

ഇതേ സ്വഭാവത്തോടുകൂടി യൂണിയൻ ഗവൺമെന്റിനെ ഉപദേശിക്കുന്നതിനും മറ്റുമായി കേന്ദ്രത്തിൽ അറ്റോർണി ജനറൽ ഒഫ് ഇന്ത്യ എന്ന പേരിൽ ഒരു ഉദ്യോഗസ്ഥൻ ഉണ്ട്.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡ്വക്കേറ്റ് ജനറൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡ്വക്കേറ്റ്_ജനറൽ&oldid=3660885" എന്ന താളിൽനിന്ന് ശേഖരിച്ചത്