Jump to content

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ജിവനക്കാരുടെ സേവന സംബന്ധമായ തർക്കങ്ങളും പരാതികളും പരിഹരിക്കാനായി വിഭാവനം ചെയ്തിട്ടുള്ള സംവിധാനമാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ. ഭരണനിർവ്വഹണ നിയമത്തിലെ (Administrative Law) പ്രധാന ഘടകങ്ങളിലൊന്നാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ. ഇന്ത്യൻ ഭരണഘടനയുടെ 323 (എ) അനുഛേദപ്രക്രാരം ഗവൺമെന്റിന് പൊതുസേവന സംവിധാനത്തിലെ നിയമനങ്ങളും സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമനിർമ്മാണം നടത്തുവാനുള്ള അധികാരമുപയോഗിച്ച് ഇന്ത്യാഗവൺമെന്റ് 1985 -ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമം നടപ്പാക്കി. ഇതിന്റെ ഭാഗമായി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ സ്ഥാപിക്കപ്പെട്ടു. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ രൂപീകരിച്ചുവരുന്നു. കേരള സംസ്ഥാനത്തെ ജിവനക്കാരുടെ പരാതികൾക്ക് വിധികൽപ്പിക്കുന്നതിനായുള്ള സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2010 ആഗസ്റ്റ് 26ന് ഗസറ്റ് വിജ്ഞാപന പ്രകാരം നിലവിൽ വന്നു. സർക്കാർ ജിവനക്കാരുടെ നിയമനം, സേവനവ്യവസ്ഥകൾ, സ്ഥാനകയറ്റം, സ്ഥലംമാറ്റം, ശിക്ഷാനടപടികൾ തുടങ്ങിയവ സംബന്ധിച്ച പരാതികൾ സംബന്ധിച്ച് വേഗത്തിൽ പരിഹാരം കാണുകയാണ് ഇത്തരം ട്രൈബ്യൂണലുകളുടെ ഉദ്ദേശം.[1]

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

[തിരുത്തുക]

ഇന്ത്യാഗവൺമെന്റിന് കീഴിലുള്ള ഉദ്യോഗ്സ്ഥന്മാരുടെ നിയമനം, സേവനവ്യവസ്ഥകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനായി 1985 -ലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊടുത്തതാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (Central Administrative Tribunal - CAT). ഡൽഹി ആസ്ഥാനമായ പ്രധാന ബഞ്ചും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായുള്ള 16 സ്ഥിരം ബഞ്ചുകളും വിവധ പ്രദേശങ്ങൾക്കിടയിൽ സഞ്ചരിച്ച് കേസുകൾ പരിഗണിക്കുന്ന 4 സർക്യൂട്ട് ബഞ്ചുകളുമാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനുള്ളത്. ട്രൈബ്യൂണൽ നിലവിൽ വരുന്നതിന് മുമ്പ് വിവിധ ഹൈക്കോടതികളിലായിരുന്നു സേവനവ്യവസ്ഥ സംബന്ധമായ പരാതികൾ പരിഗണിച്ചിരുന്നത്. ഇത് കേസുകൾ തീർപ്പാകുന്നതിന് വലിയ കാലതാമസം വരുത്തിയിതിനെ തുടർന്നാണ് ട്രൈബ്യൂണൽ നിയമവും ട്രൈബ്യൂണലുകളും സൃഷ്ടിക്കപ്പെട്ടത്. കേരളത്തിൽ കൊച്ചി ആസ്ഥാനമായി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ബഞ്ച് പ്രവർത്തിക്കുന്നു.

സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

[തിരുത്തുക]

സംസ്ഥാന സർക്കാർ വിജ്ഞാപനപ്രകാരം തിരുവന്തപുരം ആസ്ഥാനമാക്കി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2010 ആഗസ്റ്റ് 25 ന് നിലവിൽ വന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരാണ് അതിന്റെ ആദ്യചെയർമാനായി നിയമിക്കപ്പെട്ടത്. ഇതിന്റെ ഒരു ബഞ്ച് എറണാകുളത്തും പ്രവർത്തിക്കും. ട്രൈബ്യൂണലിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചുവരുന്നു. സംസ്ഥാന ജീവനക്കാരുടെ നിയമനം, സേവനവ്യവസ്ഥകൾ, സ്ഥാനകയറ്റം, സ്ഥലംമാറ്റം, ശിക്ഷാനടപടികൾ തുടങ്ങിയവ സംബന്ധിച്ച പരാതികൾ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുൻപാകെ ബോധിപ്പിക്കാവുന്നതാണ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-27. Retrieved 2011-06-13.